---
title: "ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ചങ്ങരോത്ത് ഏരിയ സമ്മേളനം"
english_title: "Delhi Protest Is Fight For Survival of a Community Says Jamaat-e-Islami Kerala Amir P Mujeeb Rahman"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390225/delhi-protest-fight-for-survival-p-mujeeb-rahman-jamaat-islami"
published_at: "2026-11-04T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb3c04a61b2_delhi-protest-fight-for-survival-p-mujeeb-rahman-jamaat-islami.JPG"
keywords: ["Jamaat-e-Islami Hind Kerala", "Delhi Protest", "Changaroth Area Conference", "Kadiyangad"]
---

# ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ചങ്ങരോത്ത് ഏരിയ സമ്മേളനം

> **Lead Summary:** **പാലേരി :** 'ഇസ്ലാമിക പ്രതിനിധാനത്തിന്റെ കര്‍മസാക്ഷ്യം' എന്ന പ്രമേയത്തില്‍ കടിയങ്ങാട് ജമാഅത്തെ ഇസ്ലാമി ചങ്ങരോത്ത് ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന അമീര്‍ പി. മുജീബ് റഹ്‌മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പാലേരി :** 'ഇസ്ലാമിക പ്രതിനിധാനത്തിന്റെ കര്‍മസാക്ഷ്യം' എന്ന പ്രമേയത്തില്‍ കടിയങ്ങാട് ജമാഅത്തെ ഇസ്ലാമി ചങ്ങരോത്ത് ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന അമീര്‍ പി. മുജീബ് റഹ്‌മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഒരു ജനതയുടെ നിലനില്‍പ്പിനും ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനും രാജ്യത്തെ ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെയുമുള്ള പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് ഇസ്ലാമിക സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടക്കുന്ന സാമൂഹിക പ്രശ്‌നങ്ങളിലെല്ലാം സാമൂഹിക ബാധ്യത എന്ന നിലയില്‍ ജമാഅത്തെ ഇസ്ലാമിക്ക് വ്യക്തമായ നിലപാടുണ്ട്. ജീവിതദര്‍ശനമെന്ന വിശാലമായ കാഴ്ചപ്പാടിലാണ് ഇസ്ലാമിനെ സമീപിക്കുന്നത്. സാമൂഹിക ജീവിതത്തില്‍നിന്ന് മാറിനില്‍ക്കുന്ന പരമ്പരാഗത മതകാഴ്ചപ്പാടല്ല ജമാഅത്തെ ഇസ്ലാമിയുടേതെന്നും അദ്ദേഹം പറഞ്ഞു.

നന്മയ്ക്കും ധര്‍മത്തിനും നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ജനാധിപത്യരാജ്യം അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് നടത്തുന്ന പോരാട്ടമാണ് ജിഹാദ് എന്നും അദ്ദേഹം വിശദീകരിച്ചു.

ഏരിയ പ്രസിഡന്റ് വി.ടി. സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ശൂറാ അംഗം കെ. മുഹമ്മദ് നജീബ് 'സുഗന്ധമുള്ള ജീവിതം' എന്ന വിഷയത്തില്‍ വിഷ്വല്‍ പ്രസന്റേഷനിലൂടെ സദസ്സുമായി സംവദിച്ചു. സംസ്ഥാന അമീര്‍ പി. മുജീബ് റഹ്‌മാന്‍, സെക്രട്ടറി പി. റുക്സാന, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി നവാഫ് പാറക്കടവ് എന്നിവര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും നടന്നു.

കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി സമാപന പ്രസംഗവും പ്രാര്‍ഥനയും നിര്‍വഹിച്ചു. വി.എം. നിഷാദ് സ്വാഗതം പറഞ്ഞു. അഡ്വ. മുബശ്ശിര്‍ അസ്ഹരി ഖുര്‍ആന്‍ ക്ലാസെടുത്തു. ടീന്‍ ഇന്ത്യ വിദ്യാര്‍ഥികള്‍ ഗാനം അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390225/delhi-protest-fight-for-survival-p-mujeeb-rahman-jamaat-islami)