---
title: "മേപ്പയ്യൂര്‍ പഞ്ചായത്ത് സ്‌കൂള്‍ കലാമേളയും അറബിക് സാഹിത്യോത്സവും ഉദ്ഘാടനം ചെയ്തു"
english_title: "Meppayur Panchayat School Kalolsavam Arabic Sahityolsavam Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389274/meppayur-panchayat-school-kalolsavam-arabic-sahityolsavam"
published_at: "2026-10-29T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2fa4d4a1b2_meppayur-panchayat-school-kalolsavam-arabic-sahityolsavam.jpg"
keywords: ["School Kalolsavam", "Arabic Sahityolsavam", "Kozhikode"]
---

# മേപ്പയ്യൂര്‍ പഞ്ചായത്ത് സ്‌കൂള്‍ കലാമേളയും അറബിക് സാഹിത്യോത്സവും ഉദ്ഘാടനം ചെയ്തു

> **Lead Summary:** മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലാമേള അറബിക് സാഹിത്യോത്സവം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി ഓള്‍ഗ ഉദ്ഘാടനം ചെയ്തു.

## Article Content

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലാമേള അറബിക് സാഹിത്യോത്സവം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി ഓള്‍ഗ ഉദ്ഘാടനം ചെയ്തു.

കലാമേള വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും സാംസ്‌കാരിക മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും വലിയ പങ്ക് വഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടിയും സംവിധായികയുമായ കബനി സൈറ മുഖ്യാതിഥിയായി. മേപ്പയ്യൂര്‍ എല്‍പി സ്‌കൂളില്‍ നാല് വേദികളിലായാണ് മേള നടക്കുന്നത്. സ്റ്റേജിതര മത്സരങ്ങള്‍ ചൊവ്വാഴ്ച നടന്നു.

പഞ്ചായത്തിലെ 14 സ്‌കൂളുകളില്‍ നിന്നായി 350 ഓളം വിദ്യാര്‍ത്ഥികളാണ് 24 ഇനങ്ങളിലായി നാല് വേദികളില്‍ മത്സരിക്കുന്നത്. വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ കുരുന്നുകളുടെ മികവാര്‍ന്ന കലാമത്സരങ്ങള്‍ മേളയ്ക്ക് മാറ്റുകൂട്ടി.

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി.കെ. ഗീത സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വി. സുനില്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസ്‌ന കൊമ്മിലേരി, ഗ്രാമപഞ്ചായത്ത് അംഗം ശ്രേയസ് ബാലകൃഷ്ണന്‍, ബിപിസി കെ. രാജീവ് കുമാര്‍, പിഇസി കണ്‍വീനര്‍ ജെയിന്‍ റോസ്, പിടിഎ പ്രസിഡന്റ് പി.എം. നിഷാന്ത്, ആര്‍.വി. അബ്ദുള്ള, സുധാകരന്‍ പുതുക്കുളങ്ങര, മുജീബ് കോമത്ത്, ശിവദാസന്‍ ശിവപുരി, ബാബു കൊളക്കണ്ടി, ഇ. കുത്തിക്കണ്ണന്‍, കെ.സി റാജ്, എംപിടിഎ പ്രസിഡന്റ് പി. അനിഷ, കെ.എം. നിഷ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389274/meppayur-panchayat-school-kalolsavam-arabic-sahityolsavam)