---
title: "പേരാമ്പ്ര എംഎല്‍എയുടെ നേതൃത്വത്തില്‍ എന്‍എംഎംഎസ് പരീക്ഷയുടെ മോക്ക് ടെസ്റ്റ് സംഘടിപ്പിച്ചു"
english_title: "Perambra MLA Adv Fathima Thahiliya Conducts NMMS Mock Test for 500 Students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390156/perambra-mla-nmms-mock-test-fathima-thahiliya"
published_at: "2026-11-04T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeac5c563f67__perambra-mla-nmms-mock-test-fathima-thahiliya.jpg"
keywords: ["NMMS Mock Test", "Perambra MLA", "NMMS Scholarship"]
---

# പേരാമ്പ്ര എംഎല്‍എയുടെ നേതൃത്വത്തില്‍ എന്‍എംഎംഎസ് പരീക്ഷയുടെ മോക്ക് ടെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് മികച്ച രീതിയില്‍ തയ്യാറെടുക്കുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിനും സഹായിക്കുന്നതിനായി എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയയുടെ നേതൃത്വത്തില്‍ എന്‍എംഎംഎസ് മോഡല്‍ പരീക്ഷ സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് മികച്ച രീതിയില്‍ തയ്യാറെടുക്കുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിനും സഹായിക്കുന്നതിനായി എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയയുടെ നേതൃത്വത്തില്‍ എന്‍എംഎംഎസ് മോഡല്‍ പരീക്ഷ സംഘടിപ്പിച്ചു.

നിയോജക മണ്ഡലത്തിലെ വിവിധ ഹൈസ്‌കൂളുകളിലെ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ മൂന്ന് സെന്ററുകളിലായി നടത്തിയ മോക്ക് ടെസ്റ്റില്‍ പങ്കെടുത്തു. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് പരീക്ഷ നടത്തിയത്.

രജിസ്റ്റര്‍ ചെയ്യുന്നതിനായി നല്‍കിയിരുന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴിയാണ് വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയ മൂന്ന് സെന്ററുകളിലും നേരിട്ടെത്തി പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

പരീക്ഷ തയ്യാറെടുപ്പിന് മോക്ക് ടെസ്റ്റ് മികച്ച അനുഭവമായെന്ന് വിദ്യാര്‍ത്ഥികളുടെ നേരിട്ടും സോഷ്യല്‍ മീഡിയ വഴിയുമുള്ള പ്രതികരണങ്ങള്‍ ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് എംഎല്‍എ പറഞ്ഞു.

അതോടൊപ്പം കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താന്‍ വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തുകയും അവധി ദിവസത്തില്‍ പോലും വിവിധ സ്‌കൂളുകളില്‍ സേവനം നടത്തുകയും ചെയ്ത അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണം വിലമതിക്കാനാവാത്തതാണെന്നും എംഎല്‍എ അറിയിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390156/perambra-mla-nmms-mock-test-fathima-thahiliya)