---
title: "പേരാമ്പ്ര സീഡ് ഫാമിലെ വയലിനു നടുവിലൂടെയുള്ള തോട്ടില്‍ മാലിന്യം ഒഴുക്കി; നെല്‍ക്കൃഷി ഉണങ്ങുന്ന അവസ്ഥ"
english_title: "Perambra Seed Farm Canal Waste Dumping Controversy Paddy Crop Affected"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382644/perambra-seed-farm-canal-waste-dumping-controversy"
published_at: "2026-09-15T00:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa842d662d07_hyut.JPG"
keywords: ["Perambra Seed Farm", "Waste Dumping", "Canal Pollution", "Perambra News"]
---

# പേരാമ്പ്ര സീഡ് ഫാമിലെ വയലിനു നടുവിലൂടെയുള്ള തോട്ടില്‍ മാലിന്യം ഒഴുക്കി; നെല്‍ക്കൃഷി ഉണങ്ങുന്ന അവസ്ഥ

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര സീഡ് ഫാമിലെ വയലിനു നടുവിലൂടെയുള്ള തോട്ടില്‍ മാലിന്യം ഒഴുക്കിയതില്‍ പരാതി. എല്‍.ഐ.സി. ഓഫീസിന് സൈഡിലൂടെ കനാല്‍ വെള്ളം ഒഴുകി വരുന്ന തോടാണിത്. ഈ വെള്ളം ഉപയോഗിച്ചാണ് ഫാമില്‍ നെല്ലും മറ്റ് വിളകളും ഉണ്ടാക്കുന്നത്. ഇന്നലെ രാവിലെയാണ് തോട്ടില്‍ കറുത്ത നിറമുള്ള വെള്ളവും ദുര്‍ഗന്ധവും അനുഭവപ്പെട്ടത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര സീഡ് ഫാമിലെ വയലിനു നടുവിലൂടെയുള്ള തോട്ടില്‍ മാലിന്യം ഒഴുക്കിയതില്‍ പരാതി. എല്‍.ഐ.സി. ഓഫീസിന് സൈഡിലൂടെ കനാല്‍ വെള്ളം ഒഴുകി വരുന്ന തോടാണിത്. ഈ വെള്ളം ഉപയോഗിച്ചാണ് ഫാമില്‍ നെല്ലും മറ്റ് വിളകളും ഉണ്ടാക്കുന്നത്. ഇന്നലെ രാവിലെയാണ് തോട്ടില്‍ കറുത്ത നിറമുള്ള വെള്ളവും ദുര്‍ഗന്ധവും അനുഭവപ്പെട്ടത്.

ദുര്‍ഗന്ധം കാരണം തോടിന് സമീപത്തൂടെ ജനങ്ങള്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. നാട്ടുകാരും ഫാം അധികൃതരും അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. ഒലിച്ചു വരുന്ന കനാല്‍ വെള്ളത്തില്‍ മാലിന്യം കലരാന്‍ ഇടയില്ലാത്ത സാഹചര്യത്തില്‍ രാത്രി ആരെങ്കിലും ഒഴുക്കിയതാണോ എന്ന സംശയം ഉണ്ടായെങ്കിലും സി.സി.ടി.വി പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ ആയില്ല.

ബൈപാസിലെ കടകളില്‍ നിന്നും ഒഴുക്കി വിടുന്ന മാലിന്യമാണോ തോട്ടില്‍ എത്തിയത് എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം കലര്‍ന്നത് കാരണം വെള്ളം വയലിലേക്ക് എടുക്കാന്‍ കഴിയാത്തത് കാരണം നെല്‍ക്കൃഷി പൂര്‍ണമായി ഉണങ്ങുന്ന അവസ്ഥയാണെന്നും ഫാം അധികൃതര്‍ പറയുന്നു. വാര്‍ഡ് മെമ്പര്‍ എ.പി. രാധ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥ സംഘം മാലിന്യം ഒഴുക്കിയ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382644/perambra-seed-farm-canal-waste-dumping-controversy)