---
title: "പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് എം.പി.കെ. കുറുപ്പ് അന്തരിച്ചു"
english_title: "Veteran Communist Leader Comrade MPK Kurup Passes Away Kalpathur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384495/veteran-communist-leader-mpk-kurup-passes-away-kalpathur"
published_at: "2026-09-28T10:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9fb6f96a8d_nethv.jpg"
keywords: ["MPK Kurup", "Communist Leader Obituary", "Kalpathur News", "CPI Leader", "Perambra News", "Kerala Communist"]
---

# പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് എം.പി.കെ. കുറുപ്പ് അന്തരിച്ചു

> **Lead Summary:** **കല്‍പത്തൂര്‍: **കല്‍പത്തൂരിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായ എം.പി.കെ. കുറുപ്പ് അന്തരിച്ചു. അസുഖബാധിതനായി ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു.

## Article Content

**കല്‍പത്തൂര്‍: **കല്‍പത്തൂരിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായ എം.പി.കെ. കുറുപ്പ് അന്തരിച്ചു. അസുഖബാധിതനായി ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു.

1946-ല്‍ കല്ലാച്ചിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബാലസംഘം പ്രവര്‍ത്തനത്തിലൂടെയും വളണ്ടിയര്‍ സേനയിലൂടെയും പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് അദ്ദേഹം. എടച്ചേരി പൊലീസ് കേസ് ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് മൂന്നര വര്‍ഷത്തോളം ഒളിവുജീവിതം നയിച്ചു. ഈ കാലയളവില്‍ കുന്നമംഗലം, മുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ റബ്ബര്‍ എസ്റ്റേറ്റില്‍ തൊഴിലാളിയായി ജോലി ചെയ്യുന്നതിനൊപ്പം കമ്യൂണിസ്റ്റ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.

1949-ല്‍ കല്ലാച്ചിയില്‍ തിരിച്ചെത്തിയ അദ്ദേഹം അഭിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കച്ചേരി ബ്രാഞ്ച് സെക്രട്ടറിയായും, പിന്നീട് സി.പി.ഐ കല്ലാച്ചി ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1960-ല്‍ കോഴിക്കോട് കലക്ടറേറ്റില്‍ കോയക്കുട്ടി നഹ, കേളപ്പന്‍ നായര്‍ മൊകേരി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിക്കുകയും രണ്ട് മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവല്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

1978-ല്‍ കല്‍പത്തൂരിലേക്ക് താമസം മാറിയ അദ്ദേഹം സി.പി.ഐയുടെ സജീവ പ്രവര്‍ത്തകനും നേതാവുമായി മാറി. കല്‍പത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, കിസാന്‍ സഭാ പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം, നൊച്ചാട് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം സഹകരണ, ഗ്രന്ഥശാലാ രംഗങ്ങളിലും സജീവമായിരുന്നു. 1996 മുതല്‍ 2014 വരെ തുടര്‍ച്ചയായി 18 വര്‍ഷം കല്‍പത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. കൈരളി ഗ്രന്ഥാലയം കോഴിമുക്കിന്റെ രൂപീകരണത്തിലും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം നല്ലൊരു വായനക്കാരന്‍ കൂടിയായിരുന്നു. 2010 മുതല്‍ 2016 വരെ സീനിയര്‍ സിറ്റിസണ്‍ കല്‍പത്തൂര്‍ യൂണിറ്റ് സെക്രട്ടറിയായും, നൊച്ചാട് ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന സമിതി അംഗമായും വാര്‍ഡ് വികസന സമിതി അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നിലവില്‍ സി.പി.ഐ വാല്യക്കോട് ബ്രാഞ്ച് അംഗമായിരുന്നു.

അദ്ദേഹത്തിന്റെ വേര്‍പാട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും തീരാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തുള്ളവര്‍ അഗാതമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384495/veteran-communist-leader-mpk-kurup-passes-away-kalpathur)