---
title: "മേലടി സബ്ജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 16 മുതല്‍ 19 വരെ ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍"
english_title: "Melady Sub District School Kalolsavam November 16 To 19 At Avala Kuttooth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391663/melady-sub-district-school-kalolsavam-avala-kuttooth-november-16-19"
published_at: "2026-11-14T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af8934f34692_pthr.JPG"
keywords: ["Melady Kalolsavam", "Avala Kuttooth", "School Kalolsavam", "Shafi Parambil"]
---

# മേലടി സബ്ജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 16 മുതല്‍ 19 വരെ ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

> **Lead Summary:** പേരാമ്പ്ര : മേലടി സബ്ജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 16, 17, 18, 19 തീയതികളില്‍ ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

പേരാമ്പ്ര : മേലടി സബ്ജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 16, 17, 18, 19 തീയതികളില്‍ ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

പയ്യോളി മുന്‍സിപ്പാലിറ്റിയിലെയും ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍, തിക്കോടി, കീഴരിയൂര്‍, തുറയൂര്‍, മൂടാടി എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ 88 ഓളം വിദ്യാലയങ്ങളില്‍ നിന്നായി 5000 ത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നു. ആവള കുട്ടോത്ത് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും സമീപത്തുമായി ഒരുക്കിയ 9 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

കലാമേളയുടെ ഉദ്ഘാടനം നവംബര്‍ 17 നു വൈകിട്ട് 4.30 ന് വടകര എം.പി ഷാഫി പറമ്പില്‍ നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍ പേഴ്‌സണും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ നളിനി നല്ലൂര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രമേശ് കാവില്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും.

ഉപഹാര സമര്‍പ്പണം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടിയും കലോത്സവ റിപ്പോര്‍ട്ട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രേമചന്ദ്രനും അവതരിപ്പിക്കും. നഗരസഭ അധ്യക്ഷ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സബ് കമ്മിറ്റി ഭാരവാഹികള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

19 ന് നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്യും. സമ്മാന ദാനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി വോള്‍ഗയും ആദരിക്കല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്തും നിര്‍വ്വഹിക്കുന്നതാണ്.

കലാപ്രതിഭകള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കലാസ്വാദകര്‍ക്കും കലാനഗരിയില്‍ എത്തിച്ചേരുന്നതിന് ഫാത്തിമ തഹിലിയയുടെ നിര്‍ദ്ദേശ പ്രകാരം കെഎസ്ആര്‍ടിസി ഈ റൂട്ടില്‍ നവംബര്‍ 16 മുതല്‍ 19 വരെ പ്രത്യേക സര്‍വ്വീസുകള്‍ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍ പേഴ്‌സണ്‍ നളിനി നെല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ എന്‍ സജീവന്‍, മീഡിയ പബ്ലിസിറ്റി ചെയര്‍മാന്‍ എം.എം രഘുനാഥ്, മീഡിയ പബ്ലിസിറ്റി കണ്‍വീനര്‍ എസ്.ബി സുഭാഷ്, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ ആവള, ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ ആര്‍.പി. ഷോഭിദ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വി.പി ഷൈനി, എസ്എംസി ചെയര്‍മാന്‍ കെ അമ്മത് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391663/melady-sub-district-school-kalolsavam-avala-kuttooth-november-16-19)