---
title: "ഉപജില്ലാ കലോത്സവനഗരിയില്‍ ചിത്രപ്രദര്‍ശനവും ലഹരിവിരുദ്ധ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും"
english_title: "Painting and Anti Drug Cartoon Exhibition at Perambra Sub District Kalotsavam Venue"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390860/painting-anti-drug-cartoon-exhibition-perambra-kalotsavam-the-camp"
published_at: "2026-11-09T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af17739a4442__painting-anti-drug-cartoon-exhibition-perambra-kalotsavam-the-camp.jpg"
keywords: ["Perambra", "Kalotsavam", "The Camp", "Painting Exhibition", "Anti Drug Cartoon"]
---

# ഉപജില്ലാ കലോത്സവനഗരിയില്‍ ചിത്രപ്രദര്‍ശനവും ലഹരിവിരുദ്ധ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും

> **Lead Summary:** **പേരാമ്പ്ര: **വിദ്യാര്‍ത്ഥികളുടെ കലാ മത്സരവേദിയില്‍ കലയുടെ നിറക്കാഴ്ചകളുമായി ദി ക്യാമ്പ് പേരാമ്പ്രയും. 2026 നവംബര്‍ 9 മുതല്‍ 13 വരെ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തില്‍ ക്യാമ്പംഗങ്ങളുടെ പെയിന്റിംഗുകളുടെയും സചിത്രന്‍ പേരാമ്പ്രയുടെ ലഹരിവിരുദ്ധ കാര്‍ട്ടൂണുകളുടെയും പ്രദര്‍ശനം ഒരുക്കുന്നു.

## Article Content

**പേരാമ്പ്ര: **വിദ്യാര്‍ത്ഥികളുടെ കലാ മത്സരവേദിയില്‍ കലയുടെ നിറക്കാഴ്ചകളുമായി ദി ക്യാമ്പ് പേരാമ്പ്രയും. 2026 നവംബര്‍ 9 മുതല്‍ 13 വരെ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തില്‍ ക്യാമ്പംഗങ്ങളുടെ പെയിന്റിംഗുകളുടെയും സചിത്രന്‍ പേരാമ്പ്രയുടെ ലഹരിവിരുദ്ധ കാര്‍ട്ടൂണുകളുടെയും പ്രദര്‍ശനം ഒരുക്കുന്നു.

ബോധി മൈതാനത്ത് വേദി രണ്ടിന് അരികിലുള്ള പൈതൃക ഹാളില്‍ ഒരുക്കിയ പ്രദര്‍ശനം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് മെറിന്‍ ജോസഫ് ഐപിഎസ്‌ ഉദ്ഘാടനം ചെയ്യും.

പേരാമ്പ്രയിലെ 27 ഓളം ചിത്രകാരന്മാരുടെ ചിത്രങ്ങളും സചിത്രന്‍ പേരാമ്പ്രയുടെ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടെ 80 ഓളം ചിത്രങ്ങളാണ് പേരാമ്പ്ര ഹൈസ്‌കൂളിലെ പൈതൃക കെട്ടിടത്തില്‍ പ്രത്യേകം തയ്യാറാക്കിയ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ളത്.

ചിത്രകാരനും അധ്യാപകനുമായ ഡോ. സോമനാഥന്‍ പുളിയുള്ളതില്‍ ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനത്തില്‍ കെ.സി. രാജീവന്‍, ബഷീര്‍ ചിത്രകൂടം, സചിത്രന്‍ പേരാമ്പ്ര, സുരേഷ് കുട്ടമ്പത്ത്, ബിജു എടത്തില്‍, മീരാ പ്രജീഷ്, വി.കെ. സുരേഷ് കുമാര്‍, സോമനാഥന്‍ പുളിയുള്ളതില്‍, ബാബു പുറ്റംപൊയില്‍, ബോബി മണിക്കൊമ്പേല്‍, നന്ദന ആര്‍. സുരേഷ്, അനുപമ അവിട്ടം, ആര്‍ബി പേരാമ്പ്ര, ഋതുപര്‍ണ്ണ പി. രാജീവ്, ശ്രീജേഷ് ശ്രീതിലകം, രഞ്ജിത്ത് പട്ടാണിപ്പാറ, പ്രജീഷ് പേരാമ്പ്ര, നിതേഷ് തെക്കേലത്ത്, അരുണ്‍ ചെറുക്കാട്, റജി കുമാര്‍, രാജേഷ് രാജകല, അതുല്‍ മേപ്പയ്യൂര്‍, രമേഷ് കോവുമ്മല്‍, സജീവ് കീഴരിയൂര്‍, ദേവരാജ് കന്നാട്ടി എന്നീ കലാകാരന്മാരുടെ സര്‍ഗ്ഗസൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്.

പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലെയും ചിത്രകാരന്മാരുടെ കൂട്ടായ്മയാണ് ദി ക്യാമ്പ് (ക്രിയേറ്റീവ് ആര്‍ട്ട് മാസ്‌റ്റ്രോസ് ഓഫ് പേരാമ്പ്ര). ജീവിതത്തിന്റെ വിവിധ തുറകളില്‍ വ്യത്യസ്ത പ്രായത്തിലുള്ള അമ്പതോളം ആളുകള്‍ ചിത്രകലയെയും ശില്പകലയെയും മുന്‍നിര്‍ത്തി രൂപീകരിച്ച കൂട്ടായ്മയാണിത്.

ജില്ലക്കകത്തും പുറത്തുമായി 30 ലേറെ പെയിന്റിംഗ് ക്യാമ്പുകളും വാട്ടര്‍ കളര്‍, ആക്രിലിക് മാധ്യമങ്ങളിലും കാര്‍ട്ടൂണിലും ഡെമോണ്‍സ്‌ട്രേഷന്‍ ക്യാമ്പുകളും സംഘടിപ്പിച്ച ഈ കൂട്ടായ്മ കഴിഞ്ഞ അഞ്ചുവര്‍ഷമായി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

വയനാട് മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായധനം സ്വരൂപിക്കുന്നതിനായി ചിത്രചാലഞ്ച് പരിപാടിയും യുദ്ധവിരുദ്ധ ചിത്രംവരയും ലഹരിവിരുദ്ധ ചിത്രംവരയും ദി ക്യാമ്പിന്റെ സാമൂഹിക സാംസ്‌കാരിക ഇടപെടലുകളില്‍ ശ്രദ്ധേയമാണ്.

കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ പ്രദര്‍ശനം ഒരു വേറിട്ട കലാനുഭവമാകും. ലഹരിക്കെതിരായ സന്ദേശം കാര്‍ട്ടൂണുകളിലൂടെ കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390860/painting-anti-drug-cartoon-exhibition-perambra-kalotsavam-the-camp)