---
title: "തൊട്ടില്‍പാലത്ത് നിന്നും കാണാതായ അധ്യാപകയെ പാലക്കാട് വെച്ച് കണ്ടെത്തി"
english_title: "Missing Teacher Anumol From Thottilpalam Found In Palakkad Police Custody"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387551/missing-teacher-anumol-thottilpalam-found-palakkad"
published_at: "2026-10-17T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3b5014561c_nulu.JPG"
keywords: ["Kavillumpara News", "Thottilpalam News", "Missing Teacher Found", "Anumol Teacher", "Thottilpalam Police"]
---

# തൊട്ടില്‍പാലത്ത് നിന്നും കാണാതായ അധ്യാപകയെ പാലക്കാട് വെച്ച് കണ്ടെത്തി

> **Lead Summary:** **തൊട്ടില്‍പാലം: **തൊട്ടില്‍പാലത്ത് നിന്നും കാണാതായ അധ്യാപികയെ പാലക്കാട് വെച്ച് കണ്ടെത്തി. തൊട്ടില്‍പാലം കൂടലില്‍ സ്വദേശി അനുമോളെയാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്. പുതുശേരിയില്‍ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്ന അനുമോളെയും സുഹൃത്തായ വടകര തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദിനെയും തൊട്ടില്‍പാലം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

## Article Content

**തൊട്ടില്‍പാലം: **തൊട്ടില്‍പാലത്ത് നിന്നും കാണാതായ അധ്യാപികയെ പാലക്കാട് വെച്ച് കണ്ടെത്തി. തൊട്ടില്‍പാലം കൂടലില്‍ സ്വദേശി അനുമോളെയാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്. പുതുശേരിയില്‍ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്ന അനുമോളെയും സുഹൃത്തായ വടകര തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദിനെയും തൊട്ടില്‍പാലം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

അബ്ദുള്‍ സമദിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. അനുമോളുടെ കുടുംബം നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇരുവരെയും കണ്ടെത്തിയത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

മൊയിലോത്തറ സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലെ അധ്യാപികയാണ് തൊട്ടില്‍പ്പാലം കൂടലില്‍ അനുമോള്‍. ഈ മാസം അഞ്ച് മുതലാണ് ഇവരെ കാണാതായത്. പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. ബന്ധുവീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് തൊട്ടില്‍പാലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ബുദ്ധിമുട്ടിലായ അനുമോള്‍, ജീവിതപങ്കാളി സുഭാഷ് പകുത്തുനല്‍കിയ സ്വന്തം കരളിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. വിദേശരാജ്യങ്ങളില്‍നിന്ന് പോലും അനുവിന്റെ ജീവിതകഥ അറിഞ്ഞവര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു.

ഗര്‍ഭിണിയായിരിക്കെ പത്ത് വര്‍ഷം മുമ്പായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. തൊട്ടില്‍പ്പാലത്തെ കൂടലില്‍ കണ്ണന്റെയും ഏലമ്മയുടെയും ഏക മകളാണ് അനു. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387551/missing-teacher-anumol-thottilpalam-found-palakkad)