---
title: "കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി 'വിദ്യോദയ'; ഉദ്ഘാടനം ചെയ്തു"
english_title: "Kozhikode District Panchayat Vidyodaya Comprehensive Education Project Launched by K Jayanth MLA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391309/kozhikode-district-panchayat-vidyodaya-education-project-k-jayanth-mla"
published_at: "2026-11-12T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af585ae10663_milli.jpg"
keywords: ["Kozhikode", "Vidyodaya", "District Panchayat", "Education", "K Jayanth"]
---

# കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി 'വിദ്യോദയ'; ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കോഴിക്കോട്: **ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി 'വിദ്യോദയ' നടപ്പിലാക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റം വിഭാവനം ചെയ്യുന്ന രീതിയിലാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

## Article Content

**കോഴിക്കോട്: **ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി 'വിദ്യോദയ' നടപ്പിലാക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റം വിഭാവനം ചെയ്യുന്ന രീതിയിലാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

2 മുതല്‍ +2 വരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം, വിദ്യാലയങ്ങളുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രൈമറി, അപ്പര്‍ പ്രൈമറി മേഖലയില്‍ ഗ്രാമപഞ്ചായത്തുകളുടെ കൂടി സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തല്‍, വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണ, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന പിന്തുണ, രക്ഷാകര്‍ത്തൃ ശാക്തീകരണം, ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധിക പിന്തുണ, വിദ്യാലയ ശാക്തീകരണം, കുട്ടികളുടെ സുരക്ഷ, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലം മെച്ചപ്പെടുത്താന്‍ തീവ്ര പരിശീലന പദ്ധതി, പഠന സഹായി നല്‍കല്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ, ബിആര്‍സി, സ്‌കൂള്‍ തലങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിക്കും. ഓരോ തലത്തിലും കൃത്യമായ മേല്‍നോട്ടവും വിലയിരുത്തലും ഉറപ്പാക്കി പദ്ധതി ഫലപ്രദമായി നടപ്പിലാക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും സ്‌കൂള്‍ ഏകദിന പരിശീലന ക്യാമ്പും അഡ്വക്കേറ്റ് കെ. ജയന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ നവാസ്, സ്ഥിരം സമിതി ചെയര്‍മാന്‍ മുനീര്‍ എരവത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സീന അശോകന്‍, കെ.പി മുഹമ്മദ്, കെ.കെ ശോഭ, അഞ്ചിത ഷനൂപ്, കെ സുബിന എന്നിവര്‍ സംസാരിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ നാസര്‍, ടി. സലീം, കെ.എം നസീര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ വിദ്യോദയ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391309/kozhikode-district-panchayat-vidyodaya-education-project-k-jayanth-mla)