---
title: "പേരാമ്പ്രയില്‍ യുവാവിനെ മുളകുപൊടി വിതറി ആക്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയില്‍"
english_title: "Perambra Chenoli Youth Attack Quotation Gang Arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389251/perambra-chenoli-youth-attack-quotation-gang-arrested"
published_at: "2026-10-29T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2e0196f9ff_perambra-chenoli-youth-attack-quotation-gang-arrested.jpg"
keywords: ["Perambra News", "Crime News", "Perambra Police", "Quotation Gang"]
---

# പേരാമ്പ്രയില്‍ യുവാവിനെ മുളകുപൊടി വിതറി ആക്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയില്‍

> **Lead Summary:** **പേരാമ്പ്ര: **ചേനോളിയില്‍ യുവാവിനെ മുളകുപൊടി വിതറി ആക്രമിച്ചു പരിക്കേല്‍പ്പിച്ച ക്വട്ടേഷന്‍ സംഘം പിടിയില്‍. കാവില്‍ കിടഞ്ഞോത്ത് എസ്.എസ് ആകാശ് , കൂരാച്ചുണ്ട് ചെറുക്കാട് പാടിക്കുന്നുമ്മല്‍ ആര്‍.ബി അശ്വിന്‍ , വാകയാട് തോട്ടത്തില്‍ അഭയ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്.

## Article Content

**പേരാമ്പ്ര: **ചേനോളിയില്‍ യുവാവിനെ മുളകുപൊടി വിതറി ആക്രമിച്ചു പരിക്കേല്‍പ്പിച്ച ക്വട്ടേഷന്‍ സംഘം പിടിയില്‍. കാവില്‍ കിടഞ്ഞോത്ത് എസ്.എസ് ആകാശ് , കൂരാച്ചുണ്ട് ചെറുക്കാട് പാടിക്കുന്നുമ്മല്‍ ആര്‍.ബി അശ്വിന്‍ , വാകയാട് തോട്ടത്തില്‍ അഭയ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്.

സി.ഐ അനില്‍കുമാര്‍, എഎസ്‌ഐ സി.എം സുനില്‍കുമാര്‍, സിപിഒ സുജിത്ത് എന്നിവര്‍ ചേര്‍ന്ന് തന്ത്രപരമായി കസ്റ്റഡിയിലെടുത്തത്. അക്രമികള്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഒക്ടോബര്‍ 22 ന് രാത്രി 9.30 ഓടെയായിരുന്നു സംഭവം. കുണ്ടുങ്ങല്‍ താഴെ റഷീദിന് നേരെയാണ് അക്രമം നടന്നത്. കാറില്‍ പെട്രോള്‍ തീര്‍ന്നെന്നും പേരാമ്പ്രയില്‍ പോയി പെട്രോള്‍ വാങ്ങാന്‍ ഓട്ടോറിക്ഷയുമായി വരാമോ എന്നും ചോദിച്ചുകൊണ്ട് പ്രതികള്‍ റഷീദിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് ഓട്ടോയുമായി വീടിന്റെ താഴെ എത്തിയ റഷീദിന്റെ കണ്ണില്‍ മുളകുപൊടി എറിയുകയും പിന്നീട് ഇരുമ്പുകട്ട ഉപയോഗിച്ച് നെറ്റിയില്‍ ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്യുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ റഷീദിന്റെ നിലവിളി കേട്ട് അയല്‍വാസികളും വീട്ടുകാരും ഓടി വരുമ്പോഴേക്കും അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടിരുന്നു. ക്വട്ടേഷനാണെന്ന് സൂചന ഉണ്ടായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പൊലീസിനെതിരെ പ്രതിഷേധം ഉയര്‍ന്നു വരുന്നതിനിടയിലാണ് പ്രതികളെ പൊലീസ് തന്ത്രപരമായി വലയിലാക്കുന്നത്.

കാവുംതറ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലാകുന്നത്. പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍, എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എഎസ്‌ഐ സി.എം സുനില്‍കുമാര്‍ എന്നിവര്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389251/perambra-chenoli-youth-attack-quotation-gang-arrested)