---
title: "വിദ്യാരംഗം സർഗോത്സവത്തിന് വർണാഭമായ തുടക്കം"
english_title: "Vidyarangam Sargotsavam Perambra Upajilla Vakkad HSS Arya Gopi Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388990/vidyarangam-sargotsavam-perambra-vakkad-arya-gopi-inauguration"
published_at: "2026-10-27T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae073c70b36c_devar.JPG"
keywords: ["Vidyarangam Sargotsavam", "Perambra Sub District", "Vakkad HSS", "Dr Arya Gopi"]
---

# വിദ്യാരംഗം സർഗോത്സവത്തിന് വർണാഭമായ തുടക്കം

> **Lead Summary:** **വാകയാട്: ** ഉപജില്ല വിദ്യാരംഗം സര്‍ഗോത്സവത്തിന് വര്‍ണാഭമായ തുടക്കമായി. വാകയാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍വെച്ച് നടത്തിയ സര്‍ഗോത്സവം എഴുത്തുകാരി ഡോ. ആര്യ ഗോപി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**വാകയാട്: ** ഉപജില്ല വിദ്യാരംഗം സര്‍ഗോത്സവത്തിന് വര്‍ണാഭമായ തുടക്കമായി. വാകയാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍വെച്ച് നടത്തിയ സര്‍ഗോത്സവം എഴുത്തുകാരി ഡോ. ആര്യ ഗോപി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കലാ സാഹിത്യ പ്രവര്‍ത്തനത്തിലൂടെ മനസ്സിലെ മാലിന്യം ഇല്ലാതാക്കാനും ജീവിത മൂല്യങ്ങള്‍ പങ്ക് വെക്കാനും കഴിയുമെന്നും, കുട്ടിക്കാലത്ത് കേള്‍ക്കുന്നതും പറയുന്നതുമായ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ കൗമാര, യൗവനകാലത്തെത്തുമ്പോള്‍ തീക്ഷ്ണമായ പ്രതികരണമായി മാറുന്നുവെന്നും, സഹനവും സമരസപ്പെടലും സാഹിത്യമായി മാറണമെന്നും, അവര്‍ പറഞ്ഞു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ യൂസഫ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ വി.പി ഗോവിന്ദന്‍ കുട്ടി സ്‌നേഹാദരം നല്‍കി. തുടര്‍ന്ന് വിദ്യാരംഗം സര്‍ഗായനം പരിപാടിയില്‍ ദൃശ്യ വിരുന്ന് ഒരുക്കിയ വാകയാട് എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാലുശ്ശേരി ബിപിസി കെ. ശര്‍മിള ഉപഹാരം കൈമാറി.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാജിറ ഷമീര്‍, വിദ്യാരംഗം ഉപജില്ല കോര്‍ഡിനേറ്റര്‍ വി.എം അഷറഫ്, പ്രധാന അധ്യാപകന്‍ ഫോറം കണ്‍വീനര്‍ പി രാമചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ ഡോ. ആബിദ പുതുശ്ശേരി, പിടിഎ പ്രസിഡന്റ് സി.കെ പ്രദീപന്‍, വിദ്യാരംഗം ജില്ലാ പ്രതിനിധി ബി.ബി ബിനീഷ്, പ്രധാന അധ്യാപിക ടി. ബീന, ഇ.കെ സുരേഷ്, അസി. കോര്‍ഡിനേറ്റര്‍മാരായ പി.എം ശ്രീജിത്ത്, രന്യമനീല്‍, ജിതേഷ് പുലരി, സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ സുധാമണി, സ്‌കൂള്‍ ചെയര്‍മാന്‍ അസ്ലം ബഷീര്‍, ജി.കെ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ഉപജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാലയങ്ങളില്‍ നിന്നും കഥാരചന, കവിത രചന, പുസ്തകാസ്വാദനക്കുറിപ്പ്, അഭിനയം, ചിത്രം, നാടന്‍ പാട്ട്, കാവ്യാലാപനം എന്നീ ഏഴ് ഇനങ്ങളില്‍ നടന്ന ശില്പശാലയില്‍ എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388990/vidyarangam-sargotsavam-perambra-vakkad-arya-gopi-inauguration)