---
title: " നൊച്ചാട് നോര്‍ത്ത് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം കൈതക്കലില്‍; ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു"
english_title: " DYFI All India Joint Secretary Jaick C Thomas Inaugurates Nochad North Communist Family Meet at Kaithakkal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381460/nochad-north-communist-family-meet-kaithakkal-jaick-c-thomas-inauguration"
published_at: "2026-09-07T11:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e50f3c3a65_hyui.jpg"
keywords: ["Nochad North", "Communist Family Meet", "Kaithakkal", "DYFI"]
---

#  നൊച്ചാട് നോര്‍ത്ത് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം കൈതക്കലില്‍; ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് നോര്‍ത്ത് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം കൈതക്കലില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് നോര്‍ത്ത് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം കൈതക്കലില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ സെക്രട്ടറി വി.എം മനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ പി.പി. രാധാകൃഷ്ണന്‍, അമര്‍ഷാഹി എന്നിവര്‍ സംസാരിച്ചു. കൈതക്കല്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച കുടുംബ സംഗമം പാര്‍ട്ടിയുടെ ചരിത്രത്തെയും പോരാട്ട പാരമ്പര്യത്തെയും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

അടിയന്തരാവസ്ഥക്കാലത്തും അതിന് മുമ്പും സംഘടനാ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചവരെയും വിവിധ പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്തവരെയും ജയില്‍വാസം അനുഷ്ഠിച്ച മുതിര്‍ന്ന സഖാക്കളെയും ചടങ്ങില്‍ ആദരിച്ചു.

ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രസ്ഥാനത്തെ കരുത്തോടെ മുന്നോട്ട് നയിക്കുന്നതിനും മുതിര്‍ന്ന സഖാക്കള്‍ നല്‍കിയ സംഭാവനകള്‍ ചടങ്ങില്‍ എടുത്തുപറഞ്ഞു.

കുടുംബ സംഗമം പുതുതലമുറയ്ക്ക് പ്രചോദനവും മുതിര്‍ന്നവര്‍ക്ക് ആദരവും നല്‍കുന്നതായി സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സംഘാടക സമിതി കണ്‍വീനര്‍ എം.എം ജിജേഷ് സ്വാഗതം പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ പി.എം മനോജ് നന്ദി രേഖപ്പെടുത്തി. കുടുംബ സംഗമത്തിന് ശേഷം അടിയന്തരാവസ്ഥ കാലത്തെ കിരാത വാഴ്ചയുടെ ദൃശ്യാവിഷ്‌കാരമായ 'മിസ' നാടകവും അരങ്ങേറി. അടിയന്തരാവസ്ഥയുടെ ഭീകരതയും ജനാധിപത്യത്തിന് മേലുള്ള കടന്നാക്രമണവും പ്രമേയമാക്കിയ നാടകം കാണികള്‍ക്ക് വ്യത്യസ്ത അനുഭവമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381460/nochad-north-communist-family-meet-kaithakkal-jaick-c-thomas-inauguration)