---
title: "അക്ഷരപ്പയറ്റും സാഹിത്യപ്രതിഭാ പുരസ്‌കാര സമര്‍പ്പണവും നടത്തി വെള്ളിയൂര്‍ ജനകീയ വായനശാല"
english_title: "Velliyur Janakeeya Vayanasala Holds Akshara Payattu and Literary Award Ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389866/velliyur-janakeeya-vayanasala-akshara-payattu-sahitya-award-ceremony"
published_at: "2026-11-02T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae832a10fd75_vayana.JPG"
keywords: ["Kerala Piravi Day", "Akshara Payattu", "Sahitya Prathibha Puraskaram", "Ramakrishnan Sarayu Perambra", "Perambra Library News"]
---

# അക്ഷരപ്പയറ്റും സാഹിത്യപ്രതിഭാ പുരസ്‌കാര സമര്‍പ്പണവും നടത്തി വെള്ളിയൂര്‍ ജനകീയ വായനശാല

> **Lead Summary:** **വെള്ളിയൂര്‍: **എഴുപതാം കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ അക്ഷരപ്പയറ്റും സാഹിത്യപ്രതിഭാ പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു.

## Article Content

**വെള്ളിയൂര്‍: **എഴുപതാം കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ അക്ഷരപ്പയറ്റും സാഹിത്യപ്രതിഭാ പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു.

കേരളം രൂപംകൊണ്ടതിന്റെ ചരിത്രപ്രാധാന്യവും മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക പൈതൃകവും പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്ന പരിപാടി ഏറെ ശ്രദ്ധേയമായി. പ്രമുഖ സാഹിത്യകാരന്‍ രാമകൃഷ്ണന്‍ സരയു പേരാമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഭാഷയെ സ്‌നേഹിക്കുകയും വായനയെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുമ്പോഴാണ് ഒരു സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ച സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകങ്ങളിലൂടെ അറിവും ചിന്തയും പങ്കുവെക്കുകയും വായനയുടെ ലോകത്തേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയും ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളപ്പിറവി ദിനത്തിന്റെ സന്ദേശം കേവലം ആഘോഷങ്ങളില്‍ ഒതുങ്ങാതെ മലയാള ഭാഷയുടെയും വായനയുടെയും സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങളായി മാറണമെന്ന ലക്ഷ്യത്തോടെയാണ് അക്ഷരപ്പയറ്റ് സംഘടിപ്പിച്ചത്.

അക്ഷരങ്ങളിലൂടെ അറിവിലേക്കും പുസ്തകങ്ങളിലൂടെ പുതിയ ചിന്തകളിലേക്കും സമൂഹത്തെ നയിക്കുക എന്ന ആശയത്തിന് ഊന്നല്‍ നല്‍കിയ പരിപാടിയുടെ ഭാഗമായി സാഹിത്യകാരന്മാരും നാട്ടുകാരുമടക്കം 200-ലധികം പുസ്തകങ്ങള്‍ വായനശാലയ്ക്ക് സംഭാവനയായി സമര്‍പ്പിച്ചു.

വായനശാലയുടെ പുസ്തകശേഖരം വിപുലീകരിക്കുന്നതിനും പൊതുസമൂഹത്തില്‍ വായനാശീലം വളര്‍ത്തുന്നതിനുമുള്ള ഈ സംരംഭം ശ്രദ്ധേയമായി. വായനശാല പ്രസിഡന്റ് എസ്. രാജീവ് അധ്യക്ഷത വഹിച്ചു. പ്രകാശന്‍ വെള്ളിയൂര്‍ ആമുഖഭാഷണം നടത്തി.

എം.സി. ശാന്ത സാഹിത്യകാരന്മാരെ പരിചയപ്പെടുത്തി. പ്രമുഖ സാഹിത്യകാരന്മാരായ രാമകൃഷ്ണന്‍ സരയു, സുബാഷ് ആറ്റുവശ്ശേരി, സാവിത്രി നിര്‍മ്മല്ലൂര്‍, രഞ്ജിത്ത് കാശിനാഥന്‍, ഡോ. സുഷമ എസ്. ചിറക്കര എന്നിവര്‍ക്ക് സാഹിത്യപ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

തുടര്‍ന്ന് പുരസ്‌കാര ജേതാക്കള്‍ മറുമൊഴി നടത്തി. വായനശാല സെക്രട്ടറി എം.കെ. ഫൈസല്‍ സ്വാഗതവും ജമാലുദ്ദീന്‍ നന്ദിയും പറഞ്ഞു. കെ.പി. ബാലകൃഷ്ണന്‍, കെ.ടി. സുകുമാരന്‍, ടി.എം. സത്യന്‍, ആര്‍ട്ടിസ്റ്റ് ശ്രീധരന്‍, സി. അഖില, ശ്രീധരന്‍ ശ്രീകല, രമ മണപ്പാട്ടില്‍, കാദര്‍ വെള്ളിയൂര്‍, സി.പി. സജിത, കെ. ഷീന, എം.സി. ഉണ്ണികൃഷ്ണന്‍, വി.പി. രവീന്ദ്രന്‍, വി.പി. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389866/velliyur-janakeeya-vayanasala-akshara-payattu-sahitya-award-ceremony)