---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വാഹനമില്ല; ഡ്രൈവറുണ്ട്, ഡോക്ടർമാരില്ലെന്ന് എസ്ഡിപിഐ"
english_title: "Perambra Taluk Hospital Has No Vehicle But Has Driver SDPI Demands Solution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383401/perambra-taluk-hospital-no-vehicle-doctor-shortage-sdpi-protest"
published_at: "2026-09-19T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae262d8bfd3_logo.JPG"
keywords: ["Perambra Taluk Hospital", "SDPI Perambra", "Kerala Health News", "Doctor Shortage"]
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വാഹനമില്ല; ഡ്രൈവറുണ്ട്, ഡോക്ടർമാരില്ലെന്ന് എസ്ഡിപിഐ

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വാഹനമില്ലാത്ത പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ഔദ്യോഗിക വാഹനം ഇല്ലെങ്കിലും ഡ്രൈവറെ നിയമിച്ച് ശമ്പളം നൽകുന്നുണ്ടെന്നും ആശുപത്രിയുടെ ദൈനംദിന അടിയന്തര ആവശ്യങ്ങൾക്ക് ടാക്സി വാഹനങ്ങളെയും ജീവനക്കാരുടെ സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് ആശുപത്രി അധികൃതർ എന്നുമാണ് എസ്ഡിപിഐയുടെ നിലപാട്.

## Article Content

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വാഹനമില്ലാത്ത പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ഔദ്യോഗിക വാഹനം ഇല്ലെങ്കിലും ഡ്രൈവറെ നിയമിച്ച് ശമ്പളം നൽകുന്നുണ്ടെന്നും ആശുപത്രിയുടെ ദൈനംദിന അടിയന്തര ആവശ്യങ്ങൾക്ക് ടാക്സി വാഹനങ്ങളെയും ജീവനക്കാരുടെ സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് ആശുപത്രി അധികൃതർ എന്നുമാണ് എസ്ഡിപിഐയുടെ നിലപാട്.

ആരോഗ്യരംഗത്ത് സർക്കാർ കൊട്ടിഘോഷിക്കുന്ന വികസനത്തിന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ കാണുന്നത് എന്ന് എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അംഗം വി. കുഞ്ഞമ്മദ് പേരാമ്പ്ര പറഞ്ഞു.വാഹനമില്ലാതെ ഡ്രൈവറെ നിയമിക്കാൻ കാണിച്ച വ്യഗ്രത, ജീവൻ രക്ഷിക്കാൻ ഡോക്ടർമാരെ നിയമിക്കുന്നതിൽ കാണിക്കുന്നില്ല എന്നത് വിരോധാഭാസമാണ് എന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിൽ ഓർത്തോ വിഭാഗത്തിൽ സ്ഥിരം ഡോക്ടർ ഇല്ലെന്നും ശിശുരോഗ ഡോക്ടർ ഇല്ലെന്നും നിലവിലുണ്ടായിരുന്ന കണ്ണ് ഡോക്ടറുടെ സേവനവും ലഭ്യമല്ലെന്നും എസ്ഡിപിഐ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞുങ്ങളെയും പ്രായമായവരെയും കൊണ്ട് ദിവസേന നൂറുകണക്കിന് രോഗികൾ ആശുപത്രിയിൽ എത്തുമ്പോൾ അവരെ നോക്കാൻ ഡോക്ടർമാരില്ലാത്ത അവസ്ഥയാണുള്ളത് എന്നാണ് ആക്ഷേപം.

ഡ്രൈവർക്ക് ഓടിക്കാൻ വാഹനമില്ല, രോഗികളെ ചികിത്സിക്കാൻ ഡോക്ടറില്ല, ഇതാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ ഇന്നത്തെ അവസ്ഥ എന്ന് എസ്ഡിപിഐ വിമർശിച്ചു. അടിയന്തരമായി ആശുപത്രിക്ക് സർക്കാർ വാഹനം അനുവദിച്ച് ഡ്രൈവറുടെ സേവനം ഫലപ്രദമാക്കാനും ഒഴിവുള്ള ഡോക്ടർ തസ്തികകളിൽ ഉടൻ നിയമനം നടത്തി ആശുപത്രിയെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പ്രവർത്തിപ്പിക്കാനും സർക്കാർ തയ്യാറാകണമെന്ന് എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അംഗം വി. കുഞ്ഞമ്മദ് പേരാമ്പ്ര ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383401/perambra-taluk-hospital-no-vehicle-doctor-shortage-sdpi-protest)