---
title: "സര്‍ഗ ഗ്രന്ഥാലയം കൂത്താളിത്തെരു വയോജനവേദി വിനോദയാത്ര സംഘടിപ്പിച്ചു"
english_title: "Sarga Library Koothalitheru Senior Citizens Recreational Trip to Akalappuzha Kappad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385787/sarga-library-koothalitheru-senior-citizen-trip-akalappuzha-kappad"
published_at: "2026-10-06T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4c9e128a62__sarga-library-koothalitheru-senior-citizen-trip-akalappuzha-kappad.jpg"
keywords: ["Koothali News", "Sarga Library", "Senior Citizens Trip", "Koothalitheru", "Akalappuzha"]
---

# സര്‍ഗ ഗ്രന്ഥാലയം കൂത്താളിത്തെരു വയോജനവേദി വിനോദയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി:** വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി കൂത്താളിത്തെരു സര്‍ഗ ഗ്രന്ഥാലയം ആന്‍ഡ് വായനശാലയുടെ വയോജനവേദി അംഗങ്ങള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചു. 2026 ഒക്ടോബര്‍ 4 ഞായറാഴ്ച സര്‍ഗ പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ ഫ്‌ലാഗ് ഓഫ് ചെയ്തു.

## Article Content

**കൂത്താളി:** വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി കൂത്താളിത്തെരു സര്‍ഗ ഗ്രന്ഥാലയം ആന്‍ഡ് വായനശാലയുടെ വയോജനവേദി അംഗങ്ങള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചു. 2026 ഒക്ടോബര്‍ 4 ഞായറാഴ്ച സര്‍ഗ പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ ഫ്‌ലാഗ് ഓഫ് ചെയ്തു.

ചടങ്ങില്‍ വയോജനങ്ങള്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണ ഉദ്ഘാടനവും നിര്‍വഹിച്ചു. കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി രാജേഷ് സ്വാഗതം പറഞ്ഞു. വാര്‍ഡ് ജനപ്രതിനിധികളായ എ.സി ബിജു, എം.കെ മനോജന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പന്നിക്കോട്ടൂര്‍ പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ് യാത്രയില്‍ ഉടനീളം ഒപ്പം ചേര്‍ന്നു.

വയോജനവേദി കണ്‍വീനര്‍ പി.പി ജയകൃഷ്ണന്‍, കെ.പി നിംനേഷ്, ടി.ടി വിജയന്‍, എന്‍ രവീന്ദ്രന്‍, ജയന്തി ബിജു എന്നിവര്‍ സംസാരിച്ചു. കെ ബിജു നന്ദി പറഞ്ഞു. ഈ യാത്ര അംഗങ്ങള്‍ക്ക് സൗജന്യമായിട്ടാണ് സര്‍ഗ ഗ്രന്ഥാലയം ഒരുക്കിയത്. കിടപ്പുരോഗികളെയും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെയും ഉള്‍പ്പെടുത്തിയുള്ള യാത്ര വേറിട്ട അനുഭവമായി.

ആട്ടവും പാട്ടുമൊക്കെയായി ശാരീരിക അവശതകള്‍ മറന്ന് അവര്‍ ഒത്തുചേര്‍ന്നു. വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും വായനശാല പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ അകലാപ്പുഴ, ചരിത്രപ്രസിദ്ധമായ കാപ്പാട് തീരം എന്നിവിടങ്ങളിലാണ് സംഘം യാത്ര ചെയ്തത്.

ഹൗസ്‌ബോട്ട് യാത്ര ഉള്‍പ്പെടെ വയോജനങ്ങള്‍ക്ക് നവ്യാനുഭവവും സന്തോഷവും പകരുന്നതായിരുന്നു യാത്ര. സര്‍ഗ ഗ്രന്ഥാലയം ഭാരവാഹികള്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385787/sarga-library-koothalitheru-senior-citizen-trip-akalappuzha-kappad)