---
title: "ശക്തമായ ഇടിമിന്നലില്‍ പേരാമ്പ്ര പുറ്റംപൊയിലില്‍ വീടിന് നാശനഷ്ടം സംഭവിച്ചു"
english_title: "Lightning Strike Damages House in Perambra, Loss Estimated at Rs 2 Lakh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390409/lightning-strike-perambra-nochappoyil-janardhanan-house-damage-2-lakh-loss"
published_at: "2026-11-05T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aecc92db58fc_hhhhhhhhhhhhhhhhhhhhhh.JPG"
keywords: ["lightning strike", "Perambra", "Nochappoyil Janardhanan", "Kerala rain", "house damage"]
---

# ശക്തമായ ഇടിമിന്നലില്‍ പേരാമ്പ്ര പുറ്റംപൊയിലില്‍ വീടിന് നാശനഷ്ടം സംഭവിച്ചു

> **Lead Summary:** പേരാമ്പ്ര: കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ പേരാമ്പ്ര പുറ്റംപൊയിലില്‍ വീടിന് സാരമായ നാശനഷ്ടം സംഭവിച്ചു. പേരാമ്പ്ര പഞ്ചായത്ത് 7-ാം വാര്‍ഡിലെ നൊച്ചെപ്പൊയില്‍ ജനാര്‍ദ്ദനന്റെ വീടിനാണ് ഇന്ന് വൈകിട്ടുണ്ടായ ഇടിമിന്നലില്‍ നാശം സംഭവിച്ചത്.

## Article Content

പേരാമ്പ്ര: കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ പേരാമ്പ്ര പുറ്റംപൊയിലില്‍ വീടിന് സാരമായ നാശനഷ്ടം സംഭവിച്ചു. പേരാമ്പ്ര പഞ്ചായത്ത് 7-ാം വാര്‍ഡിലെ നൊച്ചെപ്പൊയില്‍ ജനാര്‍ദ്ദനന്റെ വീടിനാണ് ഇന്ന് വൈകിട്ടുണ്ടായ ഇടിമിന്നലില്‍ നാശം സംഭവിച്ചത്.

ഇന്ന് വൈകിട്ട് പ്രദേശത്ത് കനത്ത മഴ പെയ്തുകൊണ്ടിരിക്കെയാണ് ഉഗ്രമായ ഇടിമിന്നല്‍ ഉണ്ടായത്. ഇടിമിന്നല്‍ നേരിട്ട് വീടിന് മുകളില്‍ പതിക്കുകയായിരുന്നു എന്നാണ് നിഗമനം. ഇടിയുടെ ശക്തമായ ആഘാതത്തില്‍ വീടിന്റെ ചുമരിന് വിള്ളലും കേടുപാടുകളും സംഭവിച്ചു. മുറികളില്‍ പതിച്ചിരുന്ന ടൈലുകള്‍ പൊട്ടിത്തെറിച്ച് തകര്‍ന്നു.

ഇടിമിന്നലില്‍ വീട്ടിലെ ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വയറിംഗ് സംവിധാനത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീട്ടിലെ മറ്റ് വൈദ്യുത ഉപകരണങ്ങളും പ്രവര്‍ത്തനരഹിതമായി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നവര്‍ ഭയന്നുപോയെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.

ഏകദേശം 2 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കും തകര്‍ന്ന ഉപകരണങ്ങള്‍ മാറ്റിവയ്ക്കുന്നതിനും വലിയ തുക ചെലവ് വരുമെന്ന് വീട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ വില്ലേജ്, പഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്‍കി. അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളായി ജില്ലയില്‍ ശക്തമായ മഴയും ഇടിമിന്നലും തുടരുകയാണ്. ഇടിമിന്നലുള്ള സമയത്ത് ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390409/lightning-strike-perambra-nochappoyil-janardhanan-house-damage-2-lakh-loss)