---
title: "റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡസ്‌കിലെ പൊലീസ് നടപടി: ശക്തമായി പ്രതിഷേധിച്ച് ഐആര്‍എംയു"
english_title: " IRMU Protests Police Action At Reporter TV News Desk Demands Action Against Officials"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383067/irmu-protest-police-action-reporter-tv-news-desk"
published_at: "2026-09-17T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab7c0a06d74_gtyu.JPG"
keywords: ["Reporter TV", "Kerala Police", "IRMU", "Media Freedom", "Kerala News"]
---

# റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡസ്‌കിലെ പൊലീസ് നടപടി: ശക്തമായി പ്രതിഷേധിച്ച് ഐആര്‍എംയു

> **Lead Summary:** **കോഴിക്കോട്:** റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡെസ്‌കിലേക്ക് പൊലീസ് ബലമായി കടന്നുകയറി തത്സമയ വാര്‍ത്താ സംപ്രേഷണം തടസ്സപ്പെടുത്തിയ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയാ പേഴ്സണ്‍സ് യൂണിയന്‍ (ഐ.ആര്‍.എം.യു) സംസ്ഥാന കമ്മിറ്റി. പൊലീസിന്റെ നടപടി ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്ന് സംഘടന ആരോപിച്ചു.

## Article Content

**കോഴിക്കോട്:** റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡെസ്‌കിലേക്ക് പൊലീസ് ബലമായി കടന്നുകയറി തത്സമയ വാര്‍ത്താ സംപ്രേഷണം തടസ്സപ്പെടുത്തിയ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയാ പേഴ്സണ്‍സ് യൂണിയന്‍ (ഐ.ആര്‍.എം.യു) സംസ്ഥാന കമ്മിറ്റി. പൊലീസിന്റെ നടപടി ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്ന് സംഘടന ആരോപിച്ചു.

സംസ്ഥാന പ്രസിഡന്റ് പി.കെ ഹാരിസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. ദിപേഷ് ബാബു എന്നിവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രതിഷേധം അറിയിച്ചത്. ഭരണഘടനാധിഷ്ഠിതമായ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ ഉണ്ടാകുന്ന ഇത്തരം സ്വേച്ഛാധിപത്യപരമായ അതിക്രമങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് നേതാക്കള്‍ പറഞ്ഞതായി കുറിപ്പില്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും സംഘടനയുടെ നിലപാടായി പത്രക്കുറിപ്പില്‍ പറയുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന അധികൃതരുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിയമ-ജനകീയ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും യൂണിയന്‍ വ്യക്തമാക്കി.

ന്യൂസ് ഡസ്‌കില്‍ അതിക്രമിച്ചു കയറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയാ പേഴ്സണ്‍സ് യൂണിയന്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383067/irmu-protest-police-action-reporter-tv-news-desk)