---
title: "വല്ലം മടയുന്ന പെൺകുട്ടി;  ആവള സ്കൂളിലെ വേദിയിൽ ശ്രദ്ധ നേടി ടി.പി ശിവനന്ദ"
english_title: "Vallam Madayunna Penkutti Shivananda TP Avala School Competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391643/vallam-madayunna-penkutti-shivananda-tp-avala-school"
published_at: "2026-11-14T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af87d8270f16_muslim-youth-league-insaf-ki-chai-koothali-perambra.JPG"
keywords: ["Vallam Madayal", "Shivananda TP", "Avala School", "Green Protocol Committee"]
---

# വല്ലം മടയുന്ന പെൺകുട്ടി;  ആവള സ്കൂളിലെ വേദിയിൽ ശ്രദ്ധ നേടി ടി.പി ശിവനന്ദ

> **Lead Summary:** **ആവള: **ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ വല്ലം മടയല്‍ മത്സരം സംഘടിപ്പിച്ചു.

## Article Content

**ആവള: **ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ വല്ലം മടയല്‍ മത്സരം സംഘടിപ്പിച്ചു.

വേദിയില്‍ നാല്‍പതോളം മത്സരാര്‍ത്ഥികള്‍ അണിനിരന്നു. മത്സരം കാണാന്‍ നൂറുകണക്കിന് കണ്ണുകള്‍ സ്‌കൂള്‍ അങ്കണത്തില്‍ തടിച്ചുകൂടി.

ബിസില്‍ മുഴങ്ങിയതോടെ മത്സരം തുടങ്ങി.തെങ്ങോലകള്‍ തമ്മില്‍ കോര്‍ത്ത്, പച്ചപ്പിന്റെ ചുരുളുകള്‍ വിരിയുമ്പോള്‍ കാണികള്‍ ആര്‍പ്പുവിളിച്ചു.

ഓരോ മടക്കിനും അവര്‍ പ്രോത്സാഹനത്തിന്റെ കൈയ്യടി നല്‍കി. ഇടയ്ക്ക് എങ്ങുനിന്നോ ഒരു നാടന്‍ പാട്ടിന്റെ ഈരടി ഉയര്‍ന്നു. കാറ്റില്‍ താളം പിടിച്ച്, വേദി ആവേശത്തിരയിലായി.

ആ ആരവങ്ങള്‍ക്കിടയില്‍, ആരും ശ്രദ്ധിക്കാതെ ഒരു മൂലയില്‍, ഒരു വിദ്യാര്‍ത്ഥിനി ഉണ്ടായിരുന്നു.മത്സരിക്കാന്‍ വിളിക്കാതെ, മത്സരത്തിന്റെ ഭാഗമല്ലാതെ, സ്വയം സന്നദ്ധയായി അവള്‍ ഒരു വല്ലം മടയുകയായിരുന്നു.

ആര്‍ക്കും വേണ്ടിയല്ല, ആരെയും കാണിക്കാനല്ല. തന്റെ കൈകളില്‍ പാരമ്പര്യം സുരക്ഷിതമാണെന്ന് തെളിയിക്കാന്‍, പച്ചോലയുടെ ഗന്ധം തന്റെ വിരലുകളിലും ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കാന്‍ അവള്‍ മടഞ്ഞു.

മത്സരാര്‍ത്ഥികള്‍ സമ്മാനത്തിനായി മടയുമ്പോള്‍, അവള്‍ ഓര്‍മ്മകള്‍ക്കായി മടഞ്ഞു. പഴയ കാലത്തെ ഗൃഹാതുരത്വം, മുത്തശ്ശിമാരുടെ കൈവിരലുകളില്‍ നിന്ന് പകര്‍ന്നു കിട്ടിയ അറിവ്, അതെല്ലാം അവളുടെ കൈകളില്‍ വീണ്ടും ജീവന്‍ വെച്ചു.

അവളായിരുന്നു ആ വേദിയിലെ ഏറ്റവും വലിയ വിജയി - ശിവനന്ദ ടി.പി.മത്സരത്തില്‍ സമ്മാനം നേടിയവരെക്കാള്‍ കൂടുതല്‍ കൈയ്യടി നേടിയത് ശിവനന്ദയുടെ ഈ സ്വയമേവുള്ള പ്രവൃത്തിയാണ്.

പുതുതലമുറയില്‍ പാരമ്പര്യ കലകളോടുള്ള സ്‌നേഹം ഇപ്പോഴും ബാക്കിയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കാഴ്ചയെന്ന് അധ്യാപകരും നാട്ടുകാരും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391643/vallam-madayunna-penkutti-shivananda-tp-avala-school)