---
title: "'റീ ഇമാജിനിങ് കേരളം': മന്ത്രിസഭയുടെ നേതൃത്വ ശില്പശാലക്ക് ഐ.ഐ.എം കോഴിക്കോട് തുടക്കം"
english_title: "Reimagining Keralam Leadership Workshop for Kerala Cabinet Begins at IIM Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381197/reimagining-keralam-leadership-workshop-iim-kozhikode-cabinet"
published_at: "2026-09-05T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ba19468720_vd.JPG"
keywords: ["IIM Kozhikode", "Kerala Cabinet Workshop", "Reimagining Keralam", "VD Satheesan"]
---

# 'റീ ഇമാജിനിങ് കേരളം': മന്ത്രിസഭയുടെ നേതൃത്വ ശില്പശാലക്ക് ഐ.ഐ.എം കോഴിക്കോട് തുടക്കം

> **Lead Summary:** കോഴിക്കോട്: സംസ്ഥാന മന്ത്രിസഭാ അംഗങ്ങള്‍ക്കായി കോഴിക്കോട് ഐ.ഐ.എം ക്യാമ്പസില്‍ സംഘടിപ്പിച്ച 'റീ ഇമാജിനിങ് കേരളം' എന്ന ദ്വിദിന നേതൃത്വ ശില്പശാലക്ക് തുടക്കമായി. കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ദിശകളും സാധ്യതകളും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് തന്ത്രപ്രധാനമായ ഈ നേതൃത്വ സംഗമം സംഘടിപ്പിക്കുന്നത്.

## Article Content

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭാ അംഗങ്ങള്‍ക്കായി കോഴിക്കോട് ഐ.ഐ.എം ക്യാമ്പസില്‍ സംഘടിപ്പിച്ച 'റീ ഇമാജിനിങ് കേരളം' എന്ന ദ്വിദിന നേതൃത്വ ശില്പശാലക്ക് തുടക്കമായി. കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ദിശകളും സാധ്യതകളും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് തന്ത്രപ്രധാനമായ ഈ നേതൃത്വ സംഗമം സംഘടിപ്പിക്കുന്നത്.

ഐ.ഐ.എം കോഴിക്കോട് സംഘടിപ്പിക്കുന്ന ശില്പശാല മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ആദ്യദിന സെഷനുകളില്‍ പങ്കെടുത്തു. ഐ.ഐ.എം കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി അവതരിപ്പിച്ച 'നിര്‍മിതബുദ്ധിയുടെ കാലത്തെ പരിവര്‍ത്തനാത്മക നേതൃത്വം' എന്ന വിഷയത്തോടെയാണ് ആദ്യദിന ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

ഐ.ഐ.എം ഡീന്‍ പ്രൊഫ. ആനന്ദക്കുട്ടന്‍ ഉണ്ണിത്താന്‍ സെഷന്‍ ഏകോപിപ്പിച്ചു. നിര്‍മിതബുദ്ധിയും ഭരണനിര്‍വഹണവും, ആരോഗ്യരംഗവും ക്ഷേമവും, കാലാവസ്ഥാ പ്രതിരോധശേഷിയും ദുരന്തനിവാരണവും, വയോജന വര്‍ധനയും സാമ്പത്തിക സാധ്യതകളും തുടങ്ങിയ വിഷയങ്ങള്‍ ആദ്യദിനത്തില്‍ ചര്‍ച്ച ചെയ്തു.

'കേരളത്തെ ആരോഗ്യ-ക്ഷേമ കേന്ദ്രമായി ഉയര്‍ത്തുക' എന്ന സെഷനില്‍ ഡോ. അരവിന്ദ് ശ്രീനിവാസന്‍ നേതൃത്വം നല്‍കി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില്‍ ജപ്പാന്‍ മാതൃകകള്‍ സംബന്ധിച്ച് പ്രൊഫ. ഡോ. രാജീബ് ഷാ, പ്രൊഫ. അനുപം ദാസ് എന്നിവര്‍ ക്ലാസെടുത്തു.

നയങ്ങളില്‍ നിന്ന് പെരുമാറ്റത്തിലേക്ക് എന്ന വിഷയത്തില്‍ ഡോ. സഞ്ജയന്‍ ബാനര്‍ജി, പ്രൊഫ. സിദ്ധാര്‍ത്ഥ് പാധി എന്നിവരും സെഷന്‍ നയിച്ചു. അഞ്ച് മണിക്കൂറിലേറെ നീണ്ട സെഷനുകളില്‍ മന്ത്രിമാര്‍ സജീവമായി പങ്കെടുത്തു. രണ്ടാം ദിനമായ ഇന്ന് സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തല്‍, തൊഴില്‍, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആഗോളതലത്തില്‍ കേരളത്തിന്റെ സ്ഥാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സമാപന ചടങ്ങില്‍ മന്ത്രിമാര്‍ക്ക് ഐ.ഐ.എം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381197/reimagining-keralam-leadership-workshop-iim-kozhikode-cabinet)