---
title: "കവിതയുടെ മരണം, കുടുംബത്തിന് നീതി ലഭിക്കണം; ഉമ്മര്‍ തണ്ടോറ"
english_title: "Kavitha Death Family Needs Justice Ummer Thandora Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391754/kavitha-death-family-needs-justice-ummer-thandora-koothali"
published_at: "2026-11-15T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9d392ec188_tyt.JPG"
keywords: ["Koothali", "Kavitha Death", "Ummer Thandora", "South Indian Bank", "SARFAESI"]
---

# കവിതയുടെ മരണം, കുടുംബത്തിന് നീതി ലഭിക്കണം; ഉമ്മര്‍ തണ്ടോറ

> **Lead Summary:** **കൂത്താളി:** കൂത്താളി ഗ്രാമ പഞ്ചായത്തില്‍ കോയ്യോടാന്‍ കണ്ടി ബാബുവിന്റെ ഭാര്യ കവിതയുടെ മരണം വളരെ വേദനിപ്പിക്കുന്ന അനുഭവമാണെന്ന് കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ പറഞ്ഞു. കുടുംബത്തിന് അര്‍ഹിക്കുന്ന നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

**കൂത്താളി:** കൂത്താളി ഗ്രാമ പഞ്ചായത്തില്‍ കോയ്യോടാന്‍ കണ്ടി ബാബുവിന്റെ ഭാര്യ കവിതയുടെ മരണം വളരെ വേദനിപ്പിക്കുന്ന അനുഭവമാണെന്ന് കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ പറഞ്ഞു. കുടുംബത്തിന് അര്‍ഹിക്കുന്ന നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാങ്ക് ലോണ്‍ തിരിച്ചടവ് വൈകിയതിന്റെ പേരില്‍ നടന്ന ജപ്തി നടപടികള്‍ക്കിടയിലാണ് ദുഃഖകരമായ സംഭവം ഉണ്ടായത്. ഗള്‍ഫില്‍ നിന്ന് തിരികെ വന്നതും രോഗവും ആ കുടുംബത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ചപ്പോള്‍ തിരിച്ചടവില്‍ വന്ന കാലതാമസം പലിശയും പിഴപ്പലിശയുമായി വര്‍ധിച്ച് വലിയ ബാധ്യതയായി മാറുകയായിരുന്നുവെന്നാണ് കുടുംബത്തില്‍ നിന്ന് മനസിലാക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.

ബാങ്ക് ഉദ്യോഗസ്ഥരോട് അഞ്ച് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടും അത് നല്‍കാതെ ഒരു വിധ കരുണയും കാണിക്കാതെ പെരുമാറിയെന്നാണ് കുടുംബം പറയുന്നത്. അത്തരമൊരു അനുഭവത്തിന്റെയും പ്രയാസത്തിന്റെയും ഇടയിലാണ് കവിതയെ നഷ്ടമായത്.

ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി കുടുംബം ആരോപിക്കുന്ന പരാതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഉമ്മര്‍ തണ്ടോറ ആവശ്യപ്പെട്ടു. നിയമവും ചട്ടവും നിലനില്‍ക്കുമ്പോഴും മനുഷ്യത്വത്തിനും പരിഗണന നല്‍കണം. കവിതയുടെ മരണ സമയത്ത് പോലും ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് ബുദ്ധിപൂര്‍വ്വം രക്ഷപ്പെടുകയാണുണ്ടായതെന്ന് കുടുംബം പറയുമ്പോള്‍ അത് നിസാരമായ കാര്യമല്ല. കൂടെ വന്ന പൊലീസുകാര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഈ വിഷയത്തിലും അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.

അമ്മ നഷ്ടമായി അനാഥമായ ആ കുടുംബത്തിന്റെ പ്രയാസം ഒരു നാടിന്റെ വേദനയാണ്. ബാധ്യതയായ ലോണ്‍ തുക മുഴുവനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എഴുതിത്തള്ളുകയും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും വേണം. കുടുംബത്തെ സഹായിക്കാന്‍ ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. എല്ലാവിധ സഹകരണവും ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉറപ്പ് നല്‍കുന്നതായും പ്രസിഡന്റ് പറഞ്ഞു.

സര്‍ഫാസി നിയമം എന്ന നീരാളി പിടുത്തത്തില്‍ പെട്ട് പ്രയാസപ്പെടുന്ന, വീടുകളില്‍ നിന്ന് ഗതിയില്ലാതെ ഇറങ്ങേണ്ടി വരുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം. ഇത്തരം ഘട്ടങ്ങളില്‍ മനുഷ്യ ജീവിതം ദുരന്തങ്ങളിലേക്ക് വഴിമാറാതിരിക്കാനും കരുതലും പരിരക്ഷയും നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര സര്‍ഫാസി നിയമത്തിന്റെ ഭാഗമായിട്ടാണ് ബാങ്കുകളും കോടതിയും ജപ്തി എന്ന മാര്‍ഗത്തിലേക്ക് നീങ്ങുന്നത്. മുതല്‍ തുകയേക്കാള്‍ എത്രയോ മടങ്ങ് തുക അടയ്ക്കാന്‍ ബാങ്കുകള്‍ പറയുമ്പോള്‍ പാവപ്പെട്ടവര്‍ നിസ്സഹായരായി മാറുന്ന അവസ്ഥയാണ് കാണുന്നത്. ജനാധിപത്യ സംവിധാനത്തില്‍ പൗരന്റെ ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുന്ന സാഹചര്യമാണിത്.

സാധാരണക്കാരെ ദ്രോഹിക്കുന്ന ഈ നിയമത്തിലെ വകുപ്പുകള്‍ മാറ്റുന്നതിന് വേണ്ടി പാര്‍ലമെന്റില്‍ ഈ വിഷയം ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഷാഫി പറമ്പില്‍ എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം അദ്ദേഹം ഉള്‍ക്കൊണ്ടിട്ടുണ്ട്. ഈ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഫാത്തിമ തഹലിയ എം.എല്‍.എയോട് പ്രത്യേകം ആവശ്യപ്പെടുക കൂടി ചെയ്യുന്നതായി ഉമ്മര്‍ തണ്ടോറ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391754/kavitha-death-family-needs-justice-ummer-thandora-koothali)