---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് നിരക്ക് വര്‍ദ്ധന; ഡിവൈഎഫ്‌ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം"
english_title: "Perambra Taluk Hospital OP Ticket Fee Hike Sparks DYFI Protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389879/perambra-taluk-hospital-op-ticket-fee-hike-dyfi-protest-arrest"
published_at: "2026-11-02T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae83dda4319b_perambra-taluk-hospital-op-ticket-fee-hike-dyfi-protest-arrest.JPG"
keywords: ["OP Ticket Price Hike", "DYFI Protest Perambra", "Hospital Fee Increase", "DYFI Arrest Perambra", "Perambra News"]
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് നിരക്ക് വര്‍ദ്ധന; ഡിവൈഎഫ്‌ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ ഒ.പി. ടിക്കറ്റ് നിരക്ക് 5 രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിച്ചതിനെതിരെയാണ് ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ ഒ.പി. ടിക്കറ്റ് നിരക്ക് 5 രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിച്ചതിനെതിരെയാണ് ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്.

സാധാരണക്കാരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ രോഗികള്‍ പ്രധാനമായും ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മുന്നറിയിപ്പുമില്ലാതെ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയത് അംഗീകരിക്കാനാവില്ലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരെ ആശുപത്രി അധികൃതര്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയും ചര്‍ച്ച പരാജയപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് പ്രതിഷേധം ശക്തമാക്കി.

ഇതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 5 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സുധാകരന്‍, സനൂപ്, അജിത്ത് ആവള, എല്‍.എസ്. ദേവകൃഷ്ണ, അര്‍ജുന്‍ പാറാട്ടുപാറ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിപിഐഎം നേതാക്കള്‍ സ്ഥലത്തെത്തി. ഒ.പി. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും പണം നല്‍കാത്തതിന്റെ പേരില്‍ ഒരു രോഗിക്കും ചികിത്സ നിഷേധിക്കരുതെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

വരുമാനമാര്‍ഗമില്ലാത്ത നിര്‍ധനരായ രോഗികളെ ദുരിതത്തിലാക്കുന്ന നിരക്ക് വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ശക്തമായ പ്രതിഷേധം തുടരാനാണ് സംഘടനയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389879/perambra-taluk-hospital-op-ticket-fee-hike-dyfi-protest-arrest)