---
title: "'ചോയിക്കൊരു വീട്'സുമനസ്സുകള്‍ കൈകോര്‍ക്കുന്നു "
english_title: "'Choikoru Veed' people joins hands"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38440/choikoru-veed-people-joins-hands"
published_at: "2022-04-20T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fc3d80ea6f_HOME1.jpg"
keywords: []
---

# 'ചോയിക്കൊരു വീട്'സുമനസ്സുകള്‍ കൈകോര്‍ക്കുന്നു 

> **Lead Summary:** **പേരാമ്പ്ര** : വാളൂര്‍ പുതിയ മഠത്തില്‍ ചോയിക്കൊരു വീടിനായി സുമനസ്സുകള്‍ കൈകോര്‍ക്കുന്നു. മാനത്ത് മഴക്കാറ് കണ്ടാല്‍ ചോയിയുടെ മനസ്സില്‍ ആധിയാണ്.

## Article Content

**പേരാമ്പ്ര** : വാളൂര്‍ പുതിയ മഠത്തില്‍ ചോയിക്കൊരു വീടിനായി സുമനസ്സുകള്‍ കൈകോര്‍ക്കുന്നു. മാനത്ത് മഴക്കാറ് കണ്ടാല്‍ ചോയിയുടെ മനസ്സില്‍ ആധിയാണ്.

ശക്തമായ കാറ്റും മഴയും വന്നാല്‍ നിലംപതിക്കാറായ വീട്ടിലെങ്ങിനെ അന്തിയുറങ്ങുമെന്നുള്ള ആധി. ചിതലരിച്ച കഴുക്കോലിലും പട്ടികയിലും താങ്ങി നില്‍ക്കുന്ന ഓട്.

പൊട്ടിപൊളിഞ്ഞ ചുമരുകള്‍ ഏതു നിമിഷവും നിലംപതിക്കുമെന്ന അവസ്ഥ. തകര്‍ന്നു വീണാല്‍ എവിടെ അന്തിയുറങ്ങും.

മനസ്സില്‍ പെയ്തിറങ്ങുന്ന ചോദ്യത്തിന് വാളൂര്‍ പുതിയ മഠത്തില്‍ ചോയിക്കും ഭാര്യ ദേവിക്കും ഉത്തരമില്ല. 1986 കാലത്ത് ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയിലാണ് നിലവിലുള്ള വീട് പണിതത്.

മണ്‍കട്ടകളാല്‍ തീര്‍ത്ത വീട്ടില്‍ ഒന്നു നിന്നു തിരിയാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളത്.

മഴ പെയ്താല്‍ പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂരയില്‍ നിന്നും ഉറ്റി വീഴുന്ന മഴത്തുള്ളികള്‍ ചാണകം മെഴുകിയ തറയില്‍ പതിക്കുന്നതിന് വീട്ടിലുള്ള പാത്രങ്ങള്‍ നിരത്തി വെക്കും.

അന്തിയുറങ്ങാന്‍ അടുത്തുള്ള വീട്ടില്‍ അഭയം തേടും. ഒരു കൊച്ചു വീടെന്ന സ്വപ്നം പൂവണിയുന്നതിനായി നിരവധി തവണ ബന്ധപ്പെട്ടവര്‍ക്കെല്ലാം അപേക്ഷ സമര്‍പ്പിച്ചതാണ്.

ഇന്നു വരെ അനുകൂലമായ ഒരു നടപടിയും ഞങ്ങളുടെ മുന്നിലെത്തിയിട്ടില്ല.എന്നാല്‍ ഇതേ സമയം മറ്റു പലര്‍ക്കും സഹായം ലഭിച്ചിട്ടുമുണ്ട്.

ചോയിയും ഭാര്യ ദേവിയും സങ്കടം പങ്കുവെക്കുന്നു. ലൈഫ്മിഷന്‍ പദ്ധതിയില്‍ നാലു തവണ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അവിടെയും വീടെന്ന സ്വപ്നം ഇവര്‍ക്ക് മുന്നില്‍ സഫലമാകാതെ കിടക്കുന്നു. കൂലിപ്പണി ചെയ്താതാണ് ചോയി കുടുംബം പുലര്‍ത്തിയിരുന്നത്.

ഇപ്പോള്‍ ശ്വാസതടസ്സത്തിന്റെ ബുദ്ധിമുട്ടുണ്ട്. അത് കാരണം ജോലിക്ക് പോവാനും കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഭാര്യ ദേവിയ്ക്ക് ആവട്ടെ അസുഖം മൂലം വലിയ അധ്വാനമുള്ള ജോലിക്ക് പോവാനും കഴിയാറില്ല.

തട്ടിയും മുട്ടിയും ജീവിതം ഒരു വിധത്തില്‍ തള്ളിനീക്കുന്ന ഇവര്‍ക്ക് പുതിയൊരു വീടുണ്ടാക്കുക എന്നത് ആലോചിക്കാന്‍ പോലുമാകില്ല.

നേരെത്തെ വോളിബോളിലെ നല്ല ഒരു സെറ്ററും, നാട്ടിലെ നല്ലൊരു കലാകാരനുമായിരുന്നു ചോയി.

നാട്ടുകാരുടെ സുഖത്തിലും ദു:ഖത്തിലും ഒരു കൂടപ്പിറപ്പിനെ പോലെ കൂടെയുണ്ടാവുന്ന ഈ മനുഷ്യ സ്‌നേഹി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കറ കളഞ്ഞ മുഴുവന്‍ സമയ പ്രവര്‍ത്തകനാണ്.

പ്രയാസങ്ങള്‍ എന്നെങ്കിലും പരിഹരിക്കപ്പെടുമെന്ന പ്രത്യാശയില്‍ കഴിയുന്ന ചോയിക്കും ഭാര്യ ദേവിക്കും വീടൊരുക്കുന്നതിനു വേണ്ടി തുക സമാഹരിക്കാന്‍ നാട്ടിലും വിദേശത്തുമുള്ള നല്ല മനസ്സിന്റെ ഉടമകളായ സൗഹൃദങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സുമനസ്സുകളുടെ കൈകോര്‍ത്ത് കൊണ്ട് കുഞ്ഞബ്ദുള്ള വാളൂര്‍ ചെയര്‍മാനായും ദിനേശന്‍ എം.കെ. കണ്‍വീനറായും റഷീദ് ചെക്ക്യേലത്ത് ട്രഷററായും ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

എല്ലാ നന്മയുള്ള മനസ്സുകളും ചോയിക്കൊരു വീടിനായി കൈകോര്‍ക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കേരള ഗ്രാമീണ ബാങ്ക് ചാലിക്കര ശാഖയില്‍ 40173101042599 നമ്പറില്‍ അക്കൗണ്ട് തുറന്നു. IFSC : KLGB 00401173, MICRCODE: 673480050, ഗൂഗിള്‍ പേ: 8138037060.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38440/choikoru-veed-people-joins-hands)