---
title: "കവിതയുടെ കുടുംബത്തിന് നീതി വേണം; മൃതദേഹവുമായി തിങ്കളാഴ്ച ബാങ്കിന് മുന്നില്‍ പ്രതിഷേധം"
english_title: "Protest With Body At South Indian Bank Naduvannur Over Kavitha Death"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391612/protest-with-body-bank-naduvannur-kavitha-death-koothali"
published_at: "2026-11-14T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af827b4ec570_yyyyyyyuuuuuuuuuuuuuuuu.jpg"
keywords: ["Koothali", "Kavitha", "South Indian Bank", "Naduvannur", "Protest"]
---

# കവിതയുടെ കുടുംബത്തിന് നീതി വേണം; മൃതദേഹവുമായി തിങ്കളാഴ്ച ബാങ്കിന് മുന്നില്‍ പ്രതിഷേധം

> **Lead Summary:** പേരാമ്പ്ര: വാണിജ്യ ബാങ്കില്‍ നിന്ന് വീട് നിര്‍മ്മാണത്തിനായി വീടും പറമ്പും ഈട് നല്‍കി പണം കടം എടുത്തതില്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീട് ജപ്തി ചെയ്യാനുള്ള ബാങ്ക് അധികൃതരുടെ നീക്കത്തിനിടെ മനം നൊന്ത് ജീവനൊടുക്കിയ കൂത്താളി കുഞ്ഞോത്തെ കൊയ്യോടന്‍ കണ്ടി കവിതയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി തിങ്കളാഴ്ച ബാങ്കിന് മുന്നില്‍ പ്രതിഷേധം തീര്‍ക്കാന്‍ ജനകീയ സമിതി തീരുമാനിച്ചു.

## Article Content

പേരാമ്പ്ര: വാണിജ്യ ബാങ്കില്‍ നിന്ന് വീട് നിര്‍മ്മാണത്തിനായി വീടും പറമ്പും ഈട് നല്‍കി പണം കടം എടുത്തതില്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീട് ജപ്തി ചെയ്യാനുള്ള ബാങ്ക് അധികൃതരുടെ നീക്കത്തിനിടെ മനം നൊന്ത് ജീവനൊടുക്കിയ കൂത്താളി കുഞ്ഞോത്തെ കൊയ്യോടന്‍ കണ്ടി കവിതയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി തിങ്കളാഴ്ച ബാങ്കിന് മുന്നില്‍ പ്രതിഷേധം തീര്‍ക്കാന്‍ ജനകീയ സമിതി തീരുമാനിച്ചു.

ബാങ്ക് അധികൃതരുടെ നടപടിയില്‍ മാതാവിനെ നഷ്ടപ്പെട്ട രണ്ട് പെണ്‍മക്കള്‍ക്കും കവിതയുടെ കുടുംബത്തിനും നീതി ലഭിക്കണമെന്നും കുടുംബത്തെ കടക്കെണിയില്‍ നിന്നും ബാങ്കിന്റെ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുത്തണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സര്‍വ്വകക്ഷി യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹവുമായി തിങ്കളാഴ്ച കാലത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖക്ക് മുമ്പില്‍ പ്രതിഷേധം തീര്‍ക്കും.

കടം പൂര്‍ണ്ണമായും എഴുതി തള്ളണമെന്നും ബാങ്ക് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ബഹുജന പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ന് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം കവിതയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കും.

ഇന്നും നാളെയും ബാങ്ക് അവധിയായതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച കാലത്ത് 9 മണിക്ക് മോര്‍ച്ചറിയില്‍ നിന്നും ഏറ്റുവാങ്ങുന്ന മൃതദേഹം 10 മണിയോടെ നടുവണ്ണൂരില്‍ ബാങ്കിന് മുന്നില്‍ എത്തിച്ച ശേഷമാണ് പ്രതിഷേധം ആരംഭിക്കുക. പ്രതിഷേധ സമരത്തിന് ശേഷം മൃതദേഹം കൂത്താളി കുഞ്ഞോത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391612/protest-with-body-bank-naduvannur-kavitha-death-koothali)