---
title: "കുടമണി കിലുക്കി ഓണപ്പൊട്ടനെത്തി; ഐശ്വര്യത്തിന്റെ സന്ദേശവുമായി നാട്ടുവഴികളില്‍ തെയ്യക്കോലം"
english_title: "Onapottan Visits Homes in Perambra Onam Tradition Kudamani Folk Art"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379997/perambra-onapottan-visits-kudamani-onam-tradition"
published_at: "2026-08-25T23:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ddd2ce963d_onm.JPG"
keywords: ["Onapottan", "Perambra", "Onam Tradition", "Kudamani", "Folk Art", "Kerala Onam"]
---

# കുടമണി കിലുക്കി ഓണപ്പൊട്ടനെത്തി; ഐശ്വര്യത്തിന്റെ സന്ദേശവുമായി നാട്ടുവഴികളില്‍ തെയ്യക്കോലം

> **Lead Summary:** **പേരാമ്പ്ര: **ഉത്രാടം നാളില്‍ ജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് ഓണപ്പൊട്ടന്‍ നാടുകാണാനെത്തി. ഓണേശ്വരന്‍ കയറിയ വീട്ടില്‍ ഐശ്വര്യം വരുമെന്നാണ് പഴമക്കാരുടെ വിശ്വാസം. അതുകൊണ്ട് തന്നെ കുടമണിയുടെ കിലുക്കം കേട്ടാല്‍ വീട്ടുകാര്‍ ഭക്തിയോടെ നിലവിളക്ക് കൊളുത്തി നിറനാഴിയൊരുക്കി ഓണപ്പൊട്ടനെ വരവേല്‍ക്കും.

## Article Content

**പേരാമ്പ്ര: **ഉത്രാടം നാളില്‍ ജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് ഓണപ്പൊട്ടന്‍ നാടുകാണാനെത്തി. ഓണേശ്വരന്‍ കയറിയ വീട്ടില്‍ ഐശ്വര്യം വരുമെന്നാണ് പഴമക്കാരുടെ വിശ്വാസം. അതുകൊണ്ട് തന്നെ കുടമണിയുടെ കിലുക്കം കേട്ടാല്‍ വീട്ടുകാര്‍ ഭക്തിയോടെ നിലവിളക്ക് കൊളുത്തി നിറനാഴിയൊരുക്കി ഓണപ്പൊട്ടനെ വരവേല്‍ക്കും.

മുഖത്ത് ചായം പൂശി, ചുവന്ന പട്ടുടുത്ത്, തലയില്‍ തെച്ചിപ്പൂ ചൂടിയ കിരീടവും കുരുത്തോല കുടയും കയ്യില്‍ കുടമണിയുമായാണ് ഓണപ്പൊട്ടന്‍ എത്തുന്നത്. ഓണത്തോടനുബന്ധിച്ച് കെട്ടിയാടുന്ന ഒരു തെയ്യരൂപമാണിത്. വേഷം കെട്ടിയാല്‍ പിന്നെ ഓണപ്പൊട്ടന്‍ ഒന്നും മിണ്ടില്ല. കയ്യിലുള്ള ഓട്ടുമണി കിലുക്കിയാണ് വരവറിയിക്കുക.

ഒരിക്കലും കാല്‍ നിലത്ത് ഉറപ്പിക്കാതെ പ്രത്യേക താളം ചവിട്ടി ഓടിയാണ് ഓണപ്പൊട്ടന്റെ സഞ്ചാരം. ഉത്രാടം നാളിലും തിരുവോണ നാളിലും വീടുകള്‍ തോറും കയറിയിറങ്ങി അനുഗ്രഹം നല്‍കും. അരിയും പണവുമാണ് ഓണപ്പൊട്ടന് ദക്ഷിണയായി നല്‍കുന്നത്. ഒരു ഓണപ്പൊട്ടന്‍ കയറിയ വീട്ടില്‍ മറ്റൊരു ഓണപ്പൊട്ടന്‍ കയറാറില്ല, ദേശം തിരിച്ചാണ് വീടുകള്‍ കയറുന്നത്.

മലയ സമുദായത്തില്‍പ്പെട്ടവരാണ് പരമ്പരാഗതമായി ഓണപ്പൊട്ടന്‍ വേഷം കെട്ടുന്നത്. ഉത്രാടത്തിനും തിരുവോണത്തിനും കുടമണി കിലുക്കവുമായി നാട്ടിടവഴിയിലൂടെ പ്രജകളെ കാണാനെത്തുന്ന ഓണപ്പൊട്ടന്റെ കാഴ്ച ഏവര്‍ക്കും നയന മനോഹരമാണ്. ഇത്തവണ പേരാമ്പ്ര കൈതക്കല്‍ പുറ്റാട് ഭാഗത്ത് വീടുകള്‍ കയറാന്‍ എത്തിയത് വാളൂര്‍ ചുള്ളിക്കണ്ടി സത്യന്‍ പണിക്കരാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379997/perambra-onapottan-visits-kudamani-onam-tradition)