---
title: "സംസ്ഥാന കായികമേളയില്‍ ഹരിതചട്ടം ഉറപ്പാക്കാന്‍ വിപുലമായ മാലിന്യപരിപാലന സംവിധാനം"
english_title: "Green Protocol Ensured at 68th State School Sports Meet Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388810/green-protocol-68th-state-sports-meet-kozhikode"
published_at: "2026-10-26T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf1591852b2_green-protocol-68th-state-sports-meet-kozhikode.JPG"
keywords: ["State School Sports Meet", "Green Protocol", "Haritha Karma Sena", "Suchitwa Mission"]
---

# സംസ്ഥാന കായികമേളയില്‍ ഹരിതചട്ടം ഉറപ്പാക്കാന്‍ വിപുലമായ മാലിന്യപരിപാലന സംവിധാനം

> **Lead Summary:** കോഴിക്കോട്: കായിക ആവേശത്തിനൊപ്പം ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കി അറുപത്തിയെട്ടാമത് സംസ്ഥാന കായികമേളയില്‍ വിപുലമായ ഹരിത പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍.

## Article Content

കോഴിക്കോട്: കായിക ആവേശത്തിനൊപ്പം ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കി അറുപത്തിയെട്ടാമത് സംസ്ഥാന കായികമേളയില്‍ വിപുലമായ ഹരിത പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍.

മേളയിലെത്തുന്ന കായികതാരങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ശുചിത്വമുള്ള പരിസരത്ത് കായികമേള ആസ്വദിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന വേദികളിലുള്‍പ്പെടെ ഹരിതചട്ടം ഉറപ്പാക്കുന്നതിനായി 100 ഗ്രീന്‍ പ്രോട്ടോക്കോള്‍ വളണ്ടിയര്‍മാരെയും 40 ഹരിതകര്‍മ സേനാംഗങ്ങളെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ശുചിത്വ മിഷന്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി, കാലിക്കറ്റ് സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഗ്രൗണ്ടിലും പരിസരങ്ങളിലും ആവശ്യത്തിന് മാലിന്യസംഭരണ ബിന്നുകള്‍, ബോട്ടില്‍ ബൂത്തുകള്‍, ഓലകൊണ്ട് നിര്‍മിച്ച കുട്ടകള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കി ഉറവിടത്തില്‍ത്തന്നെ തരംതിരിച്ച് ശേഖരിക്കുന്നതിനും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും പ്രത്യേക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മേളയില്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ പുനരുപയോഗത്തിനായി കൈമാറുകയും അവ ഉപയോഗിച്ച് വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ഇതിലൂടെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കാനും ലക്ഷ്യമിടുന്നു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിന്നുകള്‍ കൈമാറി.

ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി.വി. പ്രമോദ്, എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി കണ്‍വീനര്‍ പി.സി. അബ്ദുള്‍ റഹീം, മുജീബ് കക്കാട്, സി.കെ സരിത്ത്, ജോഫിന്‍ ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. മലബാര്‍ ഗോള്‍ഡ്, ബിസ്ലേരി ഇന്റര്‍നാഷണല്‍, ഗ്രീന്‍ വേംസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയും പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

കായികമേളയുടെ ആവേശം ആസ്വദിക്കാം, മാലിന്യമുക്തമായ പരിസരം കാത്തുസൂക്ഷിക്കാം. ''വരൂ, ആസ്വദിക്കൂ... ഇവിടം ക്ലീനാണ്!'' എന്ന സന്ദേശത്തിലൂടെ ശുചിത്വത്തിന്റെയും ഉത്തരവാദിത്തമുള്ള മാലിന്യപരിപാലനത്തിന്റെയും മാതൃകയാകുകയാണ് സംസ്ഥാന കായികമേള.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388810/green-protocol-68th-state-sports-meet-kozhikode)