---
title: "മലയോര ഹൈവേ നിര്‍മാണ കെടുതി: സംയുക്ത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി"
english_title: "Malayaora Highway Construction Damage: Joint Inspection Held at Thomas House in Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390007/malayora-highway-construction-damage-joint-inspection-thomas-house-chakkittapara"
published_at: "2026-11-03T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae973aec0e25__malayora-highway-construction-damage-joint-inspection-thomas-house-chakkittapara.JPG"
keywords: ["Malayora Highway", "Koyilandy Tahsildar", "Chempra Thomas House", "Taluk Development Committee"]
---

# മലയോര ഹൈവേ നിര്‍മാണ കെടുതി: സംയുക്ത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

> **Lead Summary:** **ചക്കിട്ടപാറ:** മലയോര ഹൈവേ നിര്‍മാണം കാരണം ഉയരമുള്ള പാതയോരം ഇടിഞ്ഞ് പ്രശ്‌നം നേരിടുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ലെ ചെമ്പ്രയിലെ വെട്ടുകല്ലേല്‍ തോമസിന്റെ (ജെയ്സണ്‍) വീട് സംയുക്ത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. കൊയിലാണ്ടി തഹസില്‍ദാര്‍ (ഭൂരേഖ) ഇ.എം ബിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

## Article Content

**ചക്കിട്ടപാറ:** മലയോര ഹൈവേ നിര്‍മാണം കാരണം ഉയരമുള്ള പാതയോരം ഇടിഞ്ഞ് പ്രശ്‌നം നേരിടുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ലെ ചെമ്പ്രയിലെ വെട്ടുകല്ലേല്‍ തോമസിന്റെ (ജെയ്സണ്‍) വീട് സംയുക്ത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. കൊയിലാണ്ടി തഹസില്‍ദാര്‍ (ഭൂരേഖ) ഇ.എം ബിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

മലയോര ഹൈവേ നിര്‍മിക്കുന്ന കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.പി വിജയകൃഷ്ണനും വാര്‍ഡ് പഞ്ചായത്ത് അംഗം മൊയ്തി കോടേരിയും പരിശോധനയില്‍ സന്നിഹിതരായിരുന്നു. തോമസും ചക്കിട്ടപാറയില്‍ നിന്നുള്ള താലൂക്ക് വികസന സമിതി അംഗം രാജന്‍ വര്‍ക്കിയും രേഖാമൂലം ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ താലൂക്ക് വികസന സമിതി യോഗ തീരുമാന പ്രകാരമാണ് പരിശോധന നടത്തിയത്.

കെആര്‍എഫ്ബി അസി. എഞ്ചിനീയര്‍ ശില്‍പ ആനന്ദ്, താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് സി.പി ലിതേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. മലയോര ഹൈവേ നിര്‍മാണത്തിലെ അശാസ്ത്രീയമായ മണ്ണെടുപ്പും ഉയരമുള്ള കട്ടിംഗും മൂലം വീടിന് ഭീഷണിയാകുന്ന സാഹചര്യമാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് നവംബര്‍ ഏഴാം തീയതി നടക്കുന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിക്കുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390007/malayora-highway-construction-damage-joint-inspection-thomas-house-chakkittapara)