---
title: "ചെറുവണ്ണൂർ ഓട്ടുവയലിൽ പന്നിശല്യം രൂക്ഷം; കാർഷിക വിളകൾ നശിപ്പിക്കുന്നു"
english_title: " Wild Boar Menace Severe In Cheruvannur Ottuvayal Crops Destroyed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382316/cheruvannur-ottuvayal-wild-boar-menace-crops-destroyed"
published_at: "2026-09-12T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa512aade04b_lalallal.JPG"
keywords: ["Cheruvannur", "Ottuvayal", "Wild Boar Attack", "Crops Destroyed"]
---

# ചെറുവണ്ണൂർ ഓട്ടുവയലിൽ പന്നിശല്യം രൂക്ഷം; കാർഷിക വിളകൾ നശിപ്പിക്കുന്നു

> **Lead Summary:** **ചെറുവണ്ണൂര്‍: ****ചെറുവണ്ണൂര്‍** ഓട്ടുവയല്‍ പ്രദേശത്ത് പന്നിശല്യം വീണ്ടും രൂക്ഷമായി.ഓട്ടുവയലിനടുത്ത് കറുത്തന്റവിട നാരായണന്‍, ടി.എം ബാലന്‍ തുടങ്ങിയവരുടെ വീട്ടുപറമ്പിലുള്ള ചേന, ഇഞ്ചി, വാഴ, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിളകളാണ് പന്നികള്‍ നശിപ്പിച്ചത്.

## Article Content

**ചെറുവണ്ണൂര്‍: ****ചെറുവണ്ണൂര്‍** ഓട്ടുവയല്‍ പ്രദേശത്ത് പന്നിശല്യം വീണ്ടും രൂക്ഷമായി.ഓട്ടുവയലിനടുത്ത് കറുത്തന്റവിട നാരായണന്‍, ടി.എം ബാലന്‍ തുടങ്ങിയവരുടെ വീട്ടുപറമ്പിലുള്ള ചേന, ഇഞ്ചി, വാഴ, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിളകളാണ് പന്നികള്‍ നശിപ്പിച്ചത്.

വളങ്ങളുടെയും മറ്റും വിലവര്‍ധനവിനാല്‍ പൊറുതിമുട്ടുന്ന കര്‍ഷകര്‍ വലിയ വില കൊടുത്ത് വാങ്ങി തെങ്ങിലും മറ്റും ഇട്ട വളം മുഴുവനായും പന്നികള്‍ കിളച്ച് നശിപ്പിച്ചതായും കര്‍ഷകര്‍ പറഞ്ഞു.

ഈ ആക്രമണം മൂലം രാത്രി പുറത്തിറങ്ങാന്‍ പോലും ആളുകള്‍ ഭയപ്പെടുന്ന അവസ്ഥയാണ്.  കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലക്കുറവും ഭാരിച്ച ചെലവും കാരണം പറമ്പുകളില്‍ കിള നടക്കാത്തതിനാല്‍ ഒട്ടുമിക്ക പറമ്പുകളും കാടുപിടിച്ചു കിടക്കുകയാണ്.

ഇതുമൂലം ഇവ പന്നികളുടെ ആവാസ കേന്ദ്രമായി മാറുകയാണെന്നും നാട്ടുകാര്‍ പറയുന്നു. പന്നിശല്യത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ കാര്‍ഷിക രംഗത്തു നിന്ന് മാറിനില്‍ക്കേണ്ട അവസ്ഥ ഉണ്ടാകുമെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ കാടുപിടിച്ചു കിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കാന്‍ പോലും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പന്നിശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശത്തെ കര്‍ഷകരുടെ ആവശ്യം.

കൃഷി നശിപ്പിക്കുന്നത് തുടര്‍ന്നാല്‍ ജീവനോപാധി തന്നെ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് ഓട്ടുവയല്‍ പ്രദേശത്തെ കര്‍ഷകര്‍.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382316/cheruvannur-ottuvayal-wild-boar-menace-crops-destroyed)