---
title: "ചെറുവണ്ണൂര്‍ അഗ്രോ സെന്റര്‍ ശോച്യാവസ്ഥയില്‍; ഇടപെട്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്"
english_title: "Perambra Block Panchayat Intervenes in Cheruvannur Agro Centre Crisis, District Agriculture Officer Visits"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390461/perambra-block-panchayat-cheruvannur-agro-centre-crisis-visit"
published_at: "2026-11-06T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed70d2b280e_ty.JPG"
keywords: ["Perambra", "Cheruvannur Agro Centre", "Agriculture", "Block Panchayat"]
---

# ചെറുവണ്ണൂര്‍ അഗ്രോ സെന്റര്‍ ശോച്യാവസ്ഥയില്‍; ഇടപെട്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

> **Lead Summary:** **പേരാമ്പ്ര:** ചെറുവണ്ണൂര്‍ അഗ്രോ സെന്ററിന്റെ ശോച്യാവസ്ഥയിലും പ്രതിസന്ധിയില്‍ ഇടപെട്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. സെന്ററിന്റെ നിലവിലെ അവസ്ഥ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സെന്റര്‍ സന്ദര്‍ശിച്ചു.

## Article Content

**പേരാമ്പ്ര:** ചെറുവണ്ണൂര്‍ അഗ്രോ സെന്ററിന്റെ ശോച്യാവസ്ഥയിലും പ്രതിസന്ധിയില്‍ ഇടപെട്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. സെന്ററിന്റെ നിലവിലെ അവസ്ഥ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സെന്റര്‍ സന്ദര്‍ശിച്ചു.

പേരാമ്പ്ര ബ്ലോക്കിലെ പഞ്ചായത്തുകളിലെ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമിട്ട് ആരംഭിച്ച സ്ഥാപനമാണ് ചെറുവണ്ണൂര്‍ അഗ്രോ സെന്റര്‍. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി സെന്ററിന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു.

കോടികള്‍ വിലമതിക്കുന്ന കൊയ്ത്തു യന്ത്രം ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉപകരണങ്ങള്‍ ഉപയോഗമില്ലാതെ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. ഇതോടെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലായി.

കാര്‍ഷിക ഉപകരണങ്ങള്‍ക്കായി അമിത കൂലി നല്‍കി സ്വകാര്യ വ്യക്തികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ സംവിധാനം ഉണ്ടായിട്ടും അതിന്റെ പ്രയോജനം ലഭിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി.

അതേസമയം അഗ്രോ സെന്ററിലെ തൊഴിലാളികള്‍ക്ക് വരുമാനം ലഭിക്കുന്നുമില്ല. സര്‍ക്കാര്‍ വക സ്ഥലത്ത് കൃഷി ചെയ്ത് വലിയൊരു തുക വരുമാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണ്. 

ഈ സാഹചര്യത്തിലാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി. രാജേഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അജയ് അക്‌സ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധനയ്ക്കായി അഗ്രോ സെന്ററില്‍ എത്തിയത്.

ചെറുവണ്ണൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നിരവധി കര്‍ഷകര്‍ പ്രതിഷേധം അറിയിച്ചു. സാങ്കേതിക വിദഗ്ധ സമിതി ഉടനെ യന്ത്രങ്ങള്‍ പരിശോധിച്ച് ഉപയോഗപ്രദമാക്കാന്‍ കഴിയുന്ന യന്ത്രങ്ങള്‍ ഉടനെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ഇടപെടുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.

ദീര്‍ഘകാലം ഓഡിറ്റ് പോലും നടക്കാത്ത സ്ഥാപനത്തിന്റെ നടപടികള്‍ പ്രഖ്യാപിച്ചു. നിലവിലുള്ള ഉപകരണങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷി ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പഞ്ചായത്ത് പ്രസിഡന്റ് കിണറുള്ളതില്‍ മൊയ്തു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജന്‍ മരുതേരി, വി.ബി. രാജേഷ്, ആദില നിബ്രാസ്, ലിജി ഷിജു, കെ.കെ. സുവര്‍ണ്ണ, ഉദ്യോഗസ്ഥരായ സുധീര്‍ നാരായണന്‍, വി. അഞ്ജലി, കെ. ഹിബ തുടങ്ങിയവര്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390461/perambra-block-panchayat-cheruvannur-agro-centre-crisis-visit)