---
title: "പേരാമ്പ്ര എസ്റ്റേറ്റ് ആനപ്പേടിയില്‍; ടാപ്പിങ് തൊഴിലാളികളുടെ സംരക്ഷണത്തിന് നടപടി വേണം; എച്ച്.എം.എസ്"
english_title: "Perambra Estate Elephant Fear HMS Demands Protection For Tapping Workers Solar Fencing"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388080/perambra-estate-elephant-attack-hms-demands-solar-fencing-protection"
published_at: "2026-10-21T17:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8a42843b9c_ai.jpg"
keywords: ["Chakkitapara News", "HMS News", "Perambra Estate News", "Elephant Attack News"]
---

# പേരാമ്പ്ര എസ്റ്റേറ്റ് ആനപ്പേടിയില്‍; ടാപ്പിങ് തൊഴിലാളികളുടെ സംരക്ഷണത്തിന് നടപടി വേണം; എച്ച്.എം.എസ്

> **Lead Summary:** **പേരാമ്പ്ര **: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് പേരാമ്പ്ര എസ്റ്റേറ്റ് മേഖലയില്‍ കാട്ടാനയുടെ അതിക്രമം വീണ്ടും. പതിവ് ജോലിയുടെ ഭാഗമായി റബര്‍ ടാപ്പിങ്ങിനായി തോട്ടത്തിലേക്ക് പ്രവേശിച്ച വനിതാ തൊഴിലാളി കാട്ടാനയുടെ മുന്നില്‍പ്പെട്ടു. ആനയുടെ ആക്രമണത്തില്‍ നിന്നും ഭാഗ്യം കൊണ്ടാണ് മുതുകാട് സ്വദേശിനിയായ ടി.കെ ഉഷയെന്ന ടാപ്പിംഗ് തൊഴിലാളി കഷ്ടിച്ച് രക്ഷപ്പെട്ടത്.

## Article Content

**പേരാമ്പ്ര **: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് പേരാമ്പ്ര എസ്റ്റേറ്റ് മേഖലയില്‍ കാട്ടാനയുടെ അതിക്രമം വീണ്ടും. പതിവ് ജോലിയുടെ ഭാഗമായി റബര്‍ ടാപ്പിങ്ങിനായി തോട്ടത്തിലേക്ക് പ്രവേശിച്ച വനിതാ തൊഴിലാളി കാട്ടാനയുടെ മുന്നില്‍പ്പെട്ടു. ആനയുടെ ആക്രമണത്തില്‍ നിന്നും ഭാഗ്യം കൊണ്ടാണ് മുതുകാട് സ്വദേശിനിയായ ടി.കെ ഉഷയെന്ന ടാപ്പിംഗ് തൊഴിലാളി കഷ്ടിച്ച് രക്ഷപ്പെട്ടത്.

ഉഷയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയതിനെ തുടര്‍ന്നാണ് ആന ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങിയത്. ആനയുടെ ആക്രമണത്തില്‍ ഭയന്നോടുന്നതിനിടയില്‍ പരിക്കേറ്റ ഇവരെ ഉടന്‍തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുതുകാട്, ചക്കിട്ടപാറ, പെരുവണ്ണാമൂഴി ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി കാട്ടാന ശല്യം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സന്ധ്യാസമയങ്ങളില്‍ മാത്രമല്ല, പകല്‍സമയങ്ങളില്‍ പോലും ടാപ്പിങ് തൊഴിലാളികളും കര്‍ഷകരും കടുത്ത ഭയത്തോടെയാണ് ജോലിക്കിറങ്ങുന്നത്.

റബര്‍ തോട്ടങ്ങളും കാര്‍ഷിക വിളകളും കാട്ടാനകള്‍ നശിപ്പിക്കുന്നത് കര്‍ഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. നിരവധി തവണ വനം വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ജനവാസ മേഖലകളിലേക്ക് ആനകള്‍ ഇറങ്ങുന്നത് തടയാന്‍ ഫലപ്രദമായ പ്രതിരോധ നടപടികള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

എസ്റ്റേറ്റില്‍ ആന കയറുന്നത് ഒഴിവാക്കാന്‍ വനം വകുപ്പിനു കഴിയാത്തത് വലിയ കുഴപ്പമാണ് ഉണ്ടാക്കുക. പുലര്‍ച്ചെ ജോലിക്കെത്തുന്ന ടാപ്പിംഗ് തൊഴിലാളികളുടെ ജീവനു സംരക്ഷണം നല്‍കാന്‍ എസ്റ്റേറ്റു മാനേജ്‌മെന്റും ഫോറസ്റ്റധികൃതരും തയ്യാറാവണം. മാസങ്ങളായി പാസ്സായിക്കിടക്കുന്ന സോളാര്‍ ഹാംഗിംഗ് ഫെന്‍സിംഗ് എസ്റ്റേറ്റിനു ചുറ്റും സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുകയാണ്.

ഈ പ്രവൃത്തികള്‍ ഉടന്‍ നടത്താനും എസ്റ്റേറ്റിനകത്തേ വന്യജീവികളെ തുരത്താനും അധികൃതര്‍ നടപടികളെടുക്കണമെന്ന് പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ സെന്റര്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.ജി രാമനാരായണന്‍ അധ്യക്ഷത വഹിച്ചു. വിജൂ ചെറുവത്തൂര്‍, സിന്ധു മൈക്കിള്‍, കെ.ജെ ജോഷി, സി.കെ സുരേഷ്, സി.എന്‍ ബാബു, കെ.എസ് നിഖില്‍ദാസ്, കെ.കെ സനോജ്, എ.സി സുഭാഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388080/perambra-estate-elephant-attack-hms-demands-solar-fencing-protection)