---
title: "പേരാമ്പ്രയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി"
english_title: "Sree Narayana Guru Jayanthi Celebration Procession Held at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380315/sree-narayana-guru-jayanthi-perambra-procession"
published_at: "2026-08-29T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a928264da7e6_LAILA_1.JPG"
keywords: ["Sree Narayana Guru", "Perambra", "SNDP Yogam", "Jayanthi Celebration"]
---

# പേരാമ്പ്രയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി

> **Lead Summary:** **പേരാമ്പ്ര:** എസ്എന്‍ഡിപി യോഗം പേരാമ്പ്ര യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി സംഘടിപ്പിച്ചു. ജയന്തിയുടെ ഭാഗമായി രാവിലെ പേരാമ്പ്രയിലെ യൂണിയന്‍ ഓഫീസില്‍ കരുണന്‍ കാവുന്തറയുടെ കാര്‍മികത്വത്തില്‍ ഗുരുപൂജ നടന്നു.

## Article Content

**പേരാമ്പ്ര:** എസ്എന്‍ഡിപി യോഗം പേരാമ്പ്ര യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി സംഘടിപ്പിച്ചു. ജയന്തിയുടെ ഭാഗമായി രാവിലെ പേരാമ്പ്രയിലെ യൂണിയന്‍ ഓഫീസില്‍ കരുണന്‍ കാവുന്തറയുടെ കാര്‍മികത്വത്തില്‍ ഗുരുപൂജ നടന്നു.

വൈകിട്ട് പട്ടണത്തില്‍ ഭക്തിസാന്ദ്രമായ ഘോഷയാത്രയും സംഘടിപ്പിച്ചു. പേരാമ്പ്ര ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര എളമാരന്‍കുളങ്ങര ക്ഷേത്ര പരിസരത്ത് സമാപിച്ചു. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗീതങ്ങള്‍ ആലപിച്ചുകൊണ്ടായിരുന്നു ഘോഷയാത്ര.

സ്ത്രീകളടക്കമുള്ളവരുടെ സജീവ പങ്കാളിത്തം ഘോഷയാത്രയെ ഏറെ ശ്രദ്ധേയമാക്കി. ഗുരുദേവന്റെ സാമൂഹിക നവോത്ഥാന സന്ദേശങ്ങളും സമത്വത്തിന്റെയും സഹോദര്യത്തിന്റെയും ആശയങ്ങളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. 

'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുദേവ സന്ദേശവും സംഘടനയുടെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന ആശയങ്ങളും പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയന്തി ആഘോഷം സംഘടിപ്പിച്ചത്. 

ഘോഷയാത്രയുടെ സമാപനത്തിന് ശേഷം എളമാരന്‍കുളങ്ങര ക്ഷേത്രനടയില്‍ പങ്കെടുത്തവര്‍ക്കായി പായസ വിതരണവും നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ ദാസന്‍ പറമ്പത്ത്, സ്വാഗതസംഘം ചെയര്‍മാന്‍ പ്രസൂണ്‍ കല്ലോട്, കണ്‍വീനര്‍ വി.വി. മോഹനന്‍, ജനറല്‍ കണ്‍വീനര്‍ ബാബു കാരയാട്, വി.പി. കുഞ്ഞിക്കണ്ണന്‍, ശശി കാരയാട്, ഇ.ടി. രഘു, സി.കെ. ചന്ദ്രന്‍ കൂത്താളി, ശ്രീജ പിള്ള പെരുവണ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380315/sree-narayana-guru-jayanthi-perambra-procession)