---
title: "ചേനോളി കീഴല്‍ ഉന്നതിയില്‍ ആറ് മാസമായി കുടിവെള്ളമില്ല; പരിഹാരം വേണമെന്ന് ആവശ്യം"
english_title: "Chenoli Keezhal Unnathi Drinking Water Crisis Six Months Residents Protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382330/chenoli-keezhal-unnathi-drinking-water-crisis-six-months"
published_at: "2026-09-12T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa52a4b9f3b2_tyu.JPG"
keywords: ["Keezhal Unnathi", "Drinking Water Crisis", "Nochad Panchayat"]
---

# ചേനോളി കീഴല്‍ ഉന്നതിയില്‍ ആറ് മാസമായി കുടിവെള്ളമില്ല; പരിഹാരം വേണമെന്ന് ആവശ്യം

> **Lead Summary:** ചേനോളി: ചേനോളിയിലെ കീഴല്‍ ഉന്നതിയില്‍ കഴിഞ്ഞ ആറ് മാസമായി കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. കീഴല്‍ കോളനിക്കായുള്ള ജലനിധി കുടിവെള്ള പദ്ധതിയില്‍ 18 ഓളം കുടുംബങ്ങളാണ് ഗുണഭോക്താക്കളായി ഉള്ളത്. ഇതില്‍ നാലോളം കുടുംബങ്ങള്‍ കുടിവെള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഇവിടെ നിന്ന് മാറി താമസിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

## Article Content

ചേനോളി: ചേനോളിയിലെ കീഴല്‍ ഉന്നതിയില്‍ കഴിഞ്ഞ ആറ് മാസമായി കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. കീഴല്‍ കോളനിക്കായുള്ള ജലനിധി കുടിവെള്ള പദ്ധതിയില്‍ 18 ഓളം കുടുംബങ്ങളാണ് ഗുണഭോക്താക്കളായി ഉള്ളത്. ഇതില്‍ നാലോളം കുടുംബങ്ങള്‍ കുടിവെള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഇവിടെ നിന്ന് മാറി താമസിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

നൊച്ചാട് പഞ്ചായത്ത് ആറാം വാര്‍ഡിലെ കീഴല്‍ ഉന്നതിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന് ചേനോളിയിലെ പ്രിയദര്‍ശിനി കൂട്ടായ്മ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍ വി.പി. പ്രസാദ് അധ്യക്ഷത വഹിച്ചു. എ. ഗോവിന്ദന്‍, റഫീഖ് കല്ലോത്ത്, രാമചന്ദ്രന്‍ ആയടത്തില്‍, എം. കുഞ്ഞമ്മദ്, ഗിരീഷ് കാര്‍ത്ത്യാട്ട് എന്നിവര്‍ സംസാരിച്ചു.

ജലനിധി പ്രകാരമുള്ള കിണറിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചെങ്കിലും കുടിവെള്ളം എത്തിക്കാന്‍ പകരം സംവിധാനം പഞ്ചായത്ത് ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. 18 ഓളം കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള പ്രശ്‌നം പരിഹരിക്കാത്ത പക്ഷം ജനകീയ സമിതി രൂപീകരിച്ച് പഞ്ചായത്തിനെതിരെ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചേനോളി കീഴല്‍ ഉന്നതിയിലെ കുടിവെള്ള പ്രശ്‌നത്തെ തുടര്‍ന്ന് വാര്‍ഡിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചതായും പ്രവര്‍ത്തകര്‍ അറിയിച്ചു. കോളനിയിലെ പൊതു കിണറില്‍ മോട്ടോര്‍ സ്ഥാപിക്കാനോ, വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കാനോ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്ന് ഗുണഭോക്താക്കള്‍ പറഞ്ഞതായാണ് പ്രവര്‍ത്തകരുടെ നിലപാട്. രഞ്ജിത്ത് തുമ്പക്കണ്ടി, അബ്ദുള്‍ സലാം മാണിക്കോത്ത്, മനാഫ് കീഴല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382330/chenoli-keezhal-unnathi-drinking-water-crisis-six-months)