---
title: "പാലേരി കിസ്സ റിക്രിയേഷന്‍ സെന്റര്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു"
english_title: "Paleri Kissa Recreation Center Brochure Released by CM Chandran Master"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386129/paleri-kissa-recreation-center-brochure-release-cm-chandran-balan-parakkal"
published_at: "2026-10-08T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac77c0d611f0_paleri-kissa-recreation-center-brochure-release-cm-chandran-balan-parakkal.JPG"
keywords: ["Paleri Kissa Recreation Center", "CM Chandran Master", "Balan Parakkal", "Changaroth Service Bank"]
---

# പാലേരി കിസ്സ റിക്രിയേഷന്‍ സെന്റര്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

> **Lead Summary:** പാലേരി: മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം ലക്ഷ്യമാക്കി ആരംഭിക്കുന്ന കിസ്സ റിക്രിയേഷന്‍ സെന്റര്‍ പാലേരി ടൗണിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ചങ്ങരോത്ത് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം. ചന്ദ്രന്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

## Article Content

പാലേരി: മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം ലക്ഷ്യമാക്കി ആരംഭിക്കുന്ന കിസ്സ റിക്രിയേഷന്‍ സെന്റര്‍ പാലേരി ടൗണിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ചങ്ങരോത്ത് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം. ചന്ദ്രന്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

പ്രശസ്ത സിനിമാ - സീരിയല്‍ നടന്‍ ബാലന്‍ പാറക്കല്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. വേറിട്ട വഴികളില്‍ നല്ല ചുവടുവെപ്പുകളോടെ എന്നും ജനങ്ങള്‍ക്കൊപ്പം എന്ന ആശയവുമായാണ് കിസ്സ പ്രവര്‍ത്തിക്കുന്നത്.

പല കാരണങ്ങളാല്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുപോവുന്ന മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം ലക്ഷ്യമാക്കി സജീവമായ ഒരു ജനകീയ കൂട്ടായ്മയാണ് കിസ്സ റിക്രിയേഷന്‍ സെന്റര്‍. അതിരുകളില്ലാത്ത മാനവിക ഐക്യവും നാടിന്റെ നന്മയും ഒരുമയും സഫലമാവട്ടെ ഈ സ്വപ്നങ്ങള്‍ എന്നതാണ് സെന്ററിന്റെ മുദ്രാവാക്യം. ബ്രോഷറില്‍ വിശദീകരിച്ചിരിക്കുന്ന വിവിധ പദ്ധതികള്‍ ശ്രദ്ധേയമാണ്.

പ്രായംകൂടിയവരുടെ മാനസിക സമ്മര്‍ദ്ദ ലഘൂകരണവും ഉള്‍പ്പെടെയുള്ള ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയൂന്നി സമാശ്വാസ ക്യാമ്പുകള്‍, ജീവിതശൈലീ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും മൊബൈല്‍ ലാബ് / റിലീഫ് വാന്‍, സീനിയേഴ്‌സ് ഹോസ്റ്റലും ഷോര്‍ട്ട് സ്റ്റേ ഹോമും, ജറിയാട്രിക് കെയര്‍ പരിശീലനവും ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും പദ്ധതിയിലുണ്ട്.

വയോജന പരിചരണത്തില്‍ താല്‍പര്യമുള്ള യുവതീ-യുവാക്കളുടെ സന്നദ്ധ സംഘം, വയോജന ആനുകൂല്യങ്ങളും നിയമപരിരക്ഷയും ലഭ്യമാക്കാന്‍ സജീവ ഇടപെടല്‍, ലഹരിവ്യാപനം തടയാന്‍ സാമൂഹ്യ അവബോധം ഉയര്‍ത്തല്‍, ദേശീയോല്‍ഗ്രഥനവും മതേതരത്വവും ഊട്ടിവളര്‍ത്തല്‍, മുതിര്‍ന്ന പൗരര്‍ക്കുവേണ്ടി ചെറുതും വലുതുമായ ഉല്ലാസയാത്രകള്‍, ലഘു വ്യായാമ സൗകര്യം ഓരോ വാര്‍ഡിലും ഉറപ്പുവരുത്തല്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും കിസ്സയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതാ ഇവിടെ പഴക്കഥകളും നാട്ടുവര്‍ത്തമാനങ്ങളും പങ്കിട്ട് മനസ്സിലെ വിങ്ങലകറ്റാന്‍ ഒരിടം എന്നാണ് ബ്രോഷര്‍ നല്‍കുന്ന വാഗ്ദാനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386129/paleri-kissa-recreation-center-brochure-release-cm-chandran-balan-parakkal)