---
title: "കാറില്‍ കടത്തിയ എംഡിഎംഎയുമായി പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍"
english_title: "Kozhikode MDMA Seizure 11.90 Gram Perambra Native Arrested Kunnamangalam Police"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386587/kozhikode-mdma-seizure-perambra-native-afnaj-arrested-kunnamangalam-police"
published_at: "2026-10-11T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb9786cf1e1__kozhikode-mdma-seizure-perambra-native-afnaj-arrested-kunnamangalam-police.JPG"
keywords: ["Kozhikode News", "Perambra News", "MDMA Seizure Kozhikode", "Kunnamangalam Police", "Drug Case Kozhikode"]
---

# കാറില്‍ കടത്തിയ എംഡിഎംഎയുമായി പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

> **Lead Summary:** കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന രാസലഹരിയുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. പേരാമ്പ്ര നൊച്ചാട് പള്ളിച്ചാലില്‍ വി.എം. അഫ്‌നാജ് , പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങലില്‍ റിന്‍ഷ ഫാത്തിമ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

## Article Content

കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന രാസലഹരിയുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. പേരാമ്പ്ര നൊച്ചാട് പള്ളിച്ചാലില്‍ വി.എം. അഫ്‌നാജ് , പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങലില്‍ റിന്‍ഷ ഫാത്തിമ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

രാത്രി 10.30 ന് കുന്ദമംഗലം പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. എസ്.ഐ. വി.കെ. ഏലിയാസും എസ്.സി.പി.ഒമാരായ പി.സി. ബിജു, അജീഷ്, സി.പി.ഒമാരായ ഷിബില, മുഹമ്മദ് ഷമീര്‍ എന്നിവരും പൊലീസ് ജീപ്പില്‍ അതിവേഗം കാറിനെ പിന്തുടരുകയായിരുന്നു.

കട്ടാങ്ങല്‍-മാവൂര്‍ റോഡ് വഴി പോയ ശേഷം കാണാതായ കാര്‍ എന്‍.ഐ.ടി ഹോസ്റ്റലിന് സമീപം ഒരു അപ്പാര്‍ട്ട്‌മെന്റിലെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്ന് 11.90 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടര്‍ന്ന് കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിടിയിലായ രണ്ടുപേരും മുമ്പും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഫ്‌നാജിന്റെ പേരില്‍ കാപ്പ കേസ് ഉള്‍പ്പെടെ 11 കേസും റിന്‍ഷ ഫാത്തിമയുടെ പേരില്‍ മൂന്ന് കേസുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്‍.ഐ.ടി.ക്ക് സമീപം എത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നതിനായാണ് ഇവര്‍ രാസലഹരി എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386587/kozhikode-mdma-seizure-perambra-native-afnaj-arrested-kunnamangalam-police)