---
title: "ഓപ്പറേഷൻ തൂഫാൻ: കോഴിക്കോട് ജില്ലയിലെ 1692 വാർഡുകളിൽ പ്രത്യേക ഗ്രാമസഭകൾ 28-ന്"
english_title: " Operation Toofan Special Grama Sabha in 1692 Wards Kozhikode District"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384304/operation-toofan-special-grama-sabha-1692-wards-kozhikode"
published_at: "2026-09-26T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7910899ff7_WhatsApp_Image_2026-07-25_at_4.12.51_PM.jpeg"
keywords: ["Operation Toofan", "Kozhikode Grama Sabha", "MS Madhavikutty", "LSG Department"]
---

# ഓപ്പറേഷൻ തൂഫാൻ: കോഴിക്കോട് ജില്ലയിലെ 1692 വാർഡുകളിൽ പ്രത്യേക ഗ്രാമസഭകൾ 28-ന്

> **Lead Summary:** **കോഴിക്കോട്: **ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28-ന് ജില്ലയിലെ 1692 വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും. പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ജില്ലാതല ആലോചനാ യോഗം ചേര്‍ന്നു. 

## Article Content

**കോഴിക്കോട്: **ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28-ന് ജില്ലയിലെ 1692 വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും. പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ജില്ലാതല ആലോചനാ യോഗം ചേര്‍ന്നു. 

ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. 

പ്രത്യേക ഗ്രാമസഭകളുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാന്‍ ഫ്‌ലാഗ് ഉയര്‍ത്തും. തൂഫാന്‍ പ്രതിജ്ഞ, തൂഫാന്‍ വാരിയര്‍ പ്രഖ്യാപനം, തൂഫാന്‍ വാരിയര്‍ ബാഡ്ജ് വിതരണം, ബോധവത്കരണ ക്ലാസുകള്‍, വീഡിയോ പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും. 

ഓരോ ഗ്രാമസഭയില്‍ നിന്നും പത്തില്‍ കുറയാത്ത തൂഫാന്‍ വാരിയര്‍മാരെ കണ്ടെത്തി തൂഫാന്‍ വളണ്ടിയര്‍ ഫോഴ്സ് രൂപീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, യുവജനങ്ങള്‍, അധ്യാപകര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. 

പ്രത്യേക ഗ്രാമസഭകളുടെ സംഘാടനത്തിന് ശേഷം വാര്‍ഡ് തല ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ലഹരിക്ക് അടിമപ്പെട്ടവരുടെ സമഗ്ര പുനരധിവാസത്തിനും രഹസ്യ വിവരശേഖരണത്തിനും യുവജന-വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. 

ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട നടപടികള്‍ സംബന്ധിച്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രമോദ് സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ ഒ. മനോജ് വിശദീകരിച്ചു.

ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഹമ്മദ് പുന്നക്കല്‍, ജില്ലാ പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, മുനിസിപ്പല്‍ ചേംബര്‍ ഭാരവാഹി മുഹമ്മദലി കല്ലട, ജില്ലാ സെക്രട്ടറി ഒ.കെ. കുഞ്ഞബ്ദുള്ള, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

അസിസ്റ്റന്റ് ഡയറക്ടര്‍ ഒ. മനോജ് സ്വാഗതം പറഞ്ഞ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384304/operation-toofan-special-grama-sabha-1692-wards-kozhikode)