---
title: "കറന്റില്ല, കച്ചവടവുമില്ല; പേരാമ്പ്രയില്‍ പന്തം കൊളുത്തി വ്യാപാരികളുടെ പ്രതിഷേധം"
english_title: "Perambra Traders Protest With Torch Against Power Outage KSEB March"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382643/perambra-traders-torch-protest-kseb-power-cut"
published_at: "2026-09-14T23:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa83c303f0ef_tyur.JPG"
keywords: ["Perambra News", "Traders Protest", "KSEB", "Power Cut"]
---

# കറന്റില്ല, കച്ചവടവുമില്ല; പേരാമ്പ്രയില്‍ പന്തം കൊളുത്തി വ്യാപാരികളുടെ പ്രതിഷേധം

> **Lead Summary:** പേരാമ്പ്ര: വൈദ്യുതി മുടക്കം പതിവായതോടെ വ്യാപാരമേഖല ഇരുട്ടിലായെന്നാരോപിച്ച് പേരാമ്പ്രയില്‍ വ്യാപാരികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടണത്തില്‍ പ്രകടനം നടത്തി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ പന്തം കൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി.

## Article Content

പേരാമ്പ്ര: വൈദ്യുതി മുടക്കം പതിവായതോടെ വ്യാപാരമേഖല ഇരുട്ടിലായെന്നാരോപിച്ച് പേരാമ്പ്രയില്‍ വ്യാപാരികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടണത്തില്‍ പ്രകടനം നടത്തി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ പന്തം കൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി.

വൈദ്യുതി ലഭിക്കാത്തത് വ്യാപാരികളെയും ചെറുകിട വ്യവസായികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. വലിയ തുക വാടക നല്‍കിയും ജി.എസ്.ടി. ഉള്‍പ്പെടെയുള്ള നികുതികള്‍ അടച്ചുമാണ് വ്യാപാരികള്‍ സ്ഥാപനങ്ങള്‍ നടത്തുന്നത്. എന്നാല്‍ വൈദ്യുതി മുടക്കം തുടര്‍ച്ചയായതോടെ കച്ചവടം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

കറന്റില്ലെങ്കില്‍ കച്ചവടമില്ല; കച്ചവടമില്ലെങ്കില്‍ കുടുംബങ്ങളുടെ ഉപജീവനം തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. പേരാമ്പ്രയിലെ വ്യാപാരമേഖലയെ ആശ്രയിച്ച് നൂറുകണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്. വൈദ്യുതി പ്രതിസന്ധി ഇനിയും നീണ്ടാല്‍ അത് വ്യാപാര സ്ഥാപനങ്ങളുടെ മാത്രം പ്രശ്‌നമാകില്ലെന്നും നിരവധി കുടുംബങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

വരുമാനം നിലച്ചാല്‍ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തര നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. വൈദ്യുതി പ്രതിസന്ധിയില്‍ രാഷ്ട്രീയ നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും സര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവമായ നടപടി സ്വീകരിച്ച് ശാശ്വത പരിഹാരം കാണണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

പ്രശ്‌നം പരിഹരിക്കാതെ മുന്നോട്ടുപോകുന്ന സാഹചര്യമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് എ.എം. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ ഗുഡ് വില്‍ സംസാരിച്ചു. വി.കെ. ഭാസ്‌കരന്‍ സ്വാഗതവും നാരായണന്‍ എസ്‌ക്വയര്‍ നന്ദിയും പറഞ്ഞു. നിരവധി വ്യാപാരികളും ചെറുകിട വ്യവസായികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382643/perambra-traders-torch-protest-kseb-power-cut)