---
title: "കവിതയുടെ ആത്മഹത്യ; സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം കത്തിജ്വലിച്ചു"
english_title: "Kavitha Suicide Protest Erupts Before South Indian Bank Naduvannur, Attachment Stayed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391887/kavitha-suicide-protest-south-indian-bank-naduvannur"
published_at: "2026-11-16T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb1af6c3436_south.JPG"
keywords: ["Kavitha Suicide", "South Indian Bank", "Naduvannur", "Protest", "Koothali"]
---

# കവിതയുടെ ആത്മഹത്യ; സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം കത്തിജ്വലിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **കവിതയുടെ ആത്മഹത്യ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം കത്തിജ്വലിച്ചു. ബാങ്കിന്റെ ജപ്തി നടപടികളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൂത്താളി കുഞ്ഞോത്തെ കൊയ്യോടന്‍ കണ്ടി കവിതയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ കവിതയുടെ മൃതദേഹവുമായി നടുവണ്ണൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ നടത്തിയ സമരത്തില്‍ കവിതയുടെ ബന്ധുക്കളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

## Article Content

**നടുവണ്ണൂര്‍: **കവിതയുടെ ആത്മഹത്യ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം കത്തിജ്വലിച്ചു. ബാങ്കിന്റെ ജപ്തി നടപടികളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൂത്താളി കുഞ്ഞോത്തെ കൊയ്യോടന്‍ കണ്ടി കവിതയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ കവിതയുടെ മൃതദേഹവുമായി നടുവണ്ണൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ നടത്തിയ സമരത്തില്‍ കവിതയുടെ ബന്ധുക്കളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

കാലത്ത് 10 മണിയോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി ബാങ്കിന് മുന്നിലേക്ക് ഒഴുകിയെത്തി. 10.30 ഓടെ കവിതയുടെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് ബാങ്കിന് മുന്നിലെത്തിയതോടെ പ്രതിഷേധത്തിനും മുദ്രാവാക്യങ്ങള്‍ക്കും മൂര്‍ച്ച കൂടി. ജില്ലക്ക് അകത്തും പുറത്തു നിന്നു പോലും സര്‍ഫാസി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതിനിടയില്‍ പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹിലിയ, ബാലുശ്ശേരി എംഎല്‍എ വി.ടി സൂരജ് എന്നിവര്‍ എത്തി ബാങ്ക് അധികൃതരുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. ജില്ല കലക്ടര്‍ എത്തി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധം ആരംഭിച്ചതു മുതല്‍ സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ സമരക്കാര്‍ റോഡില്‍ ഇരുന്ന് ഗതാഗതം പൂര്‍ണമായും തടഞ്ഞു. നാലു മണിക്കൂര്‍ നേരം ഈ പാതയില്‍ വാഹന ഗതാഗതം സ്തംഭിച്ചു. പേരാമ്പ്ര എഎസ്പി ആര്‍തി ഐപിഎസ്, നാദാപുരം ഡിവൈഎസ്പി എം. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നു. പൊലീസ് റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ നടത്തിയ ശ്രമം പൊലീസും സമരക്കാരുമായി ഏറെ നേരത്തെ വാക്വാദത്തിന് ഇടയാക്കി.

എംഎല്‍എമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സബ്ബ് കലക്ടര്‍ പി.പി. അര്‍ച്ചന സ്ഥലത്തെത്തി. എംഎല്‍എമാരായ വി.ടി സൂരജ്, ഫാത്തിമ തഹിലിയ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മിനി വട്ടക്കണ്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഉമ്മര്‍ തണ്ടോറ, ഷൈജ മുരളി, ജില്ല പഞ്ചായത്ത് അംഗം കെ.കെ. ഹനീഫ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.ടി. സത്യന്‍, കെ.കെ. മണി, ജനകിയ കൂട്ടായ്മ നേതാക്കളായ എസ്.കെ. സജീഷ്, രാജന്‍ മരുതേരി, പ്രഫുല്‍ കൃഷ്ണ, എം. കുഞ്ഞമ്മദ്, ആര്‍.കെ. മുനീര്‍, രജീന്ദ്രന്‍ കപ്പള്ളി, കെ.എം ബാലകൃഷ്ണന്‍, രാജന്‍.കെ.പുതിയേടത്ത് തുടങ്ങിയവര്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി.

നീണ്ട ചര്‍ച്ചക്കൊടുവില്‍ ജപ്തി നടപടികര്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയും, കവിതയുടെ ആത്മഹത്യയിലേക്ക് നയിച്ച കുടുംബത്തിന്റെ കടം എഴുതി തള്ളുന്നത് അനിവര്യമാണെന്ന് മനസിലാക്കി കടം എഴുതി തള്ളുന്നതിന് ബാങ്കിന്റെ മേല്‍ അധികാരികള്‍ക്ക് അയച്ചു കൊടുക്കാനും തീരുമാനിച്ചു.

വിഷയത്തില്‍ ഡിസംബര്‍ 15 ന് ചേരുന്ന ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റില്‍ തീരുമാനമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവൊക്കാനും തീരുമാനിച്ചു. ഇതോടെ മൂന്ന് മണിക്ക് കവിതയുടെ മൃതദേഹവുമായി വീട്ടിലേക്ക് തിരിച്ചു.

പ്രതിഷേധ ജ്വാലക്ക് സി.കെ. രൂപേഷ്, മോഹന്‍ദാസ് ഓണിയില്‍, ധനേഷ് കാരയാട്, എം. മോഹനന്‍, കെ.പി. സജീഷ്, പി.എം. ബിന്ദു, കെ.കെ രജീഷ്, ടി.എം. ശശി, ആരുഷ് കാരായി, ജുബിന്‍ ബാലകൃഷ്ണന്‍, കെ.കെ ബിന്ദു, സി. രാജു, വേണുഗോപാല്‍ കുനിയില്‍, കെ.കെ. ഭാസ്‌ക്കരന്‍, സി.കെ. ബാലന്‍, കെ.എം. പുഷ്പ, രാഗേഷ് തറമ്മല്‍, കെ.എം സുരേന്ദ്രന്‍, കെ.പി. സുനില്‍ കുമാര്‍, ശശി കിഴക്കന്‍ പേരാമ്പ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ ദിവസം ജനകീയ കൂട്ടായ്മ ഭാരവാഹികളായ കെ.എം. ബാലകൃഷ്ണന്‍, കെ.കെ. മണി, രാജന്‍.കെ.പുതിയേടത്ത്, സി. രാജു, സി.കെ. ബാലന്‍ തുടങ്ങിയവരും ഷാഫി പറമ്പില്‍ എംപി ഓണ്‍ലൈനായും ബാങ്ക് അധുകൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391887/kavitha-suicide-protest-south-indian-bank-naduvannur)