---
title: "പേരാമ്പ്ര ചെമ്പ്ര റോഡില്‍ ഭീഷണിയായി ഒങ്ങ് മരം; അപകട ഭീതിയില്‍ നാട്ടുകാര്‍"
english_title: "Dangerous Onga Tree at Perambra Chembra Road Threatens Commuters and Shops"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387379/perambra-chembra-road-dangerous-onga-tree-threat"
published_at: "2026-10-16T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1f5f9d93f1_perambra-chembra-road-dangerous-onga-tree-threat.jpg"
keywords: ["Perambra News", "Chembra Road News", "Perambra Town", "Dangerous Tree"]
---

# പേരാമ്പ്ര ചെമ്പ്ര റോഡില്‍ ഭീഷണിയായി ഒങ്ങ് മരം; അപകട ഭീതിയില്‍ നാട്ടുകാര്‍

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പട്ടണത്തില്‍ ചെമ്പ്ര റോഡില്‍ ഭീഷണിയായി ഒങ്ങ് മരം. ചെമ്പ്ര റോഡില്‍ സംഘം തീയ്യറ്ററിന് സമീപം മരക്കാടി തോടിനോട് ചേര്‍ന്ന് ചാഞ്ഞ് നില്‍ക്കുന്ന ഒങ്ങ് മരമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പട്ടണത്തില്‍ ചെമ്പ്ര റോഡില്‍ ഭീഷണിയായി ഒങ്ങ് മരം. ചെമ്പ്ര റോഡില്‍ സംഘം തീയ്യറ്ററിന് സമീപം മരക്കാടി തോടിനോട് ചേര്‍ന്ന് ചാഞ്ഞ് നില്‍ക്കുന്ന ഒങ്ങ് മരമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്.

മാത്രമല്ല മലയോര മേഖലകളില്‍ നിന്നുമൊക്കെ കോഴിക്കോടും മറ്റ് ദൂരെ സ്ഥലങ്ങളിലുമൊക്കെ ജോലിക്കു പോകുന്നവര്‍ ഇവിടെ എത്തി മരത്തിന് സമീപമായി റോഡരികില്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം ബസ്സുകളില്‍ പോവുകയാണ് പതിവ്. ഇങ്ങനെ നിരവധി വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാറുണ്ട്.

കാറ്റിലോ കനത്ത മഴയിലോ ഈ മരം കടപുഴകിയാല്‍ ഈ വാഹനങ്ങള്‍ പൂര്‍ണ്ണമായും നശിക്കും. കൂടാതെ എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും ഇതുവഴി യാത്രചെയ്യുന്ന വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ്.

ബസുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്. പട്ടണത്തില്‍ പ്രധാന പാതയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇതുവഴിയാണ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നത്. വലിയ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ മരത്തിന്റെ ചില്ലകള്‍ വാഹനങ്ങളില്‍ തട്ടിയാണ് പോകുന്നത്. ഇത് അപകട ഭീഷണി ഉയര്‍ത്തുന്നു.

ഈ മരത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഒങ്ങ് മരം കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായ ശക്തമായ കാറ്റില്‍ കടപുഴകി വീഴുകയായിരുന്നു. കാറ്റിന്റെ ശക്തിയില്‍ റോഡിലേക്ക് ചാഞ്ഞമരം റോഡിലേക്ക് വീഴാതെ സമീപത്തെ ഗ്രൗണ്ടിലേക്ക് വീണതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ഉള്ളവര്‍ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. അപകട ഭീഷണി ഉയര്‍ത്തുന്ന ഈ ഒങ്ങ് മരം മുറിച്ച് മാറ്റണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387379/perambra-chembra-road-dangerous-onga-tree-threat)