---
title: "കവിതയുടെ മരണം: നാളെ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ ജ്വാല"
english_title: "Kavitha Death Murder Allegation Protest Naduvannur South Indian Bank Nov 16"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391740/kavitha-death-protest-naduvannur-south-indian-bank-nov-16"
published_at: "2026-11-15T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9a7b0e0d2f_yyyyyyyuuuuuuuuuuuuuuuu.jpg"
keywords: ["Kavitha Death", "Naduvannur", "South Indian Bank", "Protest Jwala", "Koothali"]
---

# കവിതയുടെ മരണം: നാളെ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ ജ്വാല

> **Lead Summary:** **നടുവണ്ണൂര്‍: **കൂത്താളിയിലെ കവിതയുടെ മരണം ആത്മഹത്യയല്ല, സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിയ കൊലപാതകമാണെന്ന് ആരോപിച്ച് നടുവണ്ണൂരില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു. നവംബര്‍ 16ന് നാളെ രാവിലെ 10 മണിക്ക് നടുവണ്ണൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുമ്പില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

## Article Content

**നടുവണ്ണൂര്‍: **കൂത്താളിയിലെ കവിതയുടെ മരണം ആത്മഹത്യയല്ല, സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിയ കൊലപാതകമാണെന്ന് ആരോപിച്ച് നടുവണ്ണൂരില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു. നവംബര്‍ 16ന് നാളെ രാവിലെ 10 മണിക്ക് നടുവണ്ണൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുമ്പില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ലോണ്‍ അടയ്ക്കുവാന്‍ 5 ദിവസം സാവകാശം ചോദിച്ചപ്പോള്‍ 5 മിനിറ്റ് പോലും സാവകാശം നല്‍കില്ല എന്ന് പറഞ്ഞു കൊണ്ടാണ് 2026 നവംബര്‍ 13ന് ബാങ്ക് അധികൃതര്‍ പൊലീസിനെയും കൂട്ടി ജപ്തി ചെയ്യാന്‍ കൂത്താളിയിലെ കവിതയുടെ വീട്ടില്‍ പോയതെന്ന് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും കുടുംബം സമയം ചോദിച്ചിട്ടും ബാങ്ക് അധികൃതര്‍ അത് പരിഗണിച്ചില്ലെന്നാണ് ആരോപണം.

കവിത തൂങ്ങി മരിക്കുമ്പോള്‍ തടഞ്ഞ് ജീവന്‍ രക്ഷിക്കുന്നതിന് പകരം സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജരും സംഘവും കവിത തൂങ്ങിക്കിടക്കുന്നത് നോക്കി നില്‍ക്കുകയും പിന്നീട് തിരിഞ്ഞ് പോവുകയുമാണ് ചെയ്തതെന്ന് ഗുരുതരമായ ആരോപണമുണ്ട്. മാത്രമല്ല, കവിതയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ബാങ്ക് അവരുടെ വാഹനം നല്‍കുന്നതിന് വിസമ്മതിക്കുകയും ഉടന്‍ സ്ഥലം വിടുകയുമാണ് ഉണ്ടായതെന്നും പറയുന്നു. മനുഷ്യത്വപരമായ ഒരു സഹായം പോലും ചെയ്തില്ലെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതി.

അതുകൊണ്ട് കവിതയുടെ കൊലപാതകത്തിന് ഉത്തരവാദിയായ സൗത്ത് ഇന്ത്യന്‍ ബാങ്കധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുക, കവിതയുടെ കുടുംബത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് 5 കോടി നഷ്ടപരിഹാരം നല്‍കുക, സൗത്ത് ഇന്ത്യന്‍ ബാങ്ക് കവിതയുടെ വീടിന്റെ ആധാരം അവരുടെ കുടുംബത്തിന് തിരിച്ചു നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്.

കവിതയുടെ മരണത്തില്‍ നാടാകെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബാങ്കിന് മുമ്പില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നത്. സാധാരണക്കാരായ കുടുംബങ്ങളെ ജപ്തിയുടെ പേരില്‍ വേട്ടയാടുന്ന ബാങ്ക് നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391740/kavitha-death-protest-naduvannur-south-indian-bank-nov-16)