---
title: "വിജയദശമി ദിനത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു"
english_title: "Vidyarambham Ceremony Koothali Kadiyangad Changaroth Temples Children First Letters"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388021/vidyarambham-koothali-kadiyangad-changaroth-temples-vijayadashami"
published_at: "2026-10-21T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8731b091a5_kkkkkkkkkkkkkkkkkkk.jpg"
keywords: ["Koothali News", "Vidyarambham News", "Vijayadashami News", "Temple News"]
---

# വിജയദശമി ദിനത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

> **Lead Summary:** പേരാമ്പ്ര: വിജയദശമി ദിനത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. അക്ഷര ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവെയ്ക്കുന്നത് നവരാത്രിയുടെ അവസാന ദിനമായ വിജയദശമിയിലാണ്.

## Article Content

പേരാമ്പ്ര: വിജയദശമി ദിനത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. അക്ഷര ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവെയ്ക്കുന്നത് നവരാത്രിയുടെ അവസാന ദിനമായ വിജയദശമിയിലാണ്.

ക്ഷേത്രങ്ങളില്‍ മാത്രമല്ല സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ആയിരക്കണക്കിന് കുട്ടികള്‍ ആദ്യാക്ഷരമെഴുതി. ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ അക്ഷരം കുറിക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അക്ഷര ലോകത്തേക്ക് മാത്രമല്ല, വാദ്യ, നൃത്ത, സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്.

പേരാമ്പ്രയിലേയും പരിസരപ്രദേശങ്ങളിലേയും ക്ഷേത്രങ്ങളില്‍ വാഹനപൂജ, പുസ്തക പൂജ, ആയുധ പൂജ എന്നിവയും കുരുന്നുകളുടെ ഹരിശ്രീ കുറിക്കലും ആഘോഷമായി നടന്നു.

പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ എഴുത്തുകാരിയും റിട്ട: അധ്യാപികയുമായ ലീലാവതി ശിവദാസിന്റെയും കാരയാട് എയുപി സ്‌കൂള്‍ റിട്ട: പ്രധാനധ്യാപകന്‍ തോട്ടപ്പുറം ദാമോദരന്‍ മാസ്റ്ററുടെയും മുഖ്യ കാര്‍മ്മികത്യത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.

കൂത്താളി കമ്മത്ത് മഹാവിഷ്ണുക്ഷേത്രത്തില്‍ ഡോക്ടര്‍ പി.ജി. നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി.

കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ കണ്ണൂര്‍ ഡി.എം.ഒ ഡോക്ടര്‍ പിയൂഷ് എം. നമ്പൂതിരിപ്പാട് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.

ചങ്ങരോത്ത് ഗോപുരത്തില്‍ ഇടം മഹാവിഷ്ണുക്ഷേത്രത്തില്‍ യുവ എഴുത്തുകാരന്‍ ഷിബു ബി.കെ. നന്ദനം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.

കൂത്താളി അര്‍പ്പാം കുന്നത്ത് ദേവസ്ഥാനത്ത് ലക്ഷ്മി ടീച്ചര്‍ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചു.

പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തില്‍ കുരുന്നുകള്‍ക്ക് ശ്രീലാല്‍ നമ്പൂതിരി പറക്കില്ലത്ത് കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിച്ചു.

കന്നാട്ടി കൂവ്വപ്പള്ളി ശിവ ഭഗവതി ക്ഷേത്രത്തിൽ ഡോ കെ.പി. ബാലൻ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.

കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഡോക്ടര്‍ സച്ചിത് കുറ്റ്യാടി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.

ചെറുകാശി ശിവക്ഷേത്രത്തില്‍ കക്കാട് ഇല്ലത്ത് സന്ധ്യ അന്തര്‍ജ്ജനം കുട്ടികള്‍ക്ക് വിദ്യാരംഭം കുറിച്ചു.

വാളൂര്‍ പുളീക്കണ്ടി മുത്തപ്പന്‍ മടപ്പുരയില്‍ മഹാനവമി - വിജയദശമി ആഘോഷമാക്കി ഗ്രന്ഥപൂജ, ആയുധപൂജ, വാഹന പൂജ എന്നീ ചടങ്ങുകള്‍ക്ക് ക്ഷേത്ര മടയന്‍ ടി. പി. നാരായണന്‍ കാര്‍മ്മികത്വം വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര നിരവധി കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ചടങ്ങില്‍ കൃഷ്ണന്‍ മാവിലകണ്ടി, നാരായണന്‍ വെള്ളച്ചാലില്‍, കെ.എം സദാനന്ദന്‍, ചന്ദ്രന്‍ മാവിലകണ്ടി, ചന്ദ്രന്‍ പൊയില്‍, ടി.പി ബിനേഷ്, വിജയന്‍ ചുള്ളിക്കണ്ടി, കെ പ്രകാശ്, രാഘവന്‍ പൊയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388021/vidyarambham-koothali-kadiyangad-changaroth-temples-vijayadashami)