---
title: "രവി അരീക്കല്‍ സ്മാരക പ്രതിഭ പുരസ്‌കാരം ആംസിസ് മുഹമ്മദിന്"
english_title: "Ravi Areekkal Memorial Prathibha Puraskaram for Amsis Mohammed Playwright Director"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385948/ravi-areekkal-memorial-award-amsis-mohammed-avala-brothers-kalasamithi"
published_at: "2026-10-07T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6245dcc0f2_ravi-areekkal-memorial-award-amsis-mohammed-avala-brothers-kalasamithi.jpg"
keywords: ["Ravi Areekkal Award", "Amsis Mohammed", "Avala Brothers Kalasamithi", "Drama Award"]
---

# രവി അരീക്കല്‍ സ്മാരക പ്രതിഭ പുരസ്‌കാരം ആംസിസ് മുഹമ്മദിന്

> **Lead Summary:** **ആവള: **ആവള ബ്രദേഴ്‌സ് കലാസമിതിയുടെ സ്ഥാപക അംഗവും കലാ സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന രവി അരീക്കലിന്റെ സ്മരണയ്ക്കായി ആവള ബ്രദേഴ്‌സ് കലാസമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ രവി അരീക്കല്‍ സ്മാരക പ്രതിഭ പുരസ്‌കാരത്തിന് നാടകകൃത്തും സംവിധായകനുമായ ആംസിസ് മുഹമ്മദ് അര്‍ഹനായി.

## Article Content

**ആവള: **ആവള ബ്രദേഴ്‌സ് കലാസമിതിയുടെ സ്ഥാപക അംഗവും കലാ സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന രവി അരീക്കലിന്റെ സ്മരണയ്ക്കായി ആവള ബ്രദേഴ്‌സ് കലാസമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ രവി അരീക്കല്‍ സ്മാരക പ്രതിഭ പുരസ്‌കാരത്തിന് നാടകകൃത്തും സംവിധായകനുമായ ആംസിസ് മുഹമ്മദ് അര്‍ഹനായി.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തുടങ്ങിയ നാടക പ്രവര്‍ത്തന മേഖലയിലേക്ക് കടന്നു വന്ന് ഇപ്പോഴും പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്ന വ്യക്തിയാണ് ആംസിസ് മുഹമ്മദ്. സ്‌കൂള്‍ പഠനകാലത്ത് നാട്ടിലെ കുട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച അപ്പു ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷികത്തിന് അവതരിപ്പിച്ച 'നാമ്പുകള്‍ നാളങ്ങള്‍' എന്ന നാടകത്തില്‍ അഭിനയിച്ചു കൊണ്ടാണ് നാടക രംഗത്തേക്ക് കടന്നു വന്നത്.

തുടര്‍ന്ന് ചെറുവണ്ണൂര്‍ പ്രതിഭ തിയേറ്ററിന്റെ കുട്ടികളുടെ നാടകത്തിലും മുയിപ്പോത്ത് സംസ്‌കാര തിയേറ്റേഴ്‌സ്, ധ്വനി തുടങ്ങിയ സമിതികളുടെ അമേച്വര്‍ നാടകങ്ങളിലും അഭിനയിച്ചു. മുയിപ്പോത്ത് കലാജ്യോതി തിയേറ്റേഴ്‌സ് അവതരിപ്പിച്ച നാടകമാണ് ആദ്യ രചന.

തുടര്‍ന്ന് കേരളത്തിലെ വിവിധ അമേച്വര്‍ നാടക വേദികള്‍ക്ക് വേണ്ടി പന്തയ കുതിര, കുഞ്ഞൂട്ടനും കുടുംബവും, ജീവിതം മഹാ കാവ്യം തുടങ്ങിയ നാടകങ്ങളും രചിച്ചു. പ്രൊഫഷണല്‍ തിയേറ്ററുകള്‍ക്കും നാടക രചന നടത്തി. കോഴിക്കോട് വിശ്വസാരഥിയുടെ ഗണിതകാലം, ആലുവ ശാരിക അവതരിപ്പിച്ച വീണ പൂവ്, കോഴിക്കോട് കളിയരങ്ങിന്റെ ഞാന്‍ സുയോധനന്‍, കോഴിക്കോട് സപ്തസ്വരയുടെ ഇന്ന് വെള്ളിയാഴ്ച തുടങ്ങി ശ്രദ്ധേയമായ നാടകങ്ങള്‍ എഴുതിയിട്ടുണ്ട്.

ആംസിസ് രചന നടത്തിയ പോസ്റ്റ് മാന്‍ എന്ന നാടകം ആയിരത്തിലധികം വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നാടക ഗ്രൂപ്പില്‍ ദീപ സംവിധായകനുമായി പ്രവര്‍ത്തിച്ചു വരുന്നു. കുടുംബശ്രീയുടെ ആദ്യ സംസ്ഥാനതല കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഇദ്ദേഹം രചന നടത്തിയ അടുപ്പ് എന്ന നാടകത്തിനാണ്.

വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും, കലാസമിതികളുടെയും, വിദ്യാലയങ്ങളുടെയും തെരുവ് നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. മുപ്പതോളം അമേച്വര്‍ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിവിധ ആനുകാലികങ്ങളില്‍ നാടക ആസ്വാദന ലേഖനങ്ങള്‍ ഇദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം ടി കൃതികളെ ആസ്പദമാക്കി ചെറുവണ്ണൂര്‍ സബര്‍മതി തിയേറ്റേഴ്‌സ് കേരളത്തിനകത്തും പുറത്തും കളിച്ചു കൊണ്ടിരിക്കുന്ന എം ടി എഴുത്തിന്റെ ആത്മാവ് എന്ന ദൃശ്യാവിഷ്‌കാരത്തിന്റെ രചനയും നിര്‍വഹിച്ചത് ആംസിസ് മുഹമ്മദാണ്.

സൂര്യ ടിവി, ഏഷ്യാനെറ്റ്, മഴവില്‍ മനോരമ, ദര്‍ശന ടിവി, മീഡിയവണ്‍ തുടങ്ങിയ ചാനലുകളില്‍ സംപ്രേഷണം ചെയ്ത സീരിയലുകളുടെ തിരക്കഥയും, കെ പി കായലാട് എഴുത്തും ജീവിതവും എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചു.

ഒക്ടോബര്‍ മാസം 19-ാം തീയതി ആവള ബ്രദേഴ്‌സ് കലാസമിതി അങ്കണത്തില്‍ വെച്ച് നടക്കുന്ന രവി അരീക്കല്‍ അനുസ്മരണ പരിപാടിയില്‍ വെച്ച് പേരാമ്പ്ര എംഎല്‍എ അഡ്വ. ഫാത്തിമ തെഹലിയ പുരസ്‌കാരം സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385948/ravi-areekkal-memorial-award-amsis-mohammed-avala-brothers-kalasamithi)