---
title: "ചാനിയംകടവ് പാലത്തില്‍ നിന്ന് പുഴയില്‍ വീണ ആളുടെ മൃതദേഹം കണ്ടെത്തി"
english_title: "Vadakara Thiruvallur Chaniyamkadavu Bridge Rajan Body Found River"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391815/vadakara-chaniyamkadavu-rajan-body-found-river"
published_at: "2026-11-16T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa9e4074725_po.JPG"
keywords: ["Vadakara", "Thiruvallur", "Chaniyamkadavu", "Rajan", "Body Found"]
---

# ചാനിയംകടവ് പാലത്തില്‍ നിന്ന് പുഴയില്‍ വീണ ആളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **വടകര:** തിരുവള്ളൂര്‍ ചാനിയംകടവ് പാലത്തില്‍ നിന്ന് പുഴയില്‍ വീണ ആളുടെ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ കരിമ്പാലന്‍കണ്ടി രാജന്റെ മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.

## Article Content

**വടകര:** തിരുവള്ളൂര്‍ ചാനിയംകടവ് പാലത്തില്‍ നിന്ന് പുഴയില്‍ വീണ ആളുടെ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ കരിമ്പാലന്‍കണ്ടി രാജന്റെ മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പാലത്തിന് മുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചെരുപ്പുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഒരാള്‍ പുഴയില്‍ ചാടിയതായി സംശയം ഉയരുകയായിരുന്നു. പാലത്തില്‍ ചെരുപ്പുകള്‍ കണ്ടതോടെ നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം രാത്രി തന്നെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവും ശക്തമായ ഒഴുക്കും കാരണം കണ്ടെത്താനായില്ല. ഇതോടെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വടകര ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391815/vadakara-chaniyamkadavu-rajan-body-found-river)