---
title: "പേരാമ്പ്ര സികെജി കോളെജില്‍ പുതിയ കെമിസ്ട്രി ലാബ് ഉദ്ഘാടനവും കാന്റീന്‍ നിര്‍മ്മാണോദ്ഘാടനവും നാളെ"
english_title: "New Chemistry Lab and Canteen Construction Inauguration at Perambra CKG College Tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391007/ckg-college-perambra-new-chemistry-lab-canteen-inauguration-tomorrow"
published_at: "2026-11-10T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2e5b3a05ac_ckg.JPG"
keywords: ["CKG College", "Chemistry Lab", "Canteen", "Fathima Thahliya"]
---

# പേരാമ്പ്ര സികെജി കോളെജില്‍ പുതിയ കെമിസ്ട്രി ലാബ് ഉദ്ഘാടനവും കാന്റീന്‍ നിര്‍മ്മാണോദ്ഘാടനവും നാളെ

> **Lead Summary:** **പേരാമ്പ്ര: **ഉന്നത വിദ്യാഭ്യാസ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള പേരാമ്പ്ര സികെജി മെമ്മോറിയല്‍ ഗവ. കോളെജില്‍ പുതുതായി നിര്‍മ്മിച്ച കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനവും കോളെജ് കാന്റീന്‍ നിര്‍മ്മാണോദ്ഘാടനവും നാളെ നടക്കും.

## Article Content

**പേരാമ്പ്ര: **ഉന്നത വിദ്യാഭ്യാസ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള പേരാമ്പ്ര സികെജി മെമ്മോറിയല്‍ ഗവ. കോളെജില്‍ പുതുതായി നിര്‍മ്മിച്ച കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനവും കോളെജ് കാന്റീന്‍ നിര്‍മ്മാണോദ്ഘാടനവും നാളെ നടക്കും.

ഉച്ചക്ക് 2 മണിക്ക് കോളെജ് സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയ ഉദ്ഘാടനം നിര്‍വ്വഹിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

വിദ്യാര്‍ത്ഥികളുടെ ചിരകാലാഭിലാഷമായ കെമിസ്ട്രി ലാബും പ്ലാന്‍ ഫണ്ടില്‍ തുക അനുവദിച്ച് യാഥാര്‍ത്ഥ്യമാകാന്‍ പോവുന്ന കാന്റീന്‍ നിര്‍മ്മാണവും കോളെജിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയൊരു നാഴികക്കല്ലാകുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. മുജീബ് റഹ്‌മാന്‍ അറിയിച്ചു.

ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കെമിസ്ട്രി ലാബ് വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പഠനത്തിന് വലിയ മുതല്‍ക്കൂട്ടാകും. രസതന്ത്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണങ്ങള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഇനി മികച്ച സൗകര്യം ലഭിക്കും.

നിലവിലുണ്ടായിരുന്ന പരിമിതികള്‍ മറികടന്ന് കൂടുതല്‍ മികച്ച രീതിയില്‍ പഠനം നടത്താന്‍ പുതിയ ലാബ് സഹായിക്കും. അതുപോലെ തന്നെ വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ആവശ്യപ്പെട്ടിരുന്ന കാന്റീന്‍ നിര്‍മ്മാണവും ഇതോടെ യാഥാര്‍ത്ഥ്യമാകുകയാണ്.

ശുചിത്വമുള്ളതും വിദ്യാര്‍ത്ഥി സൗഹൃദവുമായ കാന്റീന്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും.തുടര്‍ന്ന് നടക്കുന്ന കോളെജ് വികസന സമിതി (സി.ഡി.സി.) യോഗത്തിലും വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ-സംഘടനാ നേതാക്കളും സംബന്ധിക്കും. കോളെജിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും.

അഞ്ച് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഈ കോളെജ് പേരാമ്പ്ര മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാണ്. നിരവധി പ്രതിഭകളെ വാര്‍ത്തെടുത്ത കോളെജിന്റെ വികസനത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391007/ckg-college-perambra-new-chemistry-lab-canteen-inauguration-tomorrow)