---
title: "അപൂര്‍വ രോഗം തളര്‍ത്തിയ നീതുവിന് കൈത്താങ്ങാകാന്‍ നാട് കൈകോര്‍ക്കുന്നു"
english_title: "Cheruvannur Neethu Sudheesh Rare Disease Clival Chordoma Treatment Help Committee Fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386234/cheruvannur-neethu-sudheesh-clival-chordoma-rare-disease-treatment-fund-appeal"
published_at: "2026-10-09T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac88295354f3_cheruvannur-neethu-sudheesh-clival-chordoma-rare-disease-treatment-fund-appeal.jpg"
keywords: ["Clival Chordoma Rare Disease", "Tata Memorial Proton Therapy", "Cheruvannur Panchayat Treatment Committee"]
---

# അപൂര്‍വ രോഗം തളര്‍ത്തിയ നീതുവിന് കൈത്താങ്ങാകാന്‍ നാട് കൈകോര്‍ക്കുന്നു

> **Lead Summary:** ചെറുവണ്ണൂര്‍: അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നീതു സുധീഷിന്റെ തുടര്‍ചികിത്സയ്ക്കായി നാടിന്റെ കൈത്താങ്ങ് തേടി ചികിത്സാ സഹായ കമ്മിറ്റി രംഗത്ത്. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അഴകില്‍ വാടകയ്ക്ക് താമസിക്കുന്ന നീതു സുധീഷിന് ക്ലൈവല്‍ കോര്‍ഡോമ എന്ന അപൂര്‍വ രോഗമാണ് ബാധിച്ചിരിക്കുന്നത്.

## Article Content

ചെറുവണ്ണൂര്‍: അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നീതു സുധീഷിന്റെ തുടര്‍ചികിത്സയ്ക്കായി നാടിന്റെ കൈത്താങ്ങ് തേടി ചികിത്സാ സഹായ കമ്മിറ്റി രംഗത്ത്. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അഴകില്‍ വാടകയ്ക്ക് താമസിക്കുന്ന നീതു സുധീഷിന് ക്ലൈവല്‍ കോര്‍ഡോമ എന്ന അപൂര്‍വ രോഗമാണ് ബാധിച്ചിരിക്കുന്നത്.

തലച്ചോറിന്റെ അടിഭാഗത്തെ അസ്ഥിയെ ബാധിക്കുന്ന ട്യൂമറിനെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. ഇതിനായി മാത്രം ഏഴ് ലക്ഷത്തോളം രൂപ ചെലവായി.

എന്നാല്‍ രോഗം നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്തതിനാല്‍ തുടര്‍ചികിത്സ അനിവാര്യമാണ്. മുംബൈ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രോട്ടോണ്‍ തെറാപ്പി ഉള്‍പ്പെടെയുള്ള തുടര്‍ചികിത്സയ്ക്കാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

എത്രയും വേഗം ചികിത്സ ആരംഭിച്ചില്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി ഏകദേശം 15 ലക്ഷം രൂപ കൂടി ആവശ്യമായി വരും.

മൂന്ന് കുട്ടികളുടെ അമ്മയാണ് നീതു. മുലകുടി മാറാത്ത കുഞ്ഞടക്കമുള്ള കുടുംബത്തിന്റെ ഏക ആശ്രയം ഭര്‍ത്താവ് സുധീഷ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനമാണ്. രണ്ടാമത്തെ കുട്ടി നിത്യരോഗിയും ഭിന്നശേഷിക്കാരനുമാണ്. പരേതനായ നിരയില്‍ ബാലന്റെ മകളാണ് നീതു.

സര്‍ക്കാര്‍ ഭൂമി വാങ്ങി ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് കുടുംബത്തെ പ്രതിസന്ധിയിലാക്കി രോഗമെത്തിയത്.

ഈ സാഹചര്യത്തിലാണ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ ഫണ്ട് സമാഹരണത്തിന് രംഗത്തിറങ്ങിയത്. ഒക്ടോബര്‍ 11 ഞായറാഴ്ച ഏകദിന ഫണ്ട് സമാഹരണ യജ്ഞം സംഘടിപ്പിക്കും.

ഷാഫി പറമ്പില്‍ എം.പി., അഡ്വ. ഫാത്തിമ തഹിലിയ എംഎല്‍എ എന്നിവര്‍ രക്ഷാധികാരികളും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നളിനി നല്ലൂര്‍ ചെയര്‍പേഴ്സണും പി.കെ.എം. ബാലകൃഷ്ണന്‍ വര്‍ക്കിങ് ചെയര്‍മാനും എന്‍.കെ. ദാസന്‍ ജനറല്‍ കണ്‍വീനറും 16-ാം വാര്‍ഡ് അംഗം സനില തയ്യുള്ളതില്‍ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

സുമനസ്സുകള്‍ക്ക് സഹായം ചെറുവണ്ണൂര്‍ കനറാ ബാങ്ക് ശാഖയിലെ 110335854359 നമ്പര്‍ അക്കൗണ്ടിലേക്ക് (IFSC: CNRB0014412) അയക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386234/cheruvannur-neethu-sudheesh-clival-chordoma-rare-disease-treatment-fund-appeal)