---
title: "പേരാമ്പ്രയിലെ ഹോട്ടലുകളില്‍ അമിത വില; പരാതിയില്‍ പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു"
english_title: "Perambra Hotels Overpricing Complaint Meeting Held at Panchayat Hall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381645/perambra-hotels-overpricing-complaint-meeting-panchayat-hall"
published_at: "2026-09-08T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9faa9d8c063_rytp.jpg"
keywords: ["Perambra News", "Hotel Price Complaint", "Koyilandy Taluk", "Panchayat Meeting"]
---

# പേരാമ്പ്രയിലെ ഹോട്ടലുകളില്‍ അമിത വില; പരാതിയില്‍ പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു

> **Lead Summary:** പേരാമ്പ്ര: കൊയിലാണ്ടി താലൂക്ക് വികസന സമിതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദിന്റെ അധ്യക്ഷതയില്‍ യോഗം വിളിച്ചു ചേര്‍ത്തു.

## Article Content

പേരാമ്പ്ര: കൊയിലാണ്ടി താലൂക്ക് വികസന സമിതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദിന്റെ അധ്യക്ഷതയില്‍ യോഗം വിളിച്ചു ചേര്‍ത്തു.

പേരാമ്പ്ര ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, കൂള്‍ ബാറുകള്‍ എന്നിവിടങ്ങളില്‍ ഈടാക്കുന്ന വില സാധാരണക്കാരായ പേരാമ്പ്രക്കാരന് താങ്ങാവുന്നതിലും അപ്പുറമാണെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് ഗ്രാമ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ത്തത്.

ഒരേ ഭക്ഷണ സാധനത്തിന് പല വില ഈടാക്കുന്നതിനെതിരെയാണ് പ്രധാനമായി പരാതി ഉയര്‍ന്നിട്ടുള്ളത്. വ്യാപാരികളെ ഉള്‍പ്പെടുത്തിയാണ് യോഗം വിളിച്ചുചേര്‍ത്തത്.

പഞ്ചായത്ത് അറിയിച്ചതനുസരിച്ച് ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍, ഡോ: വിജി വില്‍സണ്‍, താലൂക്ക് ഹോസ്പിറ്റലിലെ എച്ച്.ഐ സന്തോഷ് കുമാര്‍, പഞ്ചായത്തിലെ എച്ച്.ഐ ഷൈജു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സമിതിയിലെയും വ്യാപാരി വ്യവസായി ഏകോപന സമിതിയിലെയും പ്രതിനിധികള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് സംഘടനാ പ്രതിനിധികള്‍, പഞ്ചായത്ത് അംഗങ്ങള്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കണമെന്ന് പൊതു ആവശ്യമുയര്‍ന്നു. അതേ സമയം ഉയര്‍ന്ന ഇന്ധന വിലയും ചെലവുകളും ഭക്ഷണ ശാലകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് വിലകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായതെന്ന് വ്യാപാരി-ഹോട്ടല്‍ ആന്‍ഡ് സ്റ്റോറന്റ് പ്രതിനിധികള്‍ വിശദീകരിച്ചു.

യോഗത്തില്‍ ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക തയ്യാറാക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ്  അറിയിച്ചു. കൂടാതെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്  ഉടമകള്‍ പ്രത്യേക യോഗം ചേര്‍ന്ന് അവരുടെ തീരുമാനം അറിയിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.

അതിനുശേഷം മറ്റൊരു മീറ്റിങ്ങിലൂടെ അന്തിമ തീരുമാനമെടുക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ്  അറിയിച്ചത്. കൊയിലാണ്ടി താലൂക്ക് വികസന സമിതിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381645/perambra-hotels-overpricing-complaint-meeting-panchayat-hall)