---
title: "നിര്‍ധന രോഗികള്‍ക്ക് തണലായി 'ആശ്വാസ്' പദ്ധതി; നൊച്ചാട് എട്ടാം വാര്‍ഡില്‍ സ്‌ക്രാപ്പ് ചലഞ്ചിന് തുടക്കം"
english_title: " Nochad 8th Ward Ashwas Charity Project Scrap Challenge Launched Perambra News"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383673/nochad-8th-ward-ashwas-charity-scrap-challenge-launch"
published_at: "2026-09-21T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab10341cf2fa_hty.JPG"
keywords: ["Nochad News", "Ashwas Project", "Scrap Challenge"]
---

# നിര്‍ധന രോഗികള്‍ക്ക് തണലായി 'ആശ്വാസ്' പദ്ധതി; നൊച്ചാട് എട്ടാം വാര്‍ഡില്‍ സ്‌ക്രാപ്പ് ചലഞ്ചിന് തുടക്കം

> **Lead Summary:** **പേരാമ്പ്ര:** മാരക രോഗബാധയാലും സാമ്പത്തിക പ്രതിസന്ധിയാലും ദുരിതമനുഭവിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി നൊച്ചാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ 'ആശ്വാസ്' കാരുണ്യ പദ്ധതിക്ക് ആവേശകരമായ തുടക്കമായി. പദ്ധതിക്കാവശ്യമായ പ്രഥമഘട്ട ഫണ്ട് കണ്ടെത്തുന്നതിന് വീടുകളില്‍ നിന്ന് ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന 'സ്‌ക്രാപ്പ് ചലഞ്ച്' പദ്ധതിയും ഇതോടൊപ്പം ആരംഭിച്ചു.

## Article Content

**പേരാമ്പ്ര:** മാരക രോഗബാധയാലും സാമ്പത്തിക പ്രതിസന്ധിയാലും ദുരിതമനുഭവിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി നൊച്ചാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ 'ആശ്വാസ്' കാരുണ്യ പദ്ധതിക്ക് ആവേശകരമായ തുടക്കമായി. പദ്ധതിക്കാവശ്യമായ പ്രഥമഘട്ട ഫണ്ട് കണ്ടെത്തുന്നതിന് വീടുകളില്‍ നിന്ന് ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന 'സ്‌ക്രാപ്പ് ചലഞ്ച്' പദ്ധതിയും ഇതോടൊപ്പം ആരംഭിച്ചു.

രോഗികള്‍ക്ക് ആവശ്യമായ മരുന്നും ചികിത്സാ സഹായവും മുടങ്ങാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ജനകീയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്്. വീടുകളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന പഴയ പാത്രങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, ഇരുമ്പ്, പേപ്പര്‍ ഉള്‍പ്പെടെയുള്ള ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി അതില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും രോഗികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കുന്നതാണ് ഈ ചലഞ്ച്.

പുത്തലത്ത് ഭാഗം അയല്‍സഭയില്‍ ഉള്‍പ്പെട്ട പദ്ധതി ഖജാന്‍ജി സുനീഷ് പുതുക്കുടിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ മുനീര്‍ എരവത്ത് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. നാടിന്റെ കൂട്ടായ്മയിലൂടെയും പരസ്പര സഹകരണത്തിലൂടെയും ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടപ്പിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നൊച്ചാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ടി.പി നാസര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ രമ്യ അമ്പിള ചടങ്ങില്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.കെ അസ്സെയിനാര്‍, സ്വപ്ന റനീഷ്, കെ.കെ മൗലവി, സുരേഷ് വാളൂര്‍, എം.കെ റസാഖ്, രവീന്ദ്രന്‍ പുത്തലത്ത്, ടി. സുമ, സുനീഷ് പുതുക്കുടി, കെ. കുഞ്ഞബ്ദുള്ള, നസീമ പുത്തലത്ത്, സി റഷീദ്, വി ശിവദാസന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിന് പിന്നാലെ അബ്ദുള്ള മടത്തുകുനി, മുഹമ്മദ് പുനത്തില്‍, പി.കെ സല്‍മ, അനസ്, ഷഫീഖ്, ജുനൈസ്, പി.കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നുള്ള സ്‌ക്രാപ്പ് ശേഖരണത്തിന് തുടക്കമായതായി. വരും ദിവസങ്ങളിലും വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ക്രാപ്പ് ചലഞ്ച് ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് വികസന സമിതിയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383673/nochad-8th-ward-ashwas-charity-scrap-challenge-launch)