---
title: "നമ്മുടെ പേരാമ്പ്ര 'ലഹരിയെ അകറ്റും നേര്‍വഴികാട്ടും' ഡി വൈ എഫ് ഐ"
english_title: "DYFI to get rid of intoxication and guide' of Our perampra "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39114/dyfi-to-get-rid-of-intoxication-and-guide-of-our-perampra"
published_at: "2022-04-24T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62656facf046c_DRUGGGGG1.JPG"
keywords: []
---

# നമ്മുടെ പേരാമ്പ്ര 'ലഹരിയെ അകറ്റും നേര്‍വഴികാട്ടും' ഡി വൈ എഫ് ഐ

> **Lead Summary:**  **പേരാമ്പ്ര**: ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു.

## Article Content

 **പേരാമ്പ്ര**: ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു.

പുതിയ കാലത്ത് പുതിയ രൂപത്തില്‍, പുതിയ തലമുറയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരിയോടുള്ള ആസക്തി എല്ലാ അതിരുകളും ലംഘിച്ച് അത്യന്തം അപകടകരമാകുന്ന സാഹചര്യത്തില്‍ ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ലഹരിവിരുദ്ധ ക്യാമ്പയിനുമായി രംഗത്ത്.

നമ്മുടെ പേരാമ്പ്ര 'ലഹരിയെ അകറ്റും നേര്‍വഴികാട്ടും' എന്ന പേരില്‍ ക്യാമ്പയിന് തുടക്കമായി.

മല്‍സ്യ മാര്‍ക്കറ്റ് പരിസരത്ത് വെച്ച് നടന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സി പി എം ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് എം.എം. ജിജേഷ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പരിധിയിലെ തെരെഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം യുവതി യുവാക്കള്‍ സ്‌ക്വാഡായി പങ്കെടുത്ത് പേരാമ്പ്ര പട്ടണത്തിലും മറ്റു പ്രദേശത്തും ലഘുലേഖ വിതരണം ചെയ്തു.

. കഴിഞ്ഞ കുറെ കാലമായി പേരാമ്പ്രയും പരിസരപ്രദേശങ്ങളും ലഹരി മാഫിയകളുടെ കേന്ദ്രസ്ഥാനമായി മാറിയിരിക്കുന്നു. ടൗണിലെ ചില ഷോപ്പിങ് കോംപ്ലക്സുകള്‍, ബസ്സ്റ്റാന്റ്, മത്സ്യ മാര്‍ക്കറ്റ് പരിസരം, മരക്കാടി തോട്, ഹൈസ്‌കൂള്‍ പരിസരം എന്നിവടങ്ങളില്‍ താവളമാക്കി ലഹരി വസ്തുക്കളുടെ വില്‍പ്പന പൊടിപൊടിക്കുകയാണ്.

യുവാക്കള്‍ക്ക് പുറമേ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ കൂടി കണ്ണികളാക്കി വലിയ സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള നിരവധി സംഘങ്ങള്‍ പേരാമ്പ്ര കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്നുണ്ട്.

തമിഴ്നാട്, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കുട്ടികളെ കാരിയറായി ഉപയോഗിച്ച് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കടത്തുന്ന സംഘങ്ങള്‍ ഇവിടെയുണ്ട്. യുവാക്കളും വിദ്യാര്‍ഥികളും ഇവരുടെ വലയില്‍ അകപ്പെട്ടതായി സംശയിക്കുന്നു. ഇതിന് പുറമേ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിരോധിത ലഹരി വസ്തുക്കള്‍ എത്തിച്ച് കൊടുക്കുന്ന സംഘങ്ങളും സജീവമാണ്.

ഈയൊരു സാഹചര്യത്തില്‍ നാടിനെ കരുത്താകേണ്ടവരെ കാര്‍ന്ന് തിന്നുന്ന ലഹരിയെ നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് വേരോടെ പിഴുതെറിയാനുള്ള സാമൂഹ്യ ദൗത്യം ഡി വൈ എഫ് ഐ ഏറ്റെടുക്കുന്നത്.

സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരിക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി പോലീസ് എക്‌സൈസ് അധികാരികളുടെ സഹായത്തോടെ ഇല്ലായ്മ ചെയ്യുന്നതിനുമാണ് പ്രധാനമായും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.

അതിനുവേണ്ടി സ്‌കൂള്‍ കോളേജ് ലഹരി വിരുദ്ധ ക്‌ളബ്ബുകള്‍, എസ് പി സി, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി-യുവജന-മഹിളാ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്ക് ലഹരി ഉപയോഗത്തിന്റെ ദൂക്ഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ലഹരി വിമുക്ത പേരാമ്പ്ര എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനും ഡി വൈ എഫ് ഐ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് വരും ദിവസങ്ങളില്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഈ പോരാട്ടത്തില്‍ ഈ നാടൊന്നാക്കെ ഡി വൈ എഫ് ഐ യോടൊപ്പം അണിചേരണമെന്ന് ബ്ലോക്ക് സെക്രട്ടറി വി.കെ.അമര്‍ ഷാഹി, പ്രസിഡന്റ് എം.എം.ജിജേഷ് എന്നിവര്‍ പറഞ്ഞു.

ബ്ലോക്ക് സെക്രട്ടറി വി.കെ. അമര്‍ഷാഹി, അഖില, സി.കെ. രൂപേഷ്, സിദ്ധാര്‍ത്ഥ്, ബിനില്‍ രാജ്, പി.സി. സജിതാസ്, അനഘ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കിവരുന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39114/dyfi-to-get-rid-of-intoxication-and-guide-of-our-perampra)