---
title: "ചെറുവണ്ണൂര്‍ അഗ്രോ സര്‍വീസ് സെന്ററിലെ കോടികളുടെ കാര്‍ഷികയന്ത്രങ്ങള്‍ നശിക്കുന്നു - സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി"
english_title: "Demand For Probe Into Damage Of Agricultural Machines At Cheruvannur Agro Service Centre Says BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388421/cheruvannur-agro-service-centre-machines-damage-probe-bjp-kk-rajeesh"
published_at: "2026-10-23T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb859dbdedf_cheruvannur-agro-service-centre-machines-damage-probe-bjp-kk-rajeesh.JPG"
keywords: ["Perambra News", "Cheruvannur News", "Agro Service Centre", "BJP", "KK Rajeesh", "Agriculture"]
---

# ചെറുവണ്ണൂര്‍ അഗ്രോ സര്‍വീസ് സെന്ററിലെ കോടികളുടെ കാര്‍ഷികയന്ത്രങ്ങള്‍ നശിക്കുന്നു - സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ അഗ്രോ സര്‍വീസ് സെന്ററിലെ കോടിക്കണക്കിന് രൂപയുടെ കാര്‍ഷികയന്ത്രങ്ങള്‍ നശിക്കാന്‍ കാരണമായതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ രജീഷ് ആവശ്യപ്പെട്ടു. ചെറുവണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ കാര്‍ഷിക കേന്ദ്രങ്ങളും കാര്‍ഷിക വസ്തുക്കളും നടീല്‍ വസ്തുക്കളും ലഭ്യമാകുക എന്ന ഉദ്ദേശത്തോടെയാണ് 10 വര്‍ഷം മുന്‍പ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ ചെറുവണ്ണൂര്‍ കൃഷിഭവന്റെയും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും നിയന്ത്രണത്തില്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചത്.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ അഗ്രോ സര്‍വീസ് സെന്ററിലെ കോടിക്കണക്കിന് രൂപയുടെ കാര്‍ഷികയന്ത്രങ്ങള്‍ നശിക്കാന്‍ കാരണമായതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ രജീഷ് ആവശ്യപ്പെട്ടു. ചെറുവണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ കാര്‍ഷിക കേന്ദ്രങ്ങളും കാര്‍ഷിക വസ്തുക്കളും നടീല്‍ വസ്തുക്കളും ലഭ്യമാകുക എന്ന ഉദ്ദേശത്തോടെയാണ് 10 വര്‍ഷം മുന്‍പ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ ചെറുവണ്ണൂര്‍ കൃഷിഭവന്റെയും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും നിയന്ത്രണത്തില്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചത്.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ മൂക്കിനു മുന്നില്‍, ചെറുവണ്ണൂര്‍ കൃഷിഭവന്‍ കയ്യെത്തും ദൂരത്ത് ലക്ഷങ്ങള്‍ മുടക്കി ആരംഭിച്ച അഗ്രോ സര്‍വീസ് സെന്റര്‍ നടത്തിപ്പിലെ കുറ്റകരമായ അനാസ്ഥ മൂലം നശിച്ച് നാരായണ കല്ല് എടുത്തിരിക്കുന്നുവെന്ന് രജീഷ് പറഞ്ഞു. കോടികളുടെ വിലയുള്ള യന്ത്രങ്ങളാണ് ഇവിടെ നിന്ന് നശിച്ചുകൊണ്ടിരിക്കുന്നത്.

നിരവധി തവണ അധികാരികളുടെ മുന്നില്‍ അറിയിച്ചെങ്കിലും ഒരു നടപടിയും ഇല്ല. ഇന്ന് വാടക കൊടുക്കാന്‍ പോലും സാധിക്കാത്ത വിധം തകര്‍ന്നു പോയിരിക്കുന്നു സ്ഥാപനം. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ് ഇതിന്റെ ചുമതലക്കാര്‍, ചെറുവണ്ണൂര്‍ കൃഷിഭവനും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുമാണ് ഇതിന്റെ നടത്തിപ്പുകാര്‍. ഇടതു ഭരണകാലത്ത് ആരംഭിച്ച പദ്ധതി ആരംഭിച്ച രണ്ടു വര്‍ഷത്തിനുശേഷം തന്നെ തൊഴുത്തില്‍ കുത്തും അഴിമതിയും മൂലം തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്നു.

അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി ഇന്നത്തെ ഭരണകക്ഷിയായ യുഡിഎഫും രംഗത്ത് വന്നിരുന്നു. ഭരണം മാറി വര്‍ഷങ്ങള്‍ ആയിട്ടും ചെറുവണ്ണൂരിലെ യുഡിഎഫ് ഭരണസമിതിക്കോ ഒരു വര്‍ഷത്തോളമായിട്ടുള്ള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിക്കോ ഈ കാര്യത്തില്‍ ഒരു ഇല അനക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.

കൃഷി ഇന്ന് അന്യം നിന്നു പോവുകയാണ്. എന്നാല്‍ ആരെങ്കിലും കാര്‍ഷിക മേഖലയിലേക്ക് മുന്നോട്ടു വരുന്നുണ്ടെങ്കില്‍ അവര്‍ക്ക് പരമാവധി ചെറിയ തുകയ്ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ സാധിച്ചാല്‍ അത് വലിയ കാര്യമായിരിക്കും. ഇന്ന് പലരും സ്വകാര്യ വ്യക്തികളുടെ യന്ത്രങ്ങളെയാണ് ആശ്രയിക്കുന്നത്, അതുകൊണ്ടുതന്നെ അവര്‍ പറയുന്ന പണം നല്‍കുകയും വേണം.

സര്‍ക്കാരിന്റെ കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങളാണ് നശിക്കുന്നത്, അഥവാ നമ്മുടെ നികുതിപ്പണം. സാധാരണക്കാരുടെ ക്ഷമ ഇനിയും ഭരണാധികാരികള്‍ പരീക്ഷിക്കരുത്. ഭരണകൂടം നിഷ്‌ക്രിയമാകരുത്. സാധാരണക്കാരന്റെ ശബ്ദമായി മാറേണ്ട ജനപ്രതിനിധികള്‍ നോക്കുകുത്തികളായി സമയം കളയരുത്. ഇക്കാര്യത്തില്‍ ഇനിയും അധികൃതര്‍ അലംഭാവം തുടരുകയാണെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് കെ.കെ രജീഷ് മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388421/cheruvannur-agro-service-centre-machines-damage-probe-bjp-kk-rajeesh)