---
title: "പേരാമ്പ്രയില്‍ മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രണവിധേയം, ആശങ്കപ്പെടേണ്ടതില്ലെന്ന് എംഎല്‍എ ഫാത്തിമ തഹിലിയ"
english_title: "Jaundice Spread Under Control in Perambra Fathima Thahliya MLA Says No Need to Worry"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391376/perambra-jaundice-under-control-fathima-thahliya-mla-no-need-to-worry"
published_at: "2026-11-12T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5fe405a108_mjjjjj.jpg"
keywords: ["Perambra", "Jaundice", "Fathima Thahliya", "Health Department", "Kozhikode"]
---

# പേരാമ്പ്രയില്‍ മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രണവിധേയം, ആശങ്കപ്പെടേണ്ടതില്ലെന്ന് എംഎല്‍എ ഫാത്തിമ തഹിലിയ

> **Lead Summary:** പേരാമ്പ്രയില്‍ മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പേരാമ്പ്ര എം.എല്‍.എ അഡ്വ. ഫാത്തിമ തഹിലിയ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.

## Article Content

പേരാമ്പ്രയില്‍ മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പേരാമ്പ്ര എം.എല്‍.എ അഡ്വ. ഫാത്തിമ തഹിലിയ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.

പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ താഴെ കറ്റയാട്, പേരാമ്പ്ര ഹൈസ്‌കൂള്‍ പരിസരം, കുറ്റക്കന്‍കുന്നമ്മല്‍ എന്നീ പ്രദേശങ്ങളിലായി ഇതുവരെ 23 മഞ്ഞപ്പിത്ത കേസുകള്‍ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ആരും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നില്ല.

2026 ആഗസ്റ്റ് 20 ന് വയനാട്ടിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ അംഗങ്ങളിലാണ് ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഒക്ടോബര്‍ 11-ന് പ്രദേശവാസിയായ ഒരാള്‍ കൂടി ചികിത്സ തേടിയതോടെ പ്രാദേശിക അന്വേഷണം ആരംഭിക്കുകയും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ആദ്യഘട്ടത്തില്‍ രോഗബാധിതരായ കുട്ടികളുമായുള്ള സമ്പര്‍ക്കത്തിലൂടെയും മലിനമായ കിണര്‍വെള്ളത്തിന്റെ ഉപയോഗത്തിലൂടെയുമാണ് രോഗവ്യാപനമുണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടലുകളും വിപുലമായ കിണര്‍ ക്ലോറിനേഷന്‍, ഫീല്‍ഡ് തല പനി സര്‍വേകള്‍, വ്യാപാര സ്ഥാപനങ്ങളിലെ പരിശോധനകള്‍, സ്പൂര്‍ത്തല ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ രോഗവ്യാപനം ഫലപ്രദമായി തടയാന്‍ സാധിച്ചിട്ടുണ്ട്.

രോഗബാധ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്. ആരും ആശുപത്രികളില്‍ ചികിത്സയില്‍ ഇല്ല. അതിനാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും എം.എല്‍.എ അറിയിച്ചു.

ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക, കിണറുകളില്‍ ക്ലോറിനേഷന്‍ ഉറപ്പാക്കുക, വ്യക്തിശുചിത്വം പാലിക്കുക, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391376/perambra-jaundice-under-control-fathima-thahliya-mla-no-need-to-worry)