---
title: " ലഹരിക്കെതിരായ പോരാട്ടത്തില്‍ അമ്മമാരാണ് ശക്തി; രമേശ് ചെന്നിത്തല"
english_title: "Ramesh Chennithala Says Mothers Are Strength Against Drugs Operation Toofan Second Phase Launched Malappuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384664/ramesh-chennithala-mothers-strength-against-drugs-toofan-thadesam-launch-malappuram"
published_at: "2026-09-29T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb59c4ee3fa_rmg.JPG"
keywords: ["Ramesh Chennithala", "Operation Toofan", "Malappuram News", "Toofan Thadesam", "Drug Mafia Kerala"]
---

#  ലഹരിക്കെതിരായ പോരാട്ടത്തില്‍ അമ്മമാരാണ് ശക്തി; രമേശ് ചെന്നിത്തല

> **Lead Summary:** **മലപ്പുറം: **അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ് ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയമായതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ലഹരി മാഫിയയ്ക്കെതിരെ നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്റെ' രണ്ടാം ഘട്ടമായ തദ്ദേശവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'തൂഫാന്‍ തദ്ദേശം' മലപ്പുറം വേങ്ങരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

## Article Content

**മലപ്പുറം: **അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ് ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയമായതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ലഹരി മാഫിയയ്ക്കെതിരെ നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്റെ' രണ്ടാം ഘട്ടമായ തദ്ദേശവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'തൂഫാന്‍ തദ്ദേശം' മലപ്പുറം വേങ്ങരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാജ്യം കണ്ടതില്‍ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ രണ്ടാം ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. ഒരേ സ്വരത്തില്‍ ഏറ്റു പറയാം ഞാന്‍ എന്റെ നാടിന്റെ കാവലാള്‍ എന്ന്. മക്കളില്‍ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും പെട്ടന്ന് തിരിച്ചറിയാന്‍ കഴിയുന്ന അമ്മമാര്‍ തന്നെയാണ് പോരാട്ടത്തിന്റെ ശക്തി. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ വട്ടമിട്ട് പറക്കുകയാണ്.

നമ്മുടെ വീടുകളിലേക്കും അത് എത്തിയിരിക്കുന്നു എന്ന തിരിച്ചറിവ് നമുക്ക് വേണം. ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങിയ ശേഷം ലഹരി ഉപയോഗം 20 മുതല്‍ 30 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. രാപ്പകലില്ലാതെ ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന പൊലീസിനെ അഭിനന്ദിക്കുന്നു. കോയമ്പത്തൂരില്‍ നിന്ന് 13 കിലോ എം.ഡി.എം.എ പിടിച്ചെടുന്ന മലപ്പുറം പൊലീസിനെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. ജനങ്ങളെ ഞങ്ങള്‍ പൂര്‍ണമായി വിശ്വാസത്തിലെടുത്തു. ജനങ്ങള്‍ രഹസ്യമായി വിവരങ്ങള്‍ നല്‍കി.

പണ്ട് ജനങ്ങള്‍ ലഹരി മാഫിയയെ പേടിച്ചിരുന്നെങ്കില്‍ ഇന്ന് മാഫിയ ജനങ്ങളെ പേടിക്കുകയാണ്. അതാണ് തൂഫാന്‍ കൊണ്ടുവന്ന മാറ്റം. ഒരു കുറ്റവാളിയെയും സംരക്ഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ജനസേനയെ മുന്നില്‍ നിറുത്തിയുള്ള പ്രവര്‍ത്തനമാണ് രണ്ടാം ഘട്ടത്തിലുണ്ടാവുക. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ പോരാട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ താഴെത്തട്ടിലുള്ള ഓരോ വാര്‍ഡിലേക്കും വ്യാപിപ്പിക്കും. പൊതുജനങ്ങളെയും പ്രാദേശിക കൂട്ടായ്മകളെയും ഉള്‍പ്പെടുത്തി എല്ലാ വാര്‍ഡുകളിലും പ്രത്യേക 'തൂഫാന്‍ സമിതികള്‍' രൂപീകരിക്കും.

ലഹരി വേട്ടയ്ക്കും കര്‍ശന നിയമനടപടികള്‍ക്കുമൊപ്പം ഇരകളാകുന്നവരെ സംരക്ഷിക്കാനും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുമുള്ള ഉത്തരവാദിത്തവും രണ്ടാം ഘട്ടത്തിലുണ്ട്. ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും (IMA) സംസ്ഥാനത്തെ 35-ഓളം പ്രമുഖ ആശുപത്രികളുടെയും സഹകരണത്തോടെ ലഹരിമുക്തിക്കും പുനരധിവാസത്തിനുമായി പ്രത്യേക പ്രോട്ടോക്കോള്‍ നടപ്പിലാക്കും. ലഹരിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കാനായി തൂഫാന്‍ ആപ്പ് ഉണ്ടാകും.

സ്‌കൂളുകളില്‍ ഏല്‍പ്പെടുത്തുന്ന പ്രത്യേക നിരീക്ഷണ സംവിധാനമായ തൂഫാന്‍ ഐസ് കോഴിക്കോട് നിന്നാരംഭിക്കും. കുട്ടികളെ ലഹരിയുടെ പിടിയിലെത്താതെ കാക്കാനായി തൂഫാന്‍ പ്‌ളേയിലൂടെ ക്രിക്കറ്റ് കിറ്റുകളുംഫുട്ബോളുകളും നല്‍കി കായികലോകത്തേക്ക് നടത്തിക്കും. ക്യാമ്പസുകള്‍ ലഹരിമുക്തമാക്കാന്‍ ശ്രമങ്ങളുണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ചെയ്യാവുന്നതില്‍ വച്ച് ഏറ്റവും നല്ല സാമൂഹിക നന്മയാണ് ഓപ്പറേഷന്‍ തൂഫാനെന്ന് വ്യാവസായിക വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ലഹരിക്കെതിരായ കൊടുങ്കാറ്റ് വീശാനിടയാക്കിയ ആഭ്യന്തര മന്ത്രിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. തൂഫാന്‍ പോരാട്ടത്തോട് തദ്ദേശം നല്‍കുന്ന ഉറപ്പാണ്, ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശമാണ് തൂഫാന്‍ തദ്ദേശമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തൂഫാന്‍ തദ്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സദസിലുള്ള എല്ലാവരെയും ആഭ്യന്തര മന്ത്രി തൂഫാന്‍ വാറിയേഴ്സായി പ്രഖ്യാപിച്ചു. ഒരേസമയം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാന്‍ പതാകയുയര്‍ത്തി തൂഫാന്‍ തദ്ദേശത്തില്‍ പങ്കാളികളായി.

പി.വി അബ്ദുള്‍ വഹാബ് എം.പി, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈന്‍, വി.എസ് ജോയ്, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയന്‍, തൂഫാന്‍ നോഡല്‍ ഓഫീസര്‍ പുട്ട വിമലാദിത്യ, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി, ഐ.ജി നാരായണന്‍, ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384664/ramesh-chennithala-mothers-strength-against-drugs-toofan-thadesam-launch-malappuram)