---
title: "ചേനോളിയില്‍ യുവാവിന് നേരെ മുളകുപൊടിയെറിഞ്ഞ് മര്‍ദനം; കൊട്ടേഷനെന്ന് പ്രതികള്‍"
english_title: "Youth Attacked With Chilli Powder In Chenoli Perambra Quotation Gang"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388505/chenoli-youth-attacked-chilli-powder-quotation-case-perambra"
published_at: "2026-10-24T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc51c625b98_chenoli-youth-attacked-chilli-powder-quotation-case-perambra.jpg"
keywords: ["Perambra News", "Chenoli News", "Crime News", "Perambra Police", "Quotation Attack"]
---

# ചേനോളിയില്‍ യുവാവിന് നേരെ മുളകുപൊടിയെറിഞ്ഞ് മര്‍ദനം; കൊട്ടേഷനെന്ന് പ്രതികള്‍

> **Lead Summary:** **പേരാമ്പ്ര:** അയല്‍വാസിയുടെ വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയെ തുടര്‍ന്ന് പേരാമ്പ്ര ചേനോളിയില്‍ യുവാവിനേയും ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി. ചേനോളി കുണ്ടുങ്ങല്‍ താഴയില്‍ മണ്ണച്ചാംകണ്ടി റഷീദിനാണ് മര്‍ദനമേറ്റത്. കാറില്‍ പെട്രോള്‍ തീര്‍ന്നെന്നും പേരാമ്പ്രയില്‍ പോയി പെട്രോള്‍ വാങ്ങാന്‍ ഓട്ടോറിക്ഷയുമായി വരാമോ എന്നും ചോദിച്ചാണ് പ്രതികള്‍ റഷീദിനെ സമീപിച്ചത്. ഓട്ടോയുമായി വീടിന്റെ താഴെ എത്തിയ റഷീദിനോട് അയല്‍വാസിയായ ബാസില്‍ കുണ്ടുങ്ങല്‍ എന്നയാള്‍ തങ്ങളെ ഏല്‍പ്പിച്ച കൊട്ടേഷനാണെന്ന് പറഞ്ഞായിരുന്നു അക്രമം.

## Article Content

**പേരാമ്പ്ര:** അയല്‍വാസിയുടെ വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയെ തുടര്‍ന്ന് പേരാമ്പ്ര ചേനോളിയില്‍ യുവാവിനേയും ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി. ചേനോളി കുണ്ടുങ്ങല്‍ താഴയില്‍ മണ്ണച്ചാംകണ്ടി റഷീദിനാണ് മര്‍ദനമേറ്റത്. കാറില്‍ പെട്രോള്‍ തീര്‍ന്നെന്നും പേരാമ്പ്രയില്‍ പോയി പെട്രോള്‍ വാങ്ങാന്‍ ഓട്ടോറിക്ഷയുമായി വരാമോ എന്നും ചോദിച്ചാണ് പ്രതികള്‍ റഷീദിനെ സമീപിച്ചത്. ഓട്ടോയുമായി വീടിന്റെ താഴെ എത്തിയ റഷീദിനോട് അയല്‍വാസിയായ ബാസില്‍ കുണ്ടുങ്ങല്‍ എന്നയാള്‍ തങ്ങളെ ഏല്‍പ്പിച്ച കൊട്ടേഷനാണെന്ന് പറഞ്ഞായിരുന്നു അക്രമം.

വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ വെച്ച് റഷീദിനെ തടഞ്ഞുനിര്‍ത്തിയ സംഘം കണ്ണില്‍ മുളകുപൊടി എറിയുകയായിരുന്നു. കാഴ്ച മറഞ്ഞ റഷീദിനെ കൈയില്‍ കരുതിയിരുന്ന ഇരുമ്പുകട്ട ഉപയോഗിച്ച് നെറ്റിയില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. തുടര്‍ന്ന് റഷീദിന്റെ വീടിന്റെ വരാന്തയിലേക്ക് അതിക്രമിച്ച് കയറിയ സംഘം, റഷീദിനെയും ഭാര്യ ഷംനയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും റഷീദ് പറയുന്നു.

കണ്ണിനും തലക്കും പരിക്കേറ്റ റഷീദിന്റെ നിലവിളി കേട്ട് അയല്‍വാസികളും വീട്ടുകാരും ഓടി വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. വൈകുന്നേരം മുതല്‍ വെള്ള നിറമുള്ള കാര്‍ ചേനോളി പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. റഷീദിന്‌ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. റഷീദിന്റെ നെറ്റിയില്‍ നാല് തുന്നലുകളുണ്ട്. പരിക്കേറ്റ റഷീദിന്റെ പരാതിയില്‍ പേരാമ്പ്ര പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എഎസ്‌ഐ രാജേഷ് കെ യുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഒരു മാസം മുമ്പ് അയല്‍വാസിയായ ബാസില്‍ കുണ്ടുങ്ങല്‍ തന്നെ ഫോണില്‍ വിളിച്ചും വാട്‌സ്ആപ്പില്‍ മെസേജയച്ചും കൊല്ലുമെന്നും തന്നെയും ഭാര്യയെയും വീല്‍ചെയറില്‍ കിടത്തുമെന്നും പറഞ്ഞ് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായി റഷീദ് പറയുന്നു. ബാസിലിനെതിരെ ഗൂഢാലോചനക്കുറ്റവും തന്നെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്തതിന് കൊലപാതകശ്രമക്കേസിലും പ്രതി ചേര്‍ക്കണമെന്നും റഷീദ് ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388505/chenoli-youth-attacked-chilli-powder-quotation-case-perambra)